ETV Bharat / state

'ചോദ്യങ്ങൾക്ക് സമയ ബന്ധിതമായി ഉത്തരം നൽകണം' ; ധനമന്ത്രിക്ക് സ്‌പീക്കറുടെ റൂളിങ്ങ്

author img

By ETV Bharat Kerala Team

Published : Feb 13, 2024, 3:18 PM IST

ധനമന്ത്രിക്ക് സ്‌പീക്കറുടെ റൂളിംഗ്  Speaker Ruling To Finance Minister  നിയമസഭ  സ്‌പീക്കർ എ എൻ ഷംസീർ
Questions Should Be Answered In Time Bound Manner, Speaker's Ruling To Finance Minister

ചോദ്യങ്ങൾക്ക് സമയ ബന്ധിതമായി ഉത്തരം നൽകണമെന്ന് ധനമന്ത്രിക്ക് സ്‌പീക്കറുടെ റൂളിങ്ങ്. പ്രതിപക്ഷ നേതാവിന്‍റെ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങൾക്ക് ധനമന്ത്രി മറുപടി നൽകാതെ മാറ്റിവയ്ക്കുന്നത് ശരിയായ നടപടിയല്ലെന്നും വിമർശനം.

തിരുവനന്തപുരം : ചോദ്യങ്ങൾക്ക് സമയ ബന്ധിതമായി ഉത്തരം നൽകണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാലിന് സ്‌പീക്കറുടെ റൂളിങ്ങ് (Speaker Ruling). ഈ വിഷയം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ക്രമപ്രശ്‌നമായി സ്‌പീക്കർ എ എൻ ഷംസീറിന്‍റെ ശ്രദ്ധയിൽ കൊണ്ടുവന്നതിന് പിന്നാലെയാണ് നടപടി. നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങൾക്ക് ധനമന്ത്രി മറുപടി നൽകാതെ മാറ്റിവയ്ക്കുന്നത് ശരിയായ നടപടിയല്ലെന്നും വിഷയത്തിൽ സ്‌പീക്കർ വിമർശിച്ചു.

15-ാം കേരള നിയമസഭയുടെ, കഴിഞ്ഞ ഒന്നുമുതല്‍ 9 വരെയുള്ള സമ്മേളനങ്ങളില്‍ ധനകാര്യമന്ത്രി മറുപടി പറയേണ്ട ആകെ 3199 നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളിൽ 256 എണ്ണത്തിന് മറുപടി നൽകിയിട്ടില്ല. നടപ്പുസമ്മേളനത്തില്‍ ആകെയുള്ള 199 നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളില്‍ ഒന്നിനുപോലും മറുപടി നൽകിയിട്ടില്ലെന്നും സ്‌പീക്കര്‍ പറഞ്ഞു.

സഭാ ചട്ടം 47 പ്രകാരം ചോദ്യോത്തര ദിവസത്തിന്‍റെ തൊട്ടുതലേദിവസം 5 മണിക്ക് മുമ്പായി ഉത്തരം ലഭ്യമാക്കേണ്ടതാണ്. ഇതിനുള്ളിൽ ഏതെങ്കിലും സാഹചര്യത്തിൽ ലഭ്യമാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഉപചട്ടം (2) പ്രകാരം 15 ദിവസത്തിനുള്ളിൽ മറുപടി നൽകിയാൽ മതി. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാൻ ഉപചട്ടം (2)ന്‍റെ പിന്‍ബലം സ്ഥിരമായി ഉപയോഗപ്പെടുത്തുന്നതിനോട് യോജിക്കുന്നില്ലെന്നും സ്‌പീക്കർ വിമർശിച്ചു. മറുപടി നല്‍കാനുള്ള എല്ലാ ചോദ്യങ്ങള്‍ക്കും എത്രയും പെട്ടെന്ന് മറുപടി നല്‍കണമെന്ന് റൂൾ ചെയ്യുന്നതായും സ്‌പീക്കർ നിയമസഭയെ അറിയിച്ചു.

കിഫ്‌ബി വിവരങ്ങൾ ലഭ്യമാക്കണം : കിഫ്ബിയുമായി ബന്ധപ്പെട്ട വാര്‍ഷിക റിപ്പോര്‍ട്ടും ഫിഡലിറ്റി സര്‍ട്ടിഫിക്കറ്റും പ്രത്യേകമായി തയ്യാറാക്കി കാലതാമസം കൂടാതെ തന്നെ നിയമസഭ സെക്രട്ടേറിയറ്റില്‍ ലഭ്യമാക്കണമെന്നും സ്‌പീക്കർ എ എൻ ഷംസീർ റൂള്‍ ചെയ്‌തു. ബജറ്റിൽ കിഫ്‌ബിയുടെ റിപ്പോർട്ട് ഉൾപ്പെടുത്താത്ത വിഷയവും പ്രതിപക്ഷ നേതാവാണ് ക്രമപ്രശ്‌നമായി സ്‌പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തിയത്. കിഫ്ബിയുടെ ധനാഗമ -വിനിയോഗ സ്‌റ്റേറ്റ്‌മെന്‍റും ഫിഡലിറ്റി സര്‍ട്ടിഫിക്കറ്റും ബജറ്റിനോടൊപ്പം സഭയില്‍ സമര്‍പ്പിക്കണമെന്ന് ദ കേരള ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവെസ്‌റ്റ്‌മെന്‍റ് ഫണ്ട്‌ ആക്‌ടിലെ സെക്ഷൻ 3 (8) ൽ പറയുന്നുണ്ട്.

ALSO READ : എക്‌സാലോജിക് വിഷയമുയർത്തി പ്രതിപക്ഷം ; നിയമസഭയിൽ കാറും കോളും

സഭാനടപടി ചട്ടം 166 ബി (3) പ്രകാരവും കിഫ്ബിയുടെ 2022 - 23-ലെ വാര്‍ഷിക റിപ്പോര്‍ട്ട് 2023 ൽ ലഭ്യമാക്കേണ്ടതായിരുന്നു. കാലതാമസമുണ്ടായാൽ ഡിലേ സ്‌റ്റേറ്റ്‌മെന്‍റ് സഹിതം ഇത് ലഭ്യമാക്കണം. വ്യത്യസ്‌ത സന്ദര്‍ഭങ്ങളില്‍ വേറിട്ട രീതികളില്‍ സമർപ്പിക്കേണ്ട കിഫ്‌ബിയുടെ ഈ രണ്ട് രേഖകളും ഒരുമിച്ചാണ് നിയമസഭാ സെക്രട്ടേറിയറ്റില്‍ ലഭ്യമാക്കിയത്. കിഫ്‌ബിയുടെ വാർഷിക റിപ്പോർട്ടും ഫിഡലിറ്റി സർട്ടിഫിക്കറ്റും കാലതാമസം കൂടാതെ പ്രത്യേകം തയ്യാറാക്കി നിയമസഭാ സെക്രട്ടേറിയറ്റിൽ ലഭ്യമാക്കണമെന്നും റൂളിങ്ങിലൂടെ സ്‌പീക്കർ നിർദേശിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.