ETV Bharat / state

'കേരളത്തിന്‍റെ സ്വന്തം കുടിവെള്ള ബ്രാൻഡ്‌ 'ഹില്ലി അക്വ' വിദേശരാജ്യങ്ങളിലേക്ക്'; മന്ത്രി റോഷി അഗസ്‌റ്റിന്‍

author img

By ETV Bharat Kerala Team

Published : Mar 7, 2024, 3:54 PM IST

Hilly Aqua Bottle Water  Hilly Aqua plant In Thodupuzha  ഹില്ലി അക്വ  കേരളത്തിന്‍റെ കുടിവെള്ള ബ്രാൻഡ്  മന്ത്രി റോഷി അഗസ്‌റ്റിന്‍
Hilly Aqua

തൊടുപുഴ ഹില്ലി അക്വാ പ്ലാന്‍റിന്‍റെയും ഫാക്‌ടറി ഔട്ട്ലെറ്റിന്‍റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിന്‍

കേരളത്തിന്‍റെ കുടിവെള്ള ബ്രാന്‍ഡായ ഹില്ലി അക്വ തൊടുപുഴയിൽ

ഇടുക്കി: കേരളത്തിന്‍റെ സ്വന്തം കുടിവെള്ള ബ്രാന്‍ഡായ ഹില്ലി അക്വ (Hilly Aqua) ഉടന്‍ തന്നെ വിദേശരാജ്യങ്ങളിലേക്ക്. പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ വിതരണത്തിന് എത്തിക്കുന്നതിനുള്ള ചര്‍ച്ച ഫലം കണ്ടുവരികയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിന്‍. നവീകരിച്ച തൊടുപുഴ ഹില്ലി അക്വാ പ്ലാന്‍റിന്‍റെയും ഫാക്‌ടറി ഔട്ട്ലെറ്റിന്‍റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ശുദ്ധജലം പരമാവധി ജനങ്ങളിലേക്ക് എത്തിക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമം. ഇനി മുതല്‍ അഞ്ച് ലിറ്ററിന്‍റെയും 20 ലിറ്ററിന്‍റെയും ജാറുകളില്‍ തൊടുപുഴയിലെ പ്ലാന്‍റില്‍ നിന്നും കുടിവെള്ളം ലഭ്യമാകുമെന്ന് മന്ത്രി അറിയിച്ചു. ജനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമുഴിയില്‍ ഹില്ലി അക്വ യൂണിറ്റ് ഉടന്‍ ആരംഭിക്കും.

ദക്ഷിണ റെയില്‍വേയുടെ സഹകരണത്തോടെ റെയില്‍വേ സ്‌റ്റേഷനുകളിലും കുപ്പിവെള്ള വിതരണം നടത്താന്‍ സാധിക്കുന്നുണ്ട്. ജലദൗര്‍ലഭ്യം തടയുന്നതിന് മികച്ച ജല സ്രോതസ്സുകളും ഉറവിടങ്ങളും കണ്ടെത്തി സംരക്ഷിക്കേണ്ടതുണ്ട്. വരുന്ന രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും കേരളത്തില്‍ ശുദ്ധജലം ഉറപ്പുവരുത്തും.

നമ്മുടെ സംസ്ഥാനത്ത് ശുദ്ധജല ലഭ്യമാക്കുന്നതിന് ജല അതോറിറ്റി മികച്ച പരിശ്രമം നടത്തി വരികയാണെന്നും അതിന്‍റെ ഭാഗമായി വലിയ പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജലവിഭവ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്‌ചര്‍ ഡെവലപ്മെന്‍റ്‌ കോര്‍പ്പറേഷനാണ് (KIIDC) 'ഹില്ലി അക്വ'യുടെ ഉല്‍പാദനവും വിതരണവും നടത്തുന്നത്.

2015ല്‍ ഒരു ലിറ്റര്‍ കുപ്പിവെള്ളം ഉല്‍പാദിച്ചാണ് തുടക്കം. തുടര്‍ന്ന് രണ്ടു ലിറ്ററിന്‍റെയും അര ലിറ്ററിന്‍റെയും കുപ്പിവെള്ളം ഉല്‍പാദനം തുടങ്ങി. 2020ല്‍ തിരുവനന്തപുരം അരുവിക്കരയിലും'ഹില്ലി അക്വ' പ്ലാന്‍റ്‌ തുറന്നിരുന്നു. അവിടെ തുടക്കത്തില്‍ 20 ലിറ്റര്‍ ജാര്‍ മാത്രമായിരുന്നു ഉല്‍പാദിപ്പിച്ചത്.

പിന്നീട് അര ലിറ്റര്‍, ഒരു ലിറ്റര്‍, രണ്ടുലിറ്റര്‍ കുപ്പിവെള്ളവും ഇവിടെ ഉല്‍പ്പാദിപ്പിച്ച് വിപണിയിലെത്തിച്ചു. ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് സ്വകാര്യ കമ്പനികള്‍ 20 രൂപ ഈടാക്കുമ്പോള്‍ 'ഹില്ലി അക്വ'യ്ക്ക് പതിനഞ്ചു രൂപയാണ് പരമാവധി വില്‍പന വില.

ഫാക്‌ടറി ഔട്‌ലെറ്റുകള്‍, റേഷന്‍ കടകള്‍, കണ്‍സ്യൂമര്‍ ഫെഡ് സ്‌റ്റോറുകള്‍, നീതി മെഡിക്കല്‍ സ്‌റ്റോറുകള്‍, ത്രിവേണി, ജയില്‍ ഔട്‌ലെറ്റുകള്‍ ഉള്‍പ്പെടെ തെരഞ്ഞെടുത്ത കൗണ്ടറുകളില്‍ നിന്ന് 10 രൂപയ്ക്ക് ഒരു ലിറ്റര്‍ കുപ്പിവെള്ളവും ലഭിക്കും.

അര ലിറ്റര്‍ കുപ്പിവെളളവും രണ്ടു ലിറ്റര്‍ കുപ്പിവെള്ളവും കുറഞ്ഞ നിരക്കില്‍ ഫാക്‌ടറി ഔട്‌ലെറ്റുകളില്‍ ലഭ്യമാണ്. കുപ്പിവെള്ളത്തിന് ആവശ്യകത വര്‍ധിച്ചതോടെ കഴിഞ്ഞ ഡിസംബര്‍ മുതല്‍ പ്ലാന്‍റുകളില്‍ അഡീഷണല്‍ ഷിഫ്റ്റുകള്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. 5, 20 ലിറ്റര്‍ ജാറുകളുടെ വിതരണം ആരംഭിക്കാനാണ് കിഡ്‌കിന്‍റെ ശ്രമം.

2022-23 സാമ്പത്തിക വര്‍ഷം 5.22 കോടി രൂപ വിറ്റുവരവ് നേടിയ ഹില്ലി അക്വ നടപ്പുസാമ്പത്തിക വര്‍ഷം ഇതുവരെ 7.6 കോടി രൂപ വിറ്റുവരവ് നേടിയിട്ടുണ്ട്. ഈ വര്‍ഷം 8.5 കോടി രൂപയാണ് കമ്പനി ലക്ഷ്യമിടുന്നത്. വൈവിധ്യവല്‍ക്കരണത്തിന്‍റെ ഭാഗമായി സോഡയും ശീതളപാനീയങ്ങളും ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യാന്‍ കിഡ്‌കിന് സര്‍ക്കാര്‍ അനുമതി നല്‍കി കഴിഞ്ഞു. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായി അധികൃതര്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.