ETV Bharat / state

കട്ടപ്പന ഇരട്ട കൊലപാതകം; വിജയന്‍റേതെന്ന് സംശയിക്കുന്ന മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി

author img

By ETV Bharat Kerala Team

Published : Mar 10, 2024, 4:23 PM IST

കട്ടപ്പനയിലെ ഇരട്ടക്കൊലപാതകത്തില്‍ മൃതദേഹാവശിഷ്‌ടങ്ങള്‍ കണ്ടെത്തി. വാടകവീട്ടിലെ തറകുഴിച്ച് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. കൂടുതല്‍ പരിശോധനകള്‍ തുടരുന്നു.

Kattappana double murder  body parts  Vijayan  കട്ടപ്പന ഇരട്ട കൊലപാതകം
Kattappana double murder; body parts recovered, suspicious it as Vijayan

കട്ടപ്പന ഇരട്ട കൊലപാതകം: വിജയന്‍റേതെന്ന് സംശയിക്കുന്ന മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി

ഇടുക്കി: കട്ടപ്പനയിൽ നവജാത ശിശുവിനെയും ഗൃഹനാഥനെയും കൊലപ്പെടുത്തിയ കേസിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. കക്കാട്ടുകടയിലെ വാടക വീടിലെ മുറിയുടെ തറ കുഴിച്ച് നടത്തിയ പരിശോധനയിലാണ് അവശിഷ്‌ടങ്ങള്‍ കിട്ടിയത്.

കൊല്ലപ്പെട്ട വിജയന്‍റേത് എന്ന് സംശയിക്കുന്ന തലയോട്ടിയും അസ്ഥികളുമാണ് കണ്ടെത്തിയത്.പാന്‍റ്സ്, ഷര്‍ട്ട്, ബെല്‍റ്റ് എന്നിവയുടെ ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. വിജയനെ കൊന്ന് മുറിക്കുള്ളില്‍ കുഴിച്ചിട്ടെന്നാണ് പ്രതിയുടെ മൊഴി. വിജയനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ചുറ്റികയും പൊലീസ് കണ്ടെത്തി. പ്രതി നിതീഷുമായി പൊലീസിന്‍റെ തെളിവെടുപ്പ് തുടരുകയാണ്.

കട്ടപ്പനയിലെ മോഷണക്കേസുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്ന നിതീഷിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് മോഷണക്കേസിൽ ഒപ്പം പിടിയിലായ വിഷ്‌ണുവിൻ്റെ അച്ഛൻ വിജയനെയും വിഷ്‌ണുവിൻ്റെ സഹോദരിയുടെയും നിതീഷിൻ്റെയും നവജാത ശിശുവിനെയും കൊലപ്പെടുത്തിയെന്ന് പ്രതി സമ്മതിച്ചത്. വിജയനെ കക്കാട്ടുകടയിൽ ഇവർ താമസിച്ചിരുന്ന വാടക വീട്ടിനുള്ളിൽ കുഴിച്ചിട്ടതായാണ് നിതീഷ് പൊലീസിന് നല്‍കിയ മൊഴി. നവജാത ശിശുവിനെ മുമ്പ് താമസിച്ചിരുന്ന സാഗര ജംഗ്ഷനിലുള്ള വീടിന് സമീപം കുഴിച്ചിട്ടുവെന്നും നിതീഷ് പൊലീസോട് പറഞ്ഞു.

2016 ലാണ് നീതീഷിൻ്റെ അഞ്ച് ദിവസം മാത്രം പ്രായമുണ്ടായിരുന്ന പിഞ്ച് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ആഭിചാര ക്രിയകളുടെ ഭാഗമായി നടന്ന കൊലപാതമാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. വിജയനെയും നവജാത ശിശുവിനെയും കൊലപ്പെടുത്തിയതിന് നിതീഷിനെതിരെ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിജയനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും മകനും ഉൾപ്പെടെ മൂന്ന് പ്രതികളാണുള്ളത്. നിതിഷ്, വിജയന്‍റെ ഭാര്യ സുമ, മകൻ വിഷ്‌ണു എന്നിവരാണ് പ്രതികൾ. ചുറ്റിക കൊണ്ട് തലക്കടിച്ചാണ് വിജയനെ കൊലപ്പെടുത്തിയതെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു. നവജാത ശിശുവിനെ കൊന്ന കേസിൽ നിതീഷ്, വിജയൻ, മകൻ വിഷ്‌ണു എന്നിവരാണ് പ്രതികൾ.

പ്രാഥമിക പോസ്റ്റ്‌മോർട്ടം സംഭവ സ്ഥലത്ത് നടത്തും. പിന്നീട് മൃതദേഹം വിദഗ്ദ്ധ പരിശോധനകൾക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റും. കുട്ടിയുടെ മൃതദേഹം മറവ് ചെയ്‌തിടത്തും ഉടൻ പരിശോധന നടത്തും. മാർച്ച്‌ രണ്ടിന് മോഷണ കേസുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണമാണ് ഇരട്ട കൊലപാതകത്തിലേക്ക് സൂചനകൾ നൽകിയത്.കാക്കട്ട്കടയിലെ വാടക വീട്ടിൽ കുഴിച്ചിട്ട മൃതദേഹം പൂർണ്ണമായും പുറത്തെടുത്തു. ചെറിയ കുഴിയിൽ ഇരിയ്ക്കുന്ന അവസ്ഥയിൽ മടക്കിയാണ് മൃത ദേഹം പ്രതി മറവു ചെയ്‌തിരുന്നത്. കട്ടപ്പനയിൽ മുൻപ് ഇവർ താമസിച്ചിരുന്ന വീട്ടിൽ മറവ് ചെയ്‌ത നവജാത ശിശുവിന്‍റെ മൃതദേഹവും കണ്ടെത്താനുള്ള നടപടികൾ തുടങ്ങി.

Also Read: കട്ടപ്പന ഇരട്ടക്കൊലപാതകം : മൃതദേഹം കുഴിച്ചിട്ട സ്ഥലത്തുനിന്ന് പാൻ്റും ബെൽറ്റും കണ്ടെത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.