ETV Bharat / state

കെ സുധാകരന്‍ തിരികെ കെപിസിസി തലപ്പത്തേക്ക്: തെരഞ്ഞെടുപ്പ് പ്രചാരണ വീഴ്‌ചകള്‍ അടിമുടി പരിശേധിക്കാന്‍ അവലോകന യോഗം ചേരും - KPCC President K Sudhakaran returns

author img

By ETV Bharat Kerala Team

Published : May 3, 2024, 4:22 PM IST

താത്കാലികമായി ചുമതലയൊഴിഞ്ഞ് കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ കെ സുധാകരന്‍ ചെറിയൊരിടവേളയ്ക്കു ശേഷം വീണ്ടും കോണ്‍ഗ്രസ് അദ്ധ്യക്ഷ പദത്തിലേക്ക് മടങ്ങിയെത്തുന്നു.
K SUDHAKARAN RETURNS  KPCC REVIEW MEETING  ELECTION CAMPAIGN FAILURES  കെ സുധാകരന്‍ കെപിസിസി പ്രസിഡന്‍റ്‌
KPCC PRESIDENT K SUDHAKARAN RETURNS (etv bharat network)

തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ്‌ സ്ഥാനത്തു നിന്ന് താത്കാലികമായി ചുമതലയൊഴിഞ്ഞ് കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ കെ സുധാകരന്‍ ചെറിയൊരിടവേളയ്ക്കു ശേഷം കോണ്‍ഗ്രസ് അദ്ധ്യക്ഷ പദത്തിലേക്ക് മടങ്ങിയെത്തുന്നു. നാളെ (മെയ് 4) ന് നിലവിലെ താത്കാലിക അദ്ധ്യക്ഷന്‍ എംഎം ഹസന്‍ വിളിച്ച അവലോകന യോഗത്തിനു ശേഷം സുധാകരന്‍ കെപിസിസി അദ്ധ്യക്ഷ പദത്തിലേക്ക് മടങ്ങിയെത്തും.

ഇതു സംബന്ധിച്ച് എഐസിസി നേതൃത്വം സുധാകരന് പച്ചക്കൊടി കാട്ടിയതായാണ് സൂചന. നാളെ അവലോകന യോഗത്തിനിടയിലോ അല്ലെങ്കില്‍ യോഗത്തിനു ശേഷമോ സുധാകരന്‍ ചുമതല ഏറ്റെടുക്കും. ഏപ്രില്‍ 26 ന് തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഏപ്രില്‍ 29 ന് ചുമതല ഏറ്റെടുക്കാനുള്ള നിര്‍ദ്ദേശമാണ് സുധാകരന് എഐസിസി നേതൃത്വത്തില്‍ നിന്നുണ്ടായതെങ്കിലും തെരഞ്ഞെടുപ്പിനു തൊട്ടു പിന്നാലെ ആക്‌ടിങ് പ്രസിഡന്‍റ്‌ എംഎം ഹസന്‍ അവലോകന യോഗം വിളിച്ചതോടെ തീരുമാനം മാറ്റി.

നാളത്തെ അവലോകന യോഗത്തില്‍ എംഎം ഹസന്‍ അദ്ധ്യക്ഷത വഹിക്കും. ലോക്‌സഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികള്‍, മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, എംഎല്‍എമാര്‍, ഡിസിസി പ്രസിഡന്‍റുമാര്‍ എന്നിവരാണ് നാളത്തെ യോഗത്തില്‍ പ്രധാനമായും പങ്കെടുക്കുക. ഇതിനു പുറമേ കേരളത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കെസി വേണുഗോപാല്‍, കെപിസിസി രാഷ്‌ട്രീയ കാര്യ സമിതി അംഗങ്ങള്‍ എന്നിവരും യോഗത്തിനെത്തും.

യോഗത്തില്‍ പൊതുവേ ചൂടും പുകയും ഉയരുമെന്നാണ് സൂചനകള്‍. പല ജില്ലാ കോണ്‍ഗ്രസ് കമ്മറ്റികളും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സമ്പൂര്‍ണ പരാജയമായിരുന്നു എന്നൊരഭിപ്രായം മിക്ക സ്ഥാനാര്‍ഥികള്‍ക്കുമുണ്ട്. പരസ്യമായി വിഴുപ്പലക്കാനില്ലെങ്കിലും ചില സ്ഥാനാര്‍ഥികള്‍ ഡിസിസി പ്രസിഡന്‍റുമാര്‍ക്കെതിരെ എഐസിസിക്ക് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പില്‍ ബൂത്തുകള്‍ക്കു വിതരണം ചെയ്യാന്‍ കെപിസിസി ഏല്‍പ്പിച്ച പണത്തിന്‍റെ വിതരണത്തില്‍ ക്രമക്കേടുകളുണ്ടായതായ പരാതികളും ചിലയിടങ്ങളിലുണ്ട്‌. ഇതു സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങള്‍ യോഗത്തിലുയരുമെന്നാണ് സൂചന.

Also Read: ജയരാജനെ തൊട്ടാൽ കൊട്ടാരം കത്തും, യോഗശേഷം അദ്ദേഹം പുറത്തുവന്നത് ക്രിക്കറ്റില്‍ സെഞ്ച്വറിയടിച്ച സന്തോഷത്തോടെ : കെ സുധാകരന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.