ETV Bharat / state

കോണ്‍സ്റ്റബിള്‍ നിയമനം; 'മുഴുവന്‍ ഒഴിവുകളും പിഎസ്‌സിയ്‌ക്ക് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്': മുഖ്യമന്ത്രി

author img

By ETV Bharat Kerala Team

Published : Mar 14, 2024, 10:35 PM IST

CM About Constable Recruitment  Kerala PSC  Police Constable Recruitment  Kerala Police
CM Pinarayi Vijayan About Kerala Police Constable Recruitment

കേരളത്തിലെ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്‌തികയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒഴിവുള്ള തസ്‌തികയെ കുറിച്ച് പിഎസ്‌സിക്ക് വിവരം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം. പബ്ലിക് സര്‍വീസ് കമ്മിഷനില്‍ നിന്ന് ലഭിച്ചത് 5279 നിയമന ശിപാര്‍ശകള്‍.

തിരുവനന്തപുരം: പൊലീസ് കോണ്‍സ്റ്റബിള്‍ തസ്‌തികയില്‍ നിലവില്‍ ലഭ്യമായ എല്ലാ ഒഴിവുകളും പിഎസ്‌സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവശേഷിക്കുന്ന നിയമന ശിപാര്‍ശകളില്‍ വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. തലസ്ഥാനത്ത് വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പുരുഷ വനിത വിഭാഗങ്ങള്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് എന്നിവയ്ക്കായി ആകെ 5635 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. പബ്ലിക് സര്‍വീസ് കമ്മിഷനില്‍ നിന്നും 5279 നിയമന ശിപാര്‍ശകള്‍ ലഭിച്ചിട്ടുണ്ട്. നിയമന ശിപാര്‍ശ ലഭിക്കുകയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്‌ത 3595 പേര്‍ പരിശീലനം നേടിവരുന്നുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയില്‍ വനിത വിഭാഗത്തിനുളള 50 ഒഴിവുകള്‍ ഉള്‍പ്പെടെ 356 ഒഴിവുകളില്‍ നിയമന ശിപാര്‍ശയ്ക്കുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുരുഷ വിഭാഗത്തിനുള്ള റാങ്ക് പട്ടിക കഴിഞ്ഞ ഏപ്രിലിലാണ് നിലവില്‍ വന്നത്. ഈ വിഭാഗത്തില്‍ 4325 ഒഴിവുകളും വനിത വിഭാഗത്തില്‍ 744 ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്‌തു. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തിനായി 557 ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതില്‍ 2017ലെ ഉത്തരവ് പ്രകാരം പട്ടിക വര്‍ഗ്ഗ വിഭാഗത്തിന്‍റെ പ്രാതിനിധ്യക്കുറവ് പരിഹരിക്കുന്നതിനുള്ള 396 തസ്‌തികകളും മുന്‍ റിക്രൂട്ട്മെന്‍റിനെ തുടര്‍ന്നുണ്ടായ 31 ഒഴിവുകളും ഉള്‍പ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

2023ലെ ഉത്തരവ് പ്രകാരം 200 വനിത തസ്‌തികകള്‍ ഉള്‍പ്പെടെ 1400 താത്‌കാലിക പൊലീസ് കോണ്‍സ്റ്റബിള്‍ ട്രെയിനി തസ്‌തികകള്‍ അടക്കം കഴിഞ്ഞ ജൂലൈയില്‍ ഒരു വര്‍ഷത്തേയ്ക്ക് സ്യഷ്‌ടിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഈ വര്‍ഷം ജനുവരി 6 വരെ ഉണ്ടാകാവുന്ന ഒഴിവുകള്‍ കൂടി മുന്‍കൂറായി പബ്ലിക് സര്‍വീസ് കമ്മിഷന് റിപ്പോര്‍ട്ട് ചെയ്‌തു. ഇതുവഴി 1400 തസ്‌തികകളിലേക്കുള്ള നിയമന ശിപാര്‍ശകളും മുന്‍കൂറായി ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ ജനുവരി 5ലെ ഉത്തരവ് പ്രകാരം സൈബര്‍ ഡിവിഷന്‍ രൂപീകരിച്ചത് വഴിയുണ്ടായ 155 ഒഴിവുകളിലേയ്ക്കും നിയമന ശിപാര്‍ശ ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.