ETV Bharat / state

'അനില്‍ ആന്‍റണിക്ക് 25 ലക്ഷം, ശോഭ സുരേന്ദ്രന് 10 ലക്ഷം'; തെളിവുകൾ പുറത്തുവിട്ട് ദല്ലാള്‍ നന്ദകുമാര്‍ - BRIBERY AGAINST ANIL ANTONY

author img

By ETV Bharat Kerala Team

Published : Apr 23, 2024, 2:10 PM IST

Updated : Apr 23, 2024, 4:50 PM IST

DALLAL NANDAKUMAR  ANIL ANTHONY  SOBHA SURENDRAN  പി ജെ കുര്യന്‍
അനില്‍ ആന്‍റണിക്കെതിരെയുള്ള കോഴ ആരോപണത്തിൽ തെളിവുകൾ പുറത്ത് വിട്ട് ദല്ലാള്‍ നന്ദകുമാര്‍

അനില്‍ ആന്‍റണിക്ക് 25 ലക്ഷം നല്‍കിയതിന്‍റെ തെളിവ് പുറത്തുവിട്ട് ദല്ലാള്‍ നന്ദകുമാര്‍. ശോഭ സുരേന്ദ്രന്‍ 10 ലക്ഷം വാങ്ങിയതിന്‍റെ റെസീപ്‌റ്റും പുറത്തുവിട്ടു.

ന്യൂഡല്‍ഹി : അനില്‍ ആന്‍റണിക്കെതിരെയുള്ള കോഴ ആരോപണത്തില്‍ തെളിവുകളുമായി ദല്ലാള്‍ നന്ദകുമാര്‍ എന്ന ടി ജെ നന്ദകുമാര്‍. അനിലിനെ കാണാന്‍ 10 വര്‍ഷം മുന്‍പ് ഡല്‍ഹി സാഗര ഹോട്ടലിന് മുന്നില്‍ ദുബായ് ഡ്യൂട്ടി പെയ്‌ഡിന്‍റെ കവറില്‍ പണവുമായി കാത്തുനിന്നിരുന്നുവെന്ന് അവകാശപ്പെടുന്ന ചിത്രം അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പുറത്തുവിട്ടു. തൃശൂരില്‍ സ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ട് ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന് 10 ലക്ഷം രൂപ നൽകിയതിന്‍റെ തെളിവും നന്ദകുമാര്‍ പുറത്തുവിട്ടു.

പണം കൈമാറിയ എസ്ബിഐ ബാങ്കിന്‍റെ റെസീപ്റ്റാണ് പുറത്തുവിട്ടത്. റെസീപ്റ്റില്‍ പരാമര്‍ശിക്കുന്ന ശോഭന സുരേന്ദ്രന്‍ ശോഭ സുരേന്ദ്രനാണെന്ന് നന്ദകുമാര്‍ അവകാശപ്പെട്ടു. തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കൂടിയായ അനില്‍ ആന്‍റണിക്കെതിരെയും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനെതിരെയും വക്കീല്‍ നോട്ടീസയച്ചതായും നന്ദകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അനില്‍ ആന്‍റണിക്ക് പണം നല്‍കിയ ദുബായ് ഡ്യൂട്ടി പെയ്‌ഡിന്‍റെ കവറും വാര്‍ത്താസമ്മേളനത്തില്‍ ഹാജരാക്കി. തന്‍റെ കേസ് നടത്തുന്ന വക്കീലിനെ സിബിഐയുടെ സ്‌റ്റാൻഡിങ് കൗണ്‍സിലാക്കുന്നതിനാണ് അനില്‍ ആന്‍റണി 25 ലക്ഷം രൂപ കൈപ്പറ്റിയത്. ഇത് പിന്നീട് 5 ഗഡുക്കളായി തിരിച്ചുനൽകി. പണം നൽകുന്നതിന്‍റെ ഫോട്ടോയും വീഡിയോയുമെടുത്തത് മുന്‍ ഡ്രൈവറാണ്. അതുകൊണ്ടാണ് അനില്‍ ആന്‍റണിയെ നേരിടാനാകുന്നത്. എന്‍ഡിഎ വന്നാല്‍ അനില്‍ ആന്‍റണിയെയും ഇന്ത്യാസഖ്യം വന്നാല്‍ എ കെ ആന്‍റണിയെയും നേരിടേണ്ടി വരുമെന്നറിയാം. ഇവര്‍ കേസുമായി വന്നാലേ ഫലപ്രദമായി കാര്യങ്ങള്‍ തെളിയിക്കാനാകൂ.

പണം നല്‍കിയ താനും നിയമത്തിന് മുന്നില്‍ തെറ്റുകാരനാണ്. ഡല്‍ഹി സാഗര ഹോട്ടലിന് പുറത്ത് അനില്‍ ആന്‍റണിക്ക് കാശ് നൽകാനായി എത്തി. താൻ അവിടെ എത്തിയോ എന്ന് അറിയാന്‍ അനില്‍ ആന്‍റണി 6 തവണ വിളിച്ചിരുന്നുവെന്നും നന്ദകുമാർ സൂചിപ്പിച്ചു. ആന്‍ഡ്രൂസ് ആന്‍റണി എന്ന ഇടനിലക്കാരനൊപ്പമാണ് വന്നത്. ഈ ആന്‍ഡ്രൂസ് ആന്‍റണി പ്രധാനമന്ത്രിക്കും അനില്‍ ആന്‍റണിക്കുമൊപ്പം നില്‍ക്കുന്ന ചിത്രവും നന്ദകുമാര്‍ പുറത്തുവിട്ടു.

ഇന്ത്യാസഖ്യം വന്നാല്‍ ഇവര്‍ രണ്ടുപേരും അതിന്‍റെ ഭാഗമാകുമെന്നും നന്ദകുമാര്‍ പറഞ്ഞു. ശോഭ സുരേന്ദ്രന്‍ 10 ലക്ഷം രൂപ വാങ്ങിയെങ്കിലും തിരിച്ച് നല്‍കിയില്ല. ശോഭന സുരേന്ദ്രന്‍ എന്നാണ് അക്കൗണ്ടിലെ പേര്. ശോഭ സുരേന്ദ്രനാണിതെന്ന് സംശമില്ല. പണം നൽകിയതിന്‍റെ റെസീപ്റ്റിന്‍റെ ഫോട്ടോയും പുറത്തുവിട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് നന്ദകുമാറിന് ലഭിച്ച നോട്ടീസും വാര്‍ത്താസമ്മേളനത്തില്‍ കാണിച്ചു. തൃശൂരുള്ള ഭൂമി കച്ചവടവുമായി ബന്ധപ്പെട്ടാണ് ശോഭ സുരേന്ദ്രന്‍ പണം കൈപ്പറ്റിയത്. സ്ഥലം കാണാന്‍ ചെന്നപ്പോള്‍ മറ്റുള്ളവരില്‍ നിന്നും അവർ പണം വാങ്ങിയതായി തിരിച്ചറിഞ്ഞു. 2023 ജനുവരി 4 ന് എഗ്രിമെന്‍റ് ഇല്ലാതെയാണ് പണം നൽകിയത്.

ആധാരത്തിന്‍റെ കോപ്പി ലഭിച്ചിരുന്നു. എന്നാൽ അന്ന് മുതല്‍ പണം തിരികെ ആവശ്യപ്പെട്ടിട്ടും നൽകിയില്ല. ഇന്നുവരെ മറുപടിയുമില്ല. ശോഭ സുരേന്ദ്രന്‍ നേരിട്ടാണ് വിളിച്ചത്. തന്‍റെ മാതാവിന്‍റെ 81 -ാം പിറന്നാളാഘോഷത്തിനും ശോഭ സുരേന്ദ്രനെത്തിയിരുന്നു. പി ടി തോമസുമായും നല്ല ബന്ധമാണ് തനിക്കുള്ളതെന്നും നന്ദകുമാർ വ്യക്തമാക്കി.

താന്‍ ദല്ലാളെന്നും കുഴപ്പക്കാരനെന്നും പറയുന്ന ഇവരാണ് യഥാര്‍ഥ കുഴപ്പക്കാര്‍. ഇത് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുവേണ്ടിയാണ് താന്‍ തെളിവുകള്‍ പുറത്തുവിടുന്നത്. തന്‍റെ പേരില്‍ കേരളത്തില്‍ എഫ്‌ഐആര്‍ ഒന്നുമില്ല. ബാക്കി തെളിവുകളും പുറത്തുവിടും.

പത്ത് കൊല്ലം മുമ്പാണ് അനിലുമായി ഇടപാട് നടന്നത്. ആന്‍റോ ആന്‍റണിയുമായി തനിക്ക് യാതൊരു ബന്ധവുമില്ല. പി ജെ ജോസഫുമായി ബന്ധമുണ്ട്. കേസിലേക്ക് വന്നാല്‍ കുര്യനും താനും ഉള്‍പ്പെടും. തനിക്ക് അനിലിന്‍റെ മണ്ഡലത്തില്‍ വോട്ടില്ല. അനില്‍ നിഷ്‌കളങ്കനല്ല. അദ്ദേഹത്തില്‍ കളങ്കമുണ്ട്.

അനില്‍ സൂപ്പര്‍ ദല്ലാളാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് വീണ്ടും കൂടുതല്‍ തെളിവുകള്‍ പുറത്തുവിടും. അല്ലെങ്കില്‍ ഇത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമെന്ന് ദുര്‍വ്യാഖ്യാനം ചെയ്യപ്പെടും. എന്നെ അറിയില്ലെന്ന് അനില്‍ പറഞ്ഞിട്ടില്ല. ഞാന്‍ ശല്യപ്പെടുത്തിയെന്ന് അനില്‍ തന്നെ പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപകീര്‍ത്തി കേസ് എങ്ങനെ നടത്തണമെന്ന് താന്‍ കാണിക്കാം. പി ടി തോമസും പി ജെ കുര്യനും വഴിയാണ് പണം തിരികെ ലഭിച്ചത്. കേസിലേക്ക് പോയാല്‍ പി ടി തോമസ് മരിച്ചത് കൊണ്ട് പി ജെ കുര്യന്‍ ഒന്നാം സാക്ഷിയാകും. ക്രിമിനല്‍ കേസ് എടുത്താലും ആപകീര്‍ത്തി കേസെടുത്താലും പി ജെ കുര്യന്‍ ഒന്നാം സാക്ഷിയാണെന്നും ടി ജെ നന്ദകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Last Updated :Apr 23, 2024, 4:50 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.