ETV Bharat / sports

മുംബൈയില്‍ ക്ലിക്കായിട്ടില്ല, പക്ഷേ ഗുജറാത്ത് ഹാര്‍ദിക്കിനെ മിസ് ചെയ്യുന്നു : ആകാശ് ചോപ്ര - Aakash Chopra On Gujarat Titans

author img

By ETV Bharat Kerala Team

Published : Apr 18, 2024, 4:11 PM IST

IPL 2024  GT VS DC  HARDIK PANDYA  ഗുജറാത്ത് ടൈറ്റൻസ്
AAKASH CHOPRA ON GUJARAT TITANS

ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റൻസിന്‍റെ തോല്‍വിയില്‍ ആകാശ് ചോപ്രയുടെ പ്രതികരണം

അഹമ്മദാബാദ് : ഐപിഎല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്‌ചവയ്‌ക്കാൻ പാടുപെടുകയാണ് മുൻ ചാമ്പ്യന്മാരും കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളുമായ ഗുജറാത്ത് ടൈറ്റൻസ്. സീസണിലെ ആദ്യ ഏഴ് മത്സരം പൂര്‍ത്തിയായപ്പോള്‍ മൂന്ന് ജയം മാത്രം നേടിയ അവര്‍ നാല് കളികളില്‍ പരാജയപ്പെട്ടു. നിലവില്‍, പോയിന്‍റ് പട്ടികയില്‍ ഏഴാമതാണ് ഗുജറാത്ത് ടൈറ്റൻസിന്‍റെ സ്ഥാനം.

അവസാന മത്സരത്തില്‍ സ്വന്തം ഹോം ഗ്രൗണ്ടില്‍ ഡല്‍ഹി കാപിറ്റല്‍സിനോട് നാണംകെട്ട തോല്‍വിയും ഗുജറാത്തിന് വഴങ്ങേണ്ടി വന്നിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത് ഗുജറാത്തിന് 89 റണ്‍സായിരുന്നു നേടാനായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി കാപിറ്റല്‍സ് 8.5 ഓവറില്‍ മത്സരം സ്വന്തമാക്കുകയും ചെയ്‌തു.

ഈ തോല്‍വിക്ക് പിന്നാലെ ഗുജറാത്ത് ടൈറ്റൻസ് ശരിക്കും മിസ് ചെയ്യുന്നത് അവരുടെ മുൻ നായകൻ ഹാര്‍ദിക് പാണ്ഡ്യയെ ആണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻതാരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. ഹാര്‍ദിക്കിന്‍റെ അഭാവം നികത്താൻ ഗുജറാത്ത് ടൈറ്റൻസിന് സാധിച്ചിട്ടില്ലെന്നും ടീമിലെ ആ വിള്ളല്‍ ഡല്‍ഹിക്കെതിരായ തോല്‍വിയോടെ കൂടുതല്‍ പ്രകടമായെന്നുമായിരുന്നു ആകാശ് ചോപ്രയുടെ പ്രതികരണം.

'ഹാര്‍ദിക് പാണ്ഡ്യയുടെ വരവ് മുംബൈ ഇന്ത്യൻസിന് വലിയ ഗുണങ്ങളൊന്നും ഇതുവരെ ചെയ്‌തിട്ടില്ല. എന്നാല്‍, അദ്ദേഹത്തിന്‍റെ അഭാവം ഗുജറാത്ത് ടൈറ്റൻസിനെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്'- ആകാശ് ചോപ്ര എക്‌സില്‍ കുറിച്ചു.

2022, 2023 വര്‍ഷങ്ങളില്‍ ഗുജറാത്ത് ടൈറ്റൻസിന്‍റെ ക്യാപ്‌റ്റനായിരുന്നു ഹാര്‍ദിക് പാണ്ഡ്യ. ഐപിഎല്ലിലേക്ക് ഗുജറാത്ത് ടൈറ്റൻസ് അരങ്ങേറ്റം നടത്തിയ ആദ്യ സീസണില്‍ തന്നെ അവരെ കിരീടത്തിലേക്ക് എത്തിക്കാൻ ഹാര്‍ദിക്കിനായിരുന്നു. എന്നാല്‍, ഈ ഐപിഎല്‍ സീസണിന് മുന്നോടിയായി താരം ടീം വിടുകയായിരുന്നു. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഏറെ ചര്‍ച്ചയായ പ്ലെയര്‍ ട്രേഡിങ്ങിലൂടെ മുംബൈ ഇന്ത്യൻസായിരുന്നു താരത്തെ സ്വന്തമാക്കിയത്.

അതേസമയം, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഡല്‍ഹിക്കെതിരായ മത്സരത്തില്‍ കൂട്ടത്തകര്‍ച്ചയാണ് ഗുജറാത്ത് ടൈറ്റൻസിന് നേരിടേണ്ടി വന്നത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഗുജറാത്തിന് ഡല്‍ഹിയുടെ ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഗുജറാത്ത് നിരയില്‍ മൂന്ന് പേര്‍ മാത്രമായിരുന്നു രണ്ടക്കം കടന്നതും.

Read More: അഹമ്മാദാബാദില്‍ നാണം കെട്ട് ഗുജറാത്ത് ടൈറ്റൻസ്, ഡല്‍ഹി കാപിറ്റല്‍സിന് അനായാസ ജയം - GT Vs DC IPL 2024 Highlights

24 പന്തില്‍ 31 റണ്‍സ് നേടിയ റാഷിദ് ഖാൻ ആയിരുന്നു മത്സരത്തില്‍ ഗുജറാത്തിന്‍റെ ടോപ് സ്കോറര്‍. സായ് സുദര്‍ശൻ (12), രാഹുല്‍ തെവാട്ടിയ (10) എന്നിവരായിരുന്നു രണ്ടക്കം കടന്ന മറ്റ് ഗുജറാത്ത് ബാറ്റര്‍മാര്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.