ETV Bharat / sports

അഹമ്മാദാബാദില്‍ നാണം കെട്ട് ഗുജറാത്ത് ടൈറ്റൻസ്, ഡല്‍ഹി കാപിറ്റല്‍സിന് അനായാസ ജയം - GT vs DC IPL 2024 Highlights

author img

By ETV Bharat Kerala Team

Published : Apr 18, 2024, 6:20 AM IST

DELHI CAPITALS  GUJARAT TITANS  IPL 2024 POINTS TABLE  ഗുജറാത്ത് VS ഡല്‍ഹി
GT VS DC

ഐപിഎല്ലില്‍ ഗുജറാത്തിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി ഡല്‍ഹി കാപിറ്റല്‍സ്.

അഹമ്മദാബാദ്: നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആതിഥേയരായ ഗുജറാത്ത്‌ ടൈറ്റൻസിനെ എറിഞ്ഞൊതുക്കി തകർപ്പൻ ജയം സ്വന്തമാക്കി ഡൽഹി കാപിറ്റൽസ്. ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത്‌ 89 റൺസിൽ തകർന്നടിഞ്ഞപ്പോൾ മറുപടി ബാറ്റിങ്ങിൽ ഡൽഹി 8.5 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ 92 റണ്‍സടിച്ച് ജയം നേടുകയായിരുന്നു. സീസണിൽ ഡൽഹിയുടെ മൂന്നാമത്തെ ജയമാണിത്.

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത്‌ 17.3 ഓവറിൽ 89 റൺസിൽ ഓൾഔട്ട്‌ ആകുകയായിരുന്നു. 24 പന്തിൽ 31 റൺസ് നേടിയ റാഷിദ്‌ ഖാൻ ഒഴികെ മറ്റാർക്കും ഗുജറാത്ത്‌ നിരയിൽ പിടിച്ചുനിൽക്കാനായില്ല. മത്സരത്തിന്‍റെ രണ്ടാം ഓവറിൽ നായകൻ ശുഭ്‌മാൻ ഗില്ലിനെയാണ് അവർക്ക് ആദ്യം നഷ്‌ടമായത്.

ആറ് പന്തിൽ എട്ട് റൺസായിരുന്നു ഗില്ലിന്‍റെ സാമ്പാദ്യം. ഇഷാന്ത്‌ ശർമയ്ക്കായിരുന്നു വിക്കറ്റ്. നാലാം ഓവറിൽ വൃദ്ധിമാൻ സാഹ (10 പന്തിൽ 2) മടങ്ങി. പിന്നാലെ, സായ് സുദർശൻ (12), ഡേവിഡ് മില്ലർ (2) എന്നിവര്‍ അഞ്ചാം ഓവറിലും കൂടാരം കയറി.

അഭിഷേക് മനോഹർ (8), രാഹുൽ തെവാട്ടിയ (10), ഷാരുഖ് ഖാൻ (0), മോഹിത് ശർമ (2), നൂർ അഹമ്മദ് (1) എന്നിവരാണ് പുറത്തായ മറ്റ് ഗുജറാത്ത്‌ താരങ്ങൾ. സ്പെൻസർ ജോൺസൺ (1*) പുറത്താകാതെ നിന്നു. മത്സരത്തിൽ ഡൽഹിക്കായി മുകേഷ് കുമാർ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. ഇഷാന്ത് ശര്‍മ, ട്രിസ്റ്റണ്‍ സ്റ്റബ്‌സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിൽ ഡൽഹിക്കും രണ്ടാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്‌ടമായിരുന്നു. 10 പന്തിൽ 20 റൺസ് നേടിയ ജേക്ക് ഫ്രേസർ മക്‌ഗുർക്കിനെ സ്പെൻസർ ജോൺസൺ ആണ് പുറത്താക്കിയത്. മൂന്നാം ഓവറിൽ പ്രിത്വി ഷാ (6 പന്തില്‍ ഏഴ്) മടങ്ങിയെങ്കിലും അഭിഷേക് പോറെലും ഷായ് ഹോപ്പും ചേർന്ന് പവർപ്ലേയിൽ ഡൽഹി സ്കോർ ഉയർത്തി.

അഞ്ച് ഓവറിൽ സ്കോർ 65ൽ നിൽക്കെ അഭിഷേക് പോറെലിന്‍റെ (7 പന്തിൽ 15) വിക്കറ്റ് സന്ദീപ് വാര്യർ നേടി. അടുത്ത ഓവറിൽ ഷായ് ഹോപ്‌ (10 പന്തിൽ 19) മടങ്ങിയെങ്കിലും നായകൻ റിഷഭ് പന്തും (10 പന്തിൽ 16) സുമിത് കുമാറും ചേർന്ന് ഡൽഹിയെ ജയത്തിലേക്ക് എത്തിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.