ETV Bharat / bharat

ചെങ്കടല്‍ പ്രതിസന്ധി: പ്രാദേശിക പ്രതിരോധ ശക്തി എന്നതില്‍ നിന്ന് ആഗോള ശക്തി എന്ന പദവിയിലേക്ക് ഇന്ത്യ ഉയരുന്നതിങ്ങനെ... - Red sea Crisis and Indian Navy

author img

By ETV Bharat Kerala Team

Published : Apr 3, 2024, 10:25 PM IST

RED SEA CRISIS  HOUTHI ATTACK IN RED SEA  INDIAN NAVY  ISRAEL HAMAZ WAR
RED SEA CRISIS AND INDIAN NAVY

ഇന്ത്യന്‍ നാവിക സേനയുടെ കടൽക്കൊള്ള വിരുദ്ധ പ്രവർത്തനങ്ങളുടെ കൃത്യതയും ഫലപ്രാപ്‌തിയും ഇന്ത്യയുടെ ആഗോള തലത്തിലുള്ള മുഖചച്‌ഛായ എങ്ങനെ മാറ്റുന്നു എന്നതിനെ കുറിച്ച് ഡോ. രാവല്ല ഭാനു കൃഷ്‌ണ കിരൺ എഴുതുന്നു.

സ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ് ഏദൻ ഉൾക്കടലിലെയും ചെങ്കടൽ വഴിയുമുള്ള ചരക്ക് ഗതാഗതത്തില്‍ ഹൂതി വിമതര്‍ ഭീഷണി ഉയര്‍ത്തുന്നത്. ഇത് മുതലെടുത്ത് സൊമാലിയൻ കടൽ കൊള്ളക്കാരുടെ അതിക്രമങ്ങളും വർധിച്ചു വരികയാണ്. കടൽ കൊള്ളക്കാരുടെ ആക്രമണം 2018 മുതൽ 2023 അവസാനം വരെ തുടര്‍ന്നു. ചെങ്കടലിലെ ഹൂതി ആക്രമണം നേരിടാൻ യുഎസും മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ചേര്‍ന്ന് ഓപ്പറേഷൻ പ്രോസ്‌പരിറ്റി ഗാർഡിയൻ, ഓപ്പറേഷൻ ആസ്പൈഡ്‌സ് തുടങ്ങിയ പദ്ധതികളുടെ തിരക്കില്‍ മുഴുകുമ്പോള്‍ ആഫ്രിക്കയുടെ കിഴക്കൻ തീരത്ത് കടൽക്കൊള്ളയുടെ പുനരുജ്ജീവനം തകൃതിയായി നടക്കുകയാണ്.

നിർണായകമായ ഈ കപ്പൽ പാത സംരക്ഷിക്കാന്‍ ഇന്ത്യൻ നാവികസേന സൊമാലിയയ്ക്ക് പുറത്തുള്ള കടലില്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്. കടല്‍ കൊള്ളക്കാരെ നേരിടുന്നതില്‍ 20 വർഷത്തെ അനുഭവ സമ്പത്തും കഴിവുമുഉള്ള ഇന്ത്യൻ നാവികസേന മർച്ചന്‍റ് ഷിപ്പിങിന് സുരക്ഷ നൽകാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുകയാണ്.

2008 മുതൽ ഈ മേഖലയിലെ ഏറ്റവും വലിയ നാവിക സാന്നിധ്യമായ യുഎസ്, ഫ്രാൻസ്, ചൈന എന്നിവയെക്കാൾ പട്രോളിങ് നടത്തി ഇന്ത്യ ഇപ്പോള്‍ ചെങ്കടലിലും നിര്‍ണായക പങ്ക് വഹിക്കുകയാണ്. 2008 മുതൽ ഇന്ത്യൻ നാവികസേന ഏദൻ ഉൾക്കടലിലും ആഫ്രിക്കയുടെ കിഴക്കൻ തീരത്തും ആന്‍റി പൈറസി പട്രോളിങ് നടത്തുന്നുണ്ട്. ഏകദേശം 106 കപ്പലുകൾ ഇതിനായി ഉപയോഗിച്ചു.

3,440 കപ്പലുകൾക്കും 25,000-ലധികം നാവികർക്കും ഇതിനോടകം ഇന്ത്യ അകമ്പടി സേവിച്ചു. 2019 ജൂണിൽ ഒമാൻ ഉൾക്കടലിൽ വ്യാപാര കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷം, ഹോർമുസ് കടലിടുക്കിലൂടെ കടന്നു പോകുന്ന ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ പേർഷ്യൻ ഗൾഫിലും ഒമാൻ ഉൾക്കടലിലും ഇന്ത്യൻ നാവികസേന 'ഓപ്പറേഷൻ സങ്കൽപ്' ആരംഭിച്ചിരുന്നു.

ചെങ്കടലിലെ പ്രതിസന്ധികൾക്കിടയിൽ, ഹൂതി വിമതർക്കെതിരെ ആക്രമണം നടത്തുന്ന യുഎസ് നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്‌സിൽ ഇന്ത്യ ചേർന്നിട്ടില്ല. രൂക്ഷമാകുന്ന ചെങ്കടൽ പ്രതിസന്ധി പരിഹരിക്കുന്നതിനും കടൽക്കൊള്ളയെ ചെറുക്കുന്നതിനുമായി ജിബൂട്ടി, ഏദൻ ഉൾക്കടൽ, സൊമാലിയയുടെ കിഴക്കൻ തീരം, വടക്കന്‍-മധ്യ അറബിക്കടൽ എന്നിവയുൾപ്പെടെ പ്രധാന മേഖലകളിൽ ഇന്ത്യൻ നാവികസേന യുദ്ധക്കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്.

ചെങ്കടലിലെ ഹൂതികളെ നേരിടുന്നതിന് പകരം ഏദൻ ഉൾക്കടലിലും അറബിക്കടലിലും വർദ്ധിച്ചു വരുന്ന കടൽക്കൊള്ള നേരിടാനാണ് ഇന്ത്യൻ നാവികസേന ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിനായി ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകൾ, ദീർഘദൂര നിരീക്ഷണ സമുദ്ര വിമാനങ്ങൾ, ഡോർണിയർ വിമാനങ്ങൾ എന്നിവയ്‌ക്കൊപ്പം 12 യുദ്ധക്കപ്പലുകളും നാവിക സേന വിന്യസിച്ചിട്ടുണ്ട്അ.

അറബിക്കടലിൽ ഏകദേശം 4 ദശലക്ഷം ചതുരശ്ര കിലോമീറ്റർ വരുന്ന വാണിജ്യ കപ്പല്‍ ചാല്‍ നിരീക്ഷിക്കാൻ പ്രിഡേറ്റർ MQ9B ഡ്രോണുകളും പ്രത്യേക കമാൻഡോകളും. ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് വിശാഖപട്ടണം, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് ചെന്നൈ, ഐഎൻഎസ് മോർമുഗാവോ, തൽവാർ ക്ലാസ് ഫ്രിഗേറ്റുകളും മിസൈൽ ബോട്ടുകളും അടങ്ങുന്ന ടാസ്‌ക് ഗ്രൂപ്പുകളെയും വിന്യസിച്ചിട്ടുണ്ട്.

രണ്ട് നൂതന കപ്പലുകൾ ഏദൻ ഉൾക്കടലിലും ബാക്കി 10 എണ്ണം വടക്കൻ അറബിക്കടലിലും പടിഞ്ഞാറൻ അറബിക്കടലിലുമായി വിന്യസിച്ചിട്ടുണ്ട്. കുറഞ്ഞത് നാല് യുദ്ധക്കപ്പലുകളും ബ്രഹ്മോസ് ലാൻഡ് അറ്റാക്ക് മിസൈലുകളും ഉപരിതലത്തിൽ നിന്നുള്ള മിസൈലുകളും, യുദ്ധ ശേഷിയുള്ള ഹെലികോപ്റ്ററുകളും, സീ ഗാർഡിയൻ ഡ്രോണുകളും, നിരീക്ഷണത്തിനായി P8I വിമാനങ്ങളും നാവിക സേന സജ്ജീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 250-ലധികം കപ്പലുകളിലും ചെറുബോട്ടുകളിലും നാവിക സേന നിരീക്ഷണവും അന്വേഷണവും നടത്തിയിട്ടുണ്ട്. 40-ല്‍ അധികം കപ്പലുകളില്‍ കയറുകയും, മേഖലയിൽ നടന്ന നിരവധി വ്യാപാര കപ്പൽ ആക്രമണങ്ങളോട് നിയമവിധേയമായി പ്രതികരിക്കുകയും ചെയ്‌തിട്ടുണ്ട്.

2023 ഡിസംബറിൽ വ്യാപാര കപ്പലുകളായ എംവി ചെം പ്ലൂട്ടോ, എം വി സായി ബാബ, 2024 ജനുവരിയിൽ എം വി ലീല നോർഫോക്ക്, എഫ് വി ഇമാൻ, എഫ് വി അൽ നഈമി, എംവി ജെൻകോ പിക്കാർഡി, എംവി മാർലിൻ ലൗണ്ട, മാർച്ചിൽ എംഎസ്‌സി സ്കൈ II, എംവി അബ്‌ദുള്ള എന്നീ കപ്പലുകളെയെല്ലാം കടൽക്കൊള്ളക്കാരില്‍ നിന്ന് ഇന്ത്യൻ നാവിക സേന രക്ഷപെടുത്തിയിരുന്നു.

വാണിജ്യ കപ്പലായ എക്‌സ്-എംവി റുയനെ സൊമാലിയൻ തീരത്ത് നിന്ന് കടൽ കൊള്ളക്കാരിൽ നിന്ന് രക്ഷപെടുത്തിയ ധൗത്യമാണ് ഇന്ത്യൻ നാവികസേനയുടെ ധീരതയെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തിയ ഏറ്റവും ഒടുവിലത്തെ സംഭവം. എംവി റൂവറിന്‍റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് മുമ്പ് കടന്‍ക്കൊള്ളക്കാരെ ഇന്ത്യൻ നാവികസേന തടയുകയായിരുന്നു.

2023 ഡിസംബർ 14 ന് സൊമാലിയൻ കടൽ കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പൽ മാർച്ച് 15 ന് ആണ് ഐഎൻഎസ് കൊൽക്കത്ത തടഞ്ഞത്. മാർച്ച് 16 ന് നാവികസേന കപ്പല്‍ തിരിച്ചുപിടിച്ചു. 17 ജീവനക്കാരെയും 37,800 ടൺ ചരക്കുകളുമാണ് അന്ന് രക്ഷപ്പെടുത്തിയത്.

ഇന്ത്യയിൽ നിന്ന് 2,600 കിലോമീറ്റർ ദൂരത്തേക്ക് പറന്ന IAF C-17 വിമാനം, മറൈൻ കമാൻഡോ (മാർക്കോസ്)കളെയും രണ്ട് കോംബാറ്റ് റബ്ബറൈസ്ഡ് റൈഡിംഗ് ക്രാഫ്റ്റ് (CRRC) ബോട്ടുകളും ഇറക്കിയാണ് അന്ന് ദൗത്യം പൂര്‍ത്തിയാക്കിയത്. സംഭവത്തിന് പിന്നാലെ നിരവധി വിദഗ്‌ധരാണ് ഇന്ത്യയ്‌ക്ക് പ്രശംസയുമായെത്തിയത്.

യുദ്ധക്കപ്പൽ, ഡ്രോണുകൾ, ഫിക്‌സകഡ് -റോട്ടറി-വിങ് എയർക്രാഫ്റ്റുകൾ, മറൈൻ കമാൻഡോകൾ എന്നിവയുടെ ശക്തി ഉപയോഗിച്ചാണ് ഇന്ത്യ അപകട സാധ്യത കുറച്ചതെന്ന് കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസിലെ ജോൺ ബ്രാഡ്‌ഫോർഡ് ഇന്ത്യയെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു:

തെക്കൻ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഇന്ത്യൻ നാവികസേനയുടെ ഫലപ്രദമായ ആന്‍റി പൈറസി പ്രവർത്തനങ്ങൾ ഇന്ത്യയുടെ ഉയരുന്ന ആഗോള നിലവാരത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. കടൽക്കൊള്ളക്കാര്‍ ബന്ദികളാക്കിയ ബൾഗേറിയക്കാരെ രക്ഷിച്ചതിന് ബൾഗേറിയൻ പ്രസിഡന്‍റ് റുമെൻ റാദേവ് ഇന്ത്യക്ക് നന്ദി അറിയിച്ചിരുന്നു.

'ഇന്ത്യയുടെ ശേഷി, പ്രത്യേകിച്ച് സൈനിക, നാവിക ശക്തി, സമീപ ദശകങ്ങളിൽ ശക്തമായി വളർന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാരിൽ നിന്നുള്ള രാഷ്‌ട്രീയ പ്രതിബദ്ധത ഇതിന് പുതിയ പ്രചോദനം നൽകി.' -ഇൻഡോ-പസഫിക് സ്പെഷ്യലിസ്‌റ്റ് യോഗേഷ് ജോഷി അഭിപ്രായപ്പെട്ടു.

നാവിക സേനയുടെ തന്ത്രപരമായ വിന്യാസവും പ്രതിരോധവുമെല്ലാം ആഗോള തലത്തില്‍ ഇന്ത്യയുടെ നേട്ടമായി മാറി. ഇന്ത്യൻ നാവിക സേനയുടെ മികച്ച പ്രതിരോധ ശേഷി, ആഗോള സംരക്ഷണത്തില്‍ ഇന്ത്യ എന്ന നിർണായക ഘടകം എന്നിവയെല്ലാം ലോകത്തിന് മുന്നില്‍ വെളിപ്പെട്ടു. ഇന്ത്യൻ നേവൽ ടാസ്‌ക് ഗ്രൂപ്പുകളുടെ ശ്രദ്ധേയമായ മികവ് നെറ്റ് സെക്യൂരിറ്റി പ്രൊവൈഡർ ആകാന്‍ ഇന്ത്യയെ പ്രാപ്‌തമാക്കുകയും ഭൗമ രാഷ്‌ട്രീയത്തിലുള്ള ഇന്ത്യയുടെ സ്വാധീനം വർദ്ധിപ്പിക്കുകയും ചെയ്യും. പ്രാദേശിക ശക്തിയെന്നതില്‍ നിന്ന് ആഗോള ശക്തി എന്ന പദവിയിലേക്ക് അതിവേഗം മാർച്ച് ചെയ്യാൻ ചെങ്കടൽ സുരക്ഷാ പ്രതിസന്ധി പരിഹരിക്കുന്നതിലൂടെ ഇന്ത്യക്ക് സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

Also Read : കടല്‍കൊള്ളക്കാര്‍ റാഞ്ചിയ ഇറാനിയൻ കപ്പല്‍ മോചിപ്പിച്ചു; 23 പാക് പൗരന്മാര്‍ക്ക് രക്ഷകരായി ഇന്ത്യൻ നാവിക സേന - Indian Navy Rescues Pak Nationals

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.