ETV Bharat / state

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്: പ്രതി രാഹുല്‍ ജര്‍മനിയിലേക്ക് കടന്നു, നാട്ടിലെത്തിക്കാന്‍ പൊലീസ് ശ്രമം - Domestic Violence Case

author img

By ETV Bharat Kerala Team

Published : May 17, 2024, 11:16 AM IST

യുവതി ഭര്‍തൃവീട്ടില്‍ ക്രൂര പീഡനത്തിനിരയായ സംഭവത്തില്‍ പ്രതിയായ രാഹുല്‍ വിദേശത്തേക്ക് കടന്നു. ജര്‍മനിയിലെത്തിയെന്ന് രാഹുലിന്‍റെ സുഹൃത്ത് രാജേഷ്‌. പ്രതി നാടുവിട്ടത് ബെംഗളൂരുവില്‍ നിന്ന് സിംഗപ്പൂര്‍ വഴി.

PANTHEERAMKAVU DOMESTIC VIOLENCE  പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്  പീഡനക്കേസ് പ്രതി ജര്‍മനിയിലെത്തി  PANTHEERAMKAVU CASE ACCUSE RAHUL
Pantheeramkavu Domestic Violence (Source: Etv Bharat Reporter)

കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുൽ രാജ്യം വിട്ടതായി പൊലീസ്. ജർമൻ പൗരത്വമുള്ള രാഹുൽ ജർമനിയിലേക്കാണ് കടന്നത്. ബെംഗളൂരുവില്‍ നിന്നും സിംഗപ്പൂര്‍ വഴിയാണ് ഇയാള്‍ ജര്‍മനിയിലെത്തിയത്.

പൊലീസ് കസ്റ്റഡിയിലെടുത്ത രാഹുലിന്‍റെ സുഹൃത്ത് രാജേഷിനെ ചോദ്യം ചെയ്‌തതോടെയാണ് ഇക്കാര്യം അറിഞ്ഞത്. രാഹുലിന് യാത്രയ്‌ക്കുള്ള സൗകര്യം ഒരുക്കി നല്‍കിയത് രാജേഷാണെന്ന് പൊലീസ് പറഞ്ഞു. രാഹുലിനെ നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

അതേസമയം ഇന്ന് (മെയ്‌ 17) രാഹുലിന്‍റെ ബന്ധുക്കളുടെ മൊഴിയെടുക്കും. ഇന്നലെ (മെയ്‌ 16) മൊഴിയെടുക്കാന്‍ പൊലീസെത്തിയിരുന്നെങ്കിലും വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. പറവൂര്‍ സ്വദേശിനിയായ നവവധുവാണ് പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ ക്രൂര പീഡനത്തിന് ഇരയായത്. കേബിള്‍ കഴുത്തില്‍ മുറുക്കി ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും മദ്യലഹരിയിലായിരുന്ന രാഹുല്‍ ഒരു രാത്രി മുഴുവന്‍ അടച്ചിട്ട മുറിയില്‍ തന്നെ മര്‍ദിച്ചെന്നുമാണ് യുവതിയുടെ പരാതി.

Also Read: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ് : പ്രതിയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ്

വിവാഹ സത്‌കാരത്തിനെത്തിയ കുടുംബം മകളുടെ ദേഹത്ത് പരിക്കേറ്റതിന്‍റെ പാടുകള്‍ കണ്ട് കാര്യം തിരക്കിയതോടെയാണ് മര്‍ദന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് ഹൊസ്‌ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിൽ ആദ്യം അലംഭാവം കാണിച്ച പൊലീസിനെതിരെയും നടപടിയുണ്ടായിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.