ETV Bharat / bharat

ബെംഗളൂരുവിലെ ഐടി കമ്പനികള്‍ക്ക് കേരളത്തിലേക്ക് ക്ഷണം; അപലപിച്ച് കര്‍ണാടക ഐടി മന്ത്രി രംഗത്ത് - MB PATIL CRITICIZE P RAJEEV

author img

By ETV Bharat Kerala Team

Published : Mar 31, 2024, 7:52 PM IST

ബെംഗളൂരുവിലെ ഐടി കമ്പനികളെ കേരളത്തിലേക്ക് ക്ഷണിച്ച നടപടിയെ അപലപിച്ച് കര്‍ണാടക മന്ത്രി. വെള്ളക്ഷാമത്തിന്‍റെ പശ്ചാത്തലത്തിലാണ് പി രാജീവ് കമ്പനികളെ കേരളത്തിലേക്ക് ക്ഷണിച്ചത്.

MB PATIL CONDEMNS RAJEEV STATEMENT  BENGALURU IT COMPANIES  KARNATAKA MINISTER MB PATIL  KERALA INDUSTRIES AND LAW MINISTER
Karnataka Minister MB Patil condemns Kerala Minister's statement inviting Bengaluru IT companies

ബെംഗളൂരു: ബെംഗളൂരുവിലെ ഐടി കമ്പനികളെ കേരളത്തിലേക്ക് ക്ഷണിച്ച മന്ത്രി പി രാജീവിന്‍റെ നടപടിയെ അപലപിച്ച് കര്‍ണാടക ഐടി മന്ത്രി എം ബി പാട്ടീല്‍ രംഗത്ത്. വെള്ള ക്ഷാമത്തിന്‍റെ പശ്ചാത്തലത്തിലാണ് വ്യവസായ-നിയമ മന്ത്രി പി രാജീവ് ബെംഗളൂരുവിലെ ഐടി കമ്പനികളെ സംസ്ഥാനത്തേക്ക് ക്ഷണിച്ചത്.

വെള്ളക്ഷാമം പ്രകൃതി പ്രതിഭാസമാണെന്നും കേരളത്തിലും അത് സംഭവിച്ച് കൂടായ്‌കയില്ലെന്നും പാട്ടീല്‍ ചൂണ്ടിക്കാട്ടി. ഇത്തരം നടപടികള്‍ ഫെഡറല്‍ സംവിധാനത്തിന് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മന്ത്രിയുടെ പരാമര്‍ശം ആരോഗ്യകരമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജീവിന്‍റെ നടപടി പ്രകോപനപരമാണെന്നും പാട്ടീലിന്‍റെ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. നമ്മള്‍ ഒരു രാജ്യത്തെ ആളുകളാണ്. അത് കൊണ്ട് തന്നെ പരസ്‌പര ധാരണയിലധിഷ്‌ഠിതമായ കൊടുക്കല്‍ വാങ്ങലുകളാണ് ആവശ്യം. ആരും ഇത്തരം അവസരങ്ങള്‍ മുതലെടുക്കാനല്ല ശ്രമിക്കേണ്ടത്. ആര്‍ക്കും ഇതില്‍ നിന്ന് യാതൊരു ഗുണവും അവസാനമുണ്ടാകില്ല. കേരള മന്ത്രി ഈ അടിസ്ഥാന വസ്‌തുതകള്‍ മനസിലാക്കണം.

ഇക്കൊല്ലം ലോകത്തിന്‍റെ പല ഭാഗത്തും ജല ക്ഷാമമുണ്ടായി. ഐടി കമ്പനികള്‍ സ്ഥിതി ചെയ്യുന്ന ബെംഗളൂരുവിലെ ഇടങ്ങളില്‍ കടുത്ത ജലക്ഷാമം അനുഭവപ്പെട്ടില്ല. കേരളത്തില്‍ നിന്നുള്ള എത്രയോ യുവാക്കള്‍ ഇവിടെ സുഖകരമായി ജോലി ചെയ്യുന്നുണ്ടെന്നതും മറക്കരുത്. കേരളം ഒരു സംസ്ഥാനമെന്ന നിലയില്‍ ആവശ്യമുള്ളത്രയും നിക്ഷേപം ആകര്‍ഷിക്കണം. അതിന് അവര്‍ക്ക് സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ ഇത്തരം വില കുറഞ്ഞ രാഷ്‌ട്രീയം ഭൂഷണമല്ലെന്നും എം ബി പാട്ടീല്‍ പറഞ്ഞു.

കര്‍ണാടകയാണ് ഐടി വരുമാനത്തിലും കയറ്റുമതി ലാഭത്തിലും ഏറ്റവും മുന്നിലുള്ള സംസ്ഥാനം. ഞങ്ങള്‍ക്ക് വ്യവസായ സൗഹൃദ നയങ്ങളുണ്ട്. ഇവിടുത്തെ പോലെ ആഗോള കമ്പനികള്‍ മറ്റെങ്ങുമില്ല. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ബെംഗളൂരു രാജ്യത്തിന്‍റെ പുത്തന്‍ സാമ്പത്തിക ശക്‌തിയായി മാറിയിരിക്കുന്നു. എന്നാല്‍ ഇത്തരമൊരു നേട്ടം കേരളത്തിന് സാധ്യമല്ല. അത് കൊണ്ട് മറ്റുള്ളവരുടെ ജല ദൗര്‍ലഭ്യം മുതലാക്കി നേട്ടമുണ്ടാക്കാനാണ് അവരുടെ ശ്രമമെന്നും പാട്ടീല്‍ പറഞ്ഞു.

കേരളത്തില്‍ 44 നദികളുണ്ടെന്ന് രാജീവ് പറയുന്നു. എന്നാല്‍ എത്ര അണക്കെട്ടുകളുണ്ട്. അവിടെ എത്രമാത്രം വെള്ളമുണ്ട് ഇപ്പോള്‍? നദികളുണ്ടെന്ന് പറഞ്ഞ് കമ്പനി നിര്‍മ്മാണം സാധ്യമല്ല. വേനല്‍ മഴ ഉടനെത്തും. ബെംഗളൂരുവിലടക്കം എല്ലായിടത്തും സ്ഥിതി മെച്ചപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: വ്യവസായ വകുപ്പിന് കീഴിൽ വാണിജ്യ ഡിവിഷന്‍, പ്രത്യേക വകുപ്പ് തന്നെ വേണമെന്ന്‌ ആവശ്യം; പി രാജീവ്‌

അടുത്തുള്ള നദികളില്‍ നിന്ന് കര്‍ണാടകയിലെ വ്യാവസായിക ഇടങ്ങളിലേക്ക് വെള്ളമെത്തിക്കാന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി യോഗങ്ങളും ചര്‍ച്ചകളും സംഘടിപ്പിക്കപ്പെട്ടു. കാവേരി നദിയില്‍ നിന്ന് ബെംഗളൂരുവിലെ വാണീജ്യ മേഖലകളിലേക്ക് വെള്ളമെത്തിക്കാനാണ് ശ്രമമെന്നും പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.