ETV Bharat / bharat

സീറ്റ് പങ്കിടലിനെച്ചൊല്ലി കോണ്‍ഗ്രസ്-ആര്‍ജെഡി തര്‍ക്കം; ബിഹാറിലെ ഇന്ത്യ സഖ്യത്തില്‍ വിള്ളല്‍ - CRACK IN INDIA ALLIANCE

author img

By ETV Bharat Kerala Team

Published : Mar 24, 2024, 7:07 PM IST

പത്ത് സീറ്റുകള്‍ വേണമെന്ന കോണ്‍ഗ്രസ് ആവശ്യം തള്ളി രാഷ്‌ട്രീയ ജനതാദള്‍ രംഗത്ത്. അഞ്ചോ ആറോ സീറ്റ് നല്‍കാമെന്ന് ആര്‍ജെഡി സീറ്റ് പങ്കിടല്‍ ചര്‍ച്ചകള്‍ രമ്യമായി പരിഹരിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ച് ഹൈക്കമാന്‍ഡ്.

SEAT SHARING IN BIHAR  CONGRESS UPSET WITH RJD  THREATENS ALLIANCE IN BIHAR  RJD DECLARING CANDIDATES
Congress managers in Bihar are miffed over an offer of just 5 to 6 seats instead of 10 they demanded

ന്യൂഡല്‍ഹി: ബിഹാറില്‍ ഇന്ത്യ സഖ്യത്തിലെ സീറ്റ് പങ്കിടലിനെച്ചൊല്ലി കോണ്‍ഗ്രസ്-ആര്‍ജെഡി തര്‍ക്കം. സഖ്യത്തെ രക്ഷിക്കാന്‍ ഇടപെടണമെന്ന് ബിഹാറിലെ കോണ്‍ഗ്രസ്, ഹൈക്കമാന്‍ഡിനോട് അഭ്യര്‍ത്ഥിച്ചു. രാഷ്‌ട്രീയ ജനതാദളുമായുള്ള ഭിന്നതകള്‍ മൂലം സഖ്യം പിളര്‍പ്പിന്‍റെ വക്കിലെത്തി നില്‍ക്കുകയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു (Congress Upset With RJD).

ആര്‍ജെഡി തങ്ങളെ നിത്യവും പ്രകോപിപ്പിക്കുകയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ആദ്യം അവര്‍ തങ്ങള്‍ ആവശ്യപ്പെട്ട അനുപാതത്തെ ചോദ്യം ചെയ്‌തു. നാല്‍പ്പത് സീറ്റില്‍ പത്തെണ്ണം വേണമെന്ന കോണ്‍ഗ്രസിന്‍റെ ആവശ്യം അവര്‍ നിരാകരിക്കുകയും അഞ്ചോ ആറോ സീറ്റുകള്‍ നല്‍കാമെന്ന് അറിയിക്കുകയും ചെയ്‌തു. ഇതിന് പുറമെ അവര്‍ ഏകപക്ഷീയമായി തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്‌തു. സീറ്റുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുമ്പോള്‍ ഇത്തരമൊരു നീക്കം അനുവദനീയമല്ല. ഇവരുടെ ഇത്തരം നീക്കങ്ങള്‍ തങ്ങള്‍ക്ക് എത്രകാലം സഹിക്കാനാകുമെന്ന് അറിയില്ലെന്നും സംസ്‌ഥാന നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

തങ്ങളുടെ കീഴടങ്ങല്‍ അല്ല വിട്ടുവീഴ്‌ചകള്‍ എന്നും ഇവര്‍ പറയുന്നു. സാഹചര്യങ്ങള്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിട്ടുണ്ട്. പ്രതിസന്ധി എത്രയും വേഗം പരിഹരിക്കണമെന്ന നിര്‍ദ്ദേശവും മുന്നോട്ട് വച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന എഐസിസി പ്രവര്‍ത്തകന്‍ ഇടിവി ഭാരതിനോട് പറഞ്ഞു (Tussle Over Seat Sharing).

പ്രശ്‌ന പരിഹാരത്തിന് ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവുമായും തേജസ്വി യാദവുമായും ചര്‍ച്ച നടത്താന്‍ അഞ്ചംഗ കോണ്‍ഗ്രസ് സമിതിയോട് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാവ് മുകുള്‍ വാസ്‌നിക് ആണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്. ബിഹാറിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മോഹന്‍ പ്രകാശും സംഘത്തിലുണ്ട്.

സീറ്റ് പങ്കിടല്‍ ചര്‍ച്ചകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. അതാകും സഖ്യത്തിന് ഗുണകരമാകുക. ഇപ്പോള്‍ ഇതേക്കുറിച്ച് പ്രതികരിക്കാനില്ലെന്നും കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവ് ഷക്കീല്‍ അഹമ്മദ് ഖാന്‍ ഇടിവി ഭാരതിനോട് പറഞ്ഞു. കഴിഞ്ഞാഴ്‌ച വരെ കോണ്‍ഗ്രസും ആര്‍ജെഡിയും തമ്മിലുള്ള സീറ്റ് പങ്കിടല്‍ ചര്‍ച്ചകള്‍ സ്വഭാവികമായി പുരോഗമിക്കുകയായിരുന്നു എന്നാണ്‍ പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ പെട്ടെന്ന് ഏകപക്ഷീയമായി പ്രാദേശിക പാര്‍ട്ടി തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ തുടങ്ങിയതോടെയാണ് കോണ്‍ഗ്രസിന് സംശയങ്ങളുണ്ടാകാന്‍ തുടങ്ങിയത്. പൂര്‍ണിയ, ഔറംഗാബാദ്, ബെഗുസരായി തുടങ്ങിയ മണ്ഡലങ്ങളെ ചൊല്ലിയാണ് പ്രധാനമായും ഇരുകക്ഷികളും തമ്മില്‍ പ്രധാന തര്‍ക്കം.

മുന്‍ പാര്‍ലമെന്‍റംഗം രാജേഷ് ആര്‍ രജ്ഞന്‍ എന്ന പപ്പു യാദവിനെ പൂര്‍ണിയയില്‍ നിന്ന് മത്സരിപ്പിക്കാനായിരുന്നു കോണ്‍ഗ്രസിന് താത്പര്യം. അദ്ദേഹത്തിന്‍റെ ജന്‍ അധികാര്‍ കക്ഷി കോണ്‍ഗ്രസുമായി ലയിച്ചതിനെ തുടര്‍ന്നായിരുന്നു കോണ്‍ഗ്രസിന്‍റെ ഇത്തരമൊരു നീക്കം. ആര്‍ജെഡി പപ്പുയാദവിനായി നീക്കി വച്ചത് മധേപ്പുര സീറ്റാണ്. അതോടെ പപ്പുയാദവിന്‍റെ നിലപാടില്‍ മാറ്റമുണ്ടായി. പൂര്‍ണിയ സീറ്റ് ഉപേക്ഷിക്കുന്നതിനെക്കാള്‍ മരിക്കുന്നതാണ് നല്ലതെന്നാണ് പപ്പു യാദവ് പറയുന്നത്.

മുന്‍ ജനാതാദള്‍ യു എംഎഎല്‍എ ബിമാ ഭാരതിയെ പാര്‍ട്ടിയിലെടുത്തതും പൂര്‍ണിയ മണ്ഡലം അവര്‍ക്ക് നല്‍കാന്‍ പാര്‍ട്ടി ആലോചിക്കുകയും ചെയ്യുന്നതും പപ്പുയാദവിന് തിരിച്ചടിയായി. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവായിരുന്ന കനയ്യ കുമാറിനെ ബെഗുസരായില്‍ നിന്ന് മത്സരിപ്പിക്കാനായിരുന്നു കോണ്‍ഗ്രസിന് താത്പര്യം. കനയ്യ എഐസിസി അംഗമാണ്. എന്നാല്‍ ആര്‍ജെഡി പിന്തുണയോടെ സിപിഐ തങ്ങളുടെ ഔവദേഷ് റായിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ഇതും ഇന്ത്യാ മുന്നണിയിലെ പ്രശ്‌നങ്ങള്‍ വെളിവാക്കുന്നതായിരുന്നു.

ഇതിനൊക്കെ മുമ്പ് തന്നെ ഔറംഗബാദ് സീറ്റിനെ ചൊല്ലി കോണ്‍ഗ്രസും ആര്‍ജെഡിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഒബിസി നേതാവായ അഭയ് കുശ്വാരയെ തങ്ങളുടെ സ്ഥാനാര്‍ത്ഥിയായി ആര്‍ജെഡി പ്രഖ്യാപിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഔറംഗാബാദ് തങ്ങളുടെ കോട്ടയാണെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. അവിടെ നിന്ന് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ നിഖില്‍ കുമാറിനെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി ഉദ്ദേശിച്ചിരുന്നത്. 2004 തെരഞ്ഞെടുപ്പില്‍ നിഖില്‍ കുമാര്‍ ഇവിടെ നിന്ന് വിജയിച്ചിരുന്നു.

ആര്‍ജെഡി തങ്ങളുടെ സ്വാധീനത്തെ ചോദ്യം ചെയ്യുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. എന്നാല്‍ അവര്‍ 2009ലെ തെരഞ്ഞെടുപ്പിനെ കുറിച്ച് മറന്ന് പോകുന്നുവെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. ആര്‍ജെഡി തങ്ങളുമായുള്ള സഖ്യം ഏകപക്ഷിയമായി റദ്ദാക്കി. തുടർന്ന് 2004ലെ 25 സീറ്റില്‍ നിന്ന് ഇവര്‍ നാല് സീറ്റിലേക്ക് ഒതുങ്ങിയെന്നും മുതിര്‍ന്ന ഒരു എഐസിസി അംഗം ചൂണ്ടിക്കാട്ടി.

Also Read:ബിഹാറില്‍ 17 ഇടത്ത് ബിജെപി ; എന്‍ഡിഎ സീറ്റ് വിഭജന ധാരണ ഇങ്ങനെ

2019ലെ പൊതു തെരഞ്ഞെടുപ്പില്‍ ആര്‍ജെഡിക്ക് ഒറ്റ സീറ്റില്‍ പോലും വിജയിക്കാനായില്ല. എന്നാല്‍ കിഷന്‍ ഗഞ്ചിലെ സീറ്റ് നേടാന്‍ കോണ്‍ഗ്രസിന് സാധിച്ചു. ബാക്കി 39 സീറ്റുകളും എന്‍ഡിഎ സ്വന്തമാക്കി. 2020 നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് എഴുപത് സീറ്റുകള്‍ മത്സരിക്കാനായി കിട്ടി. ഇതില്‍ നാല്‍പ്പത്തഞ്ചും ആര്‍ജെഡിക്ക് കഴിഞ്ഞ 20 വര്‍ഷത്തിനിടെ ജയിക്കാന്‍ സാധിക്കാത്തതാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.