ETV Bharat / bharat

ബിഹാറില്‍ 17 ഇടത്ത് ബിജെപി ; എന്‍ഡിഎ സീറ്റ് വിഭജന ധാരണ ഇങ്ങനെ

author img

By ETV Bharat Kerala Team

Published : Mar 18, 2024, 10:40 PM IST

കേന്ദ്രമന്ത്രി പശുപതി പരാസിന്‍റെ എൽജെപി വിഭാഗവുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ബിഹാർ ബിജെപി അധ്യക്ഷൻ സാമ്രാട്ട് ചൗധരി

NDA Bihar  Loksabha election Bihar  BJP Bihar  2024 Loksabha election
NDA's Bihar Seat-Sharing Pact completed

ന്യൂഡൽഹി : ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിഹാറില്‍ എന്‍ഡിഎ സീറ്റ് വിഭജന ധാരണയായി. ബിഹാറിലെ 40 ലോക്‌സഭ സീറ്റുകളിൽ അഞ്ച് സീറ്റില്‍ ചിരാഗ് പാസ്വാന്‍റെ ലോക് ജനശക്തി പാർട്ടി (രാം വിലാസ്) മത്സരിക്കും. ബിജെപി 17 സീറ്റുകളിലാണ് മത്സരിക്കുന്നത്. ജെഡിയു 16 സീറ്റുകളിലും മത്സരിക്കും. സഖ്യകക്ഷികളായ ഹിന്ദുസ്ഥാനി അവാം മോർച്ചയും (എച്ച്എഎം) ഉപേന്ദ്ര കുശ്വാഹയുടെ നേതൃത്വത്തിലുള്ള രാഷ്‌ട്രീയ ലോക് മോർഹയും ഓരോ സീറ്റിലും മത്സരിക്കും.

ബിഹാറില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള വിനോദ് താവ്‌ഡെയാണ് ന്യൂഡൽഹിയിലെ എൻഡിഎ ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഹാജിപൂർ ലോക്‌സഭ സീറ്റിൽ ചിരാഗ് പാസ്വാൻ മത്സരിക്കുമെന്ന് ബിഹാർ എൽജെപി (രാം വിലാസ്) തലവൻ രാജു തിവാരി അറിയിച്ചു. കേന്ദ്രമന്ത്രി പശുപതി പരാസിന്‍റെ എൽജെപി വിഭാഗവുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ബിഹാർ ബിജെപി അധ്യക്ഷൻ സാമ്രാട്ട് ചൗധരി പറഞ്ഞു.

വെസ്റ്റ് ചമ്പാരൻ, ഈസ്റ്റ് ചമ്പാരന്‍, ഔറംഗബാദ്, മധുബാനി, അരാരിയ, ദർഭംഗ, മുസാഫർപൂർ, മഹാരാജ്‌ഗഞ്ച്, സരൺ, ഉജിയാർപൂർ, ബെഗുസരായ്, നവാഡ, പട്‌ന സാഹിബ്, പാട്‌ലിപുത്ര, അറാ, ബക്‌സർ, സസാരാം എന്നീ 17 സീറ്റുകളിലാണ് ബിജെപി മത്സരിക്കുക.

സീതാമർഹി, ഝഞ്ചർപൂർ, സുപൗൾ, കിഷൻഗഞ്ച്, കതിഹാർ, പൂർണിയ, മധേപുര, ഗോപാൽഗഞ്ച്, സിവാൻ, ഭഗൽപൂർ, ബങ്ക, മുംഗർ, നളന്ദ, ജെഹാനാബാദ്, ശിവാർ എന്നീ ലോക്‌സഭ സീറ്റുകളാണ് ജെഡിയുവിന് ഉള്ളത്. വൈശാലി, ഹാജിപൂർ, സമസ്‌തിപൂർ, ഖഗാരിയ, ജാമുയി എന്നിങ്ങനെ 5 സീറ്റുകളില്‍ ചിരാഗിന്‍റെ എൽജെപിആറും മത്സരിക്കും. ഹിന്ദുസ്ഥാനി അവാം മോർച്ച ഗയയിലും രാഷ്‌ട്രീയ ലോക് മോർച്ച കാരക്കാട്ടിലും മത്സരിക്കും.

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ 40ൽ 39 സീറ്റും എൻഡിഎ നേടിയിരുന്നു. ഏപ്രിൽ 19, ഏപ്രിൽ 26, മെയ് 7, മെയ് 13, 20 മെയ്, 25 മെയ്, ജൂൺ 1 തീയതികളില്‍ ഏഴ് ഘട്ടങ്ങളിലായാണ് ബിഹാറില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തിൽ ഏപ്രിൽ 19 ന് 4 സീറ്റുകളിലേക്കും ഏപ്രിൽ 26, മെയ് 7, മെയ് 13, 20 തീയതികളിൽ 5 സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കും. ആറ്, ഏഴ് ഘട്ടങ്ങളില്‍ എട്ട് വീതം സീറ്റുകളിലേക്കാണ് പോളിങ് നടക്കുക.

Also Read : തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചാല്‍ 'പെരുമാറ്റച്ചട്ടം', അറിയാം 60 വര്‍ഷത്തെ പരിണാമ ചരിത്രം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.