വേനല്‍ മഴ മാറി മാനം തെളിഞ്ഞു, വിഷുക്കാലവുമെത്തി ; ഇടുക്കിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

By

Published : Apr 14, 2023, 12:33 PM IST

thumbnail

ഇടുക്കി : വിഷു എത്തിയതോടെ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ഈസ്റ്റര്‍ ദിനത്തോട് അനുബന്ധിച്ചുണ്ടായ സഞ്ചാരികളുടെ തിരക്കിന് പിന്നാലെയാണ് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും സജീവമാകുന്നത്. വേനലില്‍ വെള്ളച്ചാട്ടങ്ങളും പച്ചപ്പും അപ്രത്യക്ഷമായിരുന്നു. തുടര്‍ന്ന് സഞ്ചാരികളുടെ വരവും നിലച്ചു. എന്നാല്‍ വേനല്‍ മഴയില്‍ വെള്ളച്ചാട്ടങ്ങളും നീര്‍ചാലുകളും സജീവമായതോടെയാണ് വീണ്ടും മനോഹരമായ കാഴ്‌ചകള്‍ കാണാന്‍ ആഘോഷ ദിനങ്ങളില്‍ സഞ്ചാരികള്‍ എത്തി തുടങ്ങിയത്. 

പ്രകൃതി ഭംഗി ആസ്വദിക്കാന്‍ ജില്ലയിലെത്തുന്ന സഞ്ചാരികള്‍ക്ക് കുളിരുപകരുന്ന കാഴ്‌ചകള്‍ തന്നെയാണ് ഇടുക്കി സമ്മാനിക്കുന്നത്. ശ്രീനാരായണപുരം, കള്ളിമാലി, പൊന്മുടി എന്നിവിടങ്ങളിലെല്ലാം സഞ്ചാരികളുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. കൂടാതെ വാഗമണ്‍ മൊട്ടക്കുന്ന്, വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്ക്, രാമക്കല്‍മേട് എന്നിവിടങ്ങളിലും ജനത്തിരക്കേറി. 

ഈസ്റ്റര്‍ ദിനത്തോടനുബന്ധിച്ച് ഡിടിപിസി സെന്‍ററുകളില്‍ കഴിഞ്ഞ ദിവസം മാത്രം കാല്‍ ലക്ഷത്തിലധികം സഞ്ചാരികളാണ് എത്തിയത്. കേരളത്തിന് പുറമെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നും സഞ്ചാരികള്‍ എത്തിയിരുന്നു. ഈരാറ്റുപേട്ട, കുട്ടിക്കാനം, ഏലപ്പാറ റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയായത് ഗതാഗതത്തിന് ഏറെ സൗകര്യമായി. 

തേക്കടി പുഷ്‌പ മേളയിലേക്കും നിരവധി പേര്‍ എത്തുന്നുണ്ട്. മെയ്‌ 14നാണ് പുഷ്‌പ മേള അവസാനിക്കുക. അതുകൊണ്ട് തന്നെ വിഷുവിന് പുറമെ ഈദിനും വിനോദ സഞ്ചാര മേഖലകളില്‍ ഇനിയും ജനത്തിരക്ക് ഏറുമെന്നാണ് ഡിടിപിസിയുടെയും വിനോദ സഞ്ചാര മേഖലയുടെയും പ്രതീക്ഷ.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.