ETV Bharat / state

'ബാറുടമകള്‍ വിചാരിച്ചാല്‍ സര്‍ക്കാര്‍ വഴങ്ങുമെന്ന ധാരണ വളരരുത്, അടിയന്തര അന്വേഷണം വേണം': കെകെ ശിവരാമന്‍ - Bar Bribery Controversy

author img

By ETV Bharat Kerala Team

Published : May 24, 2024, 11:00 PM IST

ബാര്‍ ഉടമകളുടെ സംഘടന നേതാവിന്‍റെ ശബ്‌ദരേഖയെ കുറിച്ച് കെകെ ശിവരാമന്‍. ശബ്‌ദ രേഖയ്‌ക്ക് പിന്നില്‍ വലിയ ഗൂഢാലോചന. ശബ്‌ദ സന്ദേശം അനിമോന്‍ ഗ്രൂപ്പിലിട്ടത് ബോധപൂര്‍വ്വമാണെന്നും കെകെ ശിവരാമന്‍.

BAR BRIBERY CONTROVERSY  CPI LEADER KK SIVARAMAN  അനിമോന്‍റെ ശബ്‌ദരേഖ  ബാര്‍ കോഴ ആരോപണം
KK Sivaraman (ETV Bharat)

കെകെ ശിവരാമന്‍ മാധ്യമങ്ങളോട് (ETV Bharat)

ഇടുക്കി: മദ്യനയം ബാര്‍ മുതലാളിമാര്‍ക്ക് അനുകൂലമായി മാറ്റുന്നതിന് ഓരോ ഹോട്ടലും 2 ലക്ഷം രൂപം വീതം നല്‍കണമെന്ന ബാര്‍ ഉടമകളുടെ സംഘടന നേതാവിന്‍റെ ശബ്‌ദരേഖ പുറത്ത് വന്നതില്‍ പ്രതികരണവുമായി എല്‍ഡിഎഫ് ഇടുക്കി ജില്ല കണ്‍വീനര്‍ കെകെ ശിവരാമന്‍. വിഷയത്തില്‍ അടിയന്തര അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു ബാർ ഉടമയിൽ നിന്ന് രണ്ടര ലക്ഷം എന്ന തരത്തിൽ വാങ്ങിയാല്‍ ആയിരത്തില്‍ അധികം ബാറുകളുള്ള ഈ സംസ്ഥാനത്ത് നിന്നും വലിയൊരു സംഖ്യയാണ് പിരിഞ്ഞ് കിട്ടുക.

രണ്ടര ലക്ഷം രൂപ നല്‍കണമെന്നാണ് ശബ്‌ദ സന്ദേശത്തില്‍ പറയുന്നത്. അത് എന്തിനാണെന്ന് ചോദിച്ചാല്‍, ബാറുടമ സംഘത്തിന്‍റെ ആവശ്യങ്ങള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ നിലപാടുകള്‍ എടുക്കുന്നതിന് വേണ്ടിയാണ്. ഇത്തരത്തില്‍ ബാറുടമകള്‍ വിചാരിച്ചാല്‍ സര്‍ക്കാര്‍ അവര്‍ക്ക് വഴങ്ങി കൊടുക്കുമെന്ന ധാരണ ഇവിടെ വളരാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിന്‍റെ പിന്നില്‍ വലിയൊരു ഗൂഢാലോചനയുണ്ടോയെന്ന കാര്യത്തില്‍ സംശയമുണ്ട്. ബാറുടമ സംഘത്തിന്‍റെ സംസ്ഥാന പ്രസിഡന്‍റ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത് അനിമോനെ സംഘടനയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തിരുന്നുവെന്നാണ്. അനിമോന്‍ വേറെ സംഘടനയുണ്ടാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ തങ്ങള്‍ ഇതുവരെ ഇങ്ങനെയൊരു കാര്യം തീരുമാനിച്ചിട്ടില്ലായെന്നാണ്. അപ്പോള്‍ തീരുമാനിക്കാത്ത ഒരു കാര്യത്തെ കുറിച്ചാണോ അനിമോന്‍ ഇങ്ങനെ വാടസ്‌ആപ്പില്‍ മെസേജ് ഇട്ടതെന്നും കെകെ ശിവരാമന്‍ ചോദിച്ചു.

വളരെ രഹസ്യമായി കൈകാര്യം ചെയ്യേണ്ട ഒരു വിഷയം വാട്‌സ്‌ആപ്പ് ഗ്രൂപ്പിലൂടെ ബന്ധപ്പെട്ടവരെ അറിയിക്കുകയെന്നത് അസാധാരണമായൊരു നടപടിയായിട്ടാണ് തനിക്ക് തോന്നുന്നത്. കാരണം അത് ചോരാനുള്ള സാധ്യതയുണ്ട്. ഗ്രൂപ്പിലുള്ള ഏതെങ്കിലും ബാറുടമയില്‍ നിന്ന് തന്നെ ഇത് പുറത്ത് പോകാം. അതുകൊണ്ട് സ്വാഭാവികമായി ബോധപൂര്‍വ്വമാണ് അനിമോന്‍ ഇത്തരമൊരു സന്ദേശം ഗ്രൂപ്പില്‍ ഇട്ടതെന്നും കെകെ ശിവരാമന്‍ പറഞ്ഞു. അതുകൊണ്ട് വിഷയത്തില്‍ കൃത്യമായി അന്വേഷണം നടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also Read: 'ഡ്രൈഡേ നീക്കും, രണ്ടരലക്ഷം വീതം നല്‍കണം' ; മദ്യനയത്തിലെ ഇളവിന് പണം നല്‍കാന്‍ ബാര്‍ ഉടമകളുടെ സംഘടനാനേതാവിന്‍റെ ശബ്‌ദസന്ദേശം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.