ETV Bharat / state

കോണ്‍ഗ്രസില്‍ വി.ഡി സതീശന്‍റെ താരോദയം ; അസ്വസ്ഥതയോടെ മുതിര്‍ന്ന നേതാക്കള്‍, കരുതലോടെ കരുക്കള്‍ നീക്കി സതീശന്‍

author img

By

Published : Jun 6, 2022, 5:23 PM IST

VD Satheeshan as a leader in Indian National Congress  VD Satheeshan  കോണ്‍ഗ്രസില്‍ വി ഡി സതീശന്‍റെ താരോദയം  വിഡി സതീശന്‍ ലീഡര്‍
കോണ്‍ഗ്രസില്‍ വി ഡി സതീശന്‍റെ താരോദയം; അസ്വസ്ഥതയോടെ മുതിര്‍ന്ന നേതാക്കള്‍, കരുതലോടെ കരുക്കള്‍ നീക്കി സതീശന്‍

അണികളുടെ ആത്മവിശ്വാസം വാനോളം ഉയര്‍ത്തുന്ന തരത്തില്‍ തൃക്കാക്കരയില്‍ വമ്പന്‍ വിജയം യു.ഡി.എഫ് നേടിയെങ്കില്‍ മണ്ഡലത്തില്‍ തമ്പടിച്ച് പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ഏകോപിപ്പിച്ചത് വി.ഡി.സതീശനായിരുന്നു

തിരുവനന്തപുരം : തുടര്‍ച്ചയായ പരാജയങ്ങളിലും നേതാക്കളുടെ കൊഴിഞ്ഞുപോക്കിലും അടിപതറിയിരുന്ന സംസ്ഥാന കോണ്‍ഗ്രസിന് തൃക്കാക്കര വിജയം മൃതസഞ്ജീവനിയാണെങ്കില്‍ നായക സ്ഥാനത്തേക്ക് പതിയെ അടിവച്ചടുക്കുന്നത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ്.

പിണറായി വിജയന്‍ എന്ന ക്യാപ്റ്റന്‍റെ അടവുകള്‍ക്കുമുന്നില്‍ അടിതെറ്റി ആത്മവിശ്വാസം നഷ്ടപ്പെട്ട യു.ഡി.എഫ് അണികളുടെ ആത്മവിശ്വാസം വാനോളം ഉയര്‍ത്തുന്ന തരത്തില്‍ തൃക്കാക്കരയില്‍ വമ്പന്‍ വിജയം നേടിയെങ്കില്‍, മണ്ഡലത്തില്‍ തമ്പടിച്ച് പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ഏകോപിപ്പിച്ചത് വി.ഡി.സതീശനായിരുന്നു.

ഇപ്പുറത്ത് എല്‍.ഡി.എഫിനുവേണ്ടി സാക്ഷാല്‍ പിണറായി വിജയന്‍ നേരിട്ടെത്തി പട നയിക്കുകയും മുഴുവന്‍ മന്ത്രിമാരെയും 60 ലേറെ എം.എല്‍.എമാരെയും കളത്തിലിറക്കുകയും ചെയ്തു. എല്‍.ഡി.എഫ് സെഞ്ച്വറി നേടുമെന്നുമാത്രമല്ല, കേരളത്തിലെ യു.ഡി.എഫിന്‍റെ തകര്‍ച്ച തൃക്കാക്കരയിലൂടെ പൂര്‍ണമാക്കുകയും ചെയ്യുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

എന്നാല്‍ ഇതിനെ തെല്ലും കൂസാതെ ആത്മവിശ്വാസത്തോടെ യു.ഡി.എഫ് ക്യാമ്പിനെ നയിക്കാന്‍ കഴിഞ്ഞതാണ് ഉമ തോമസിന് വന്‍ വിജയം നേടാനായതെന്ന് അണികള്‍ വിലയിരുത്തുന്നു. ഇതെല്ലാം മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ ക്യാപ്റ്റന്‍ വിശേഷണവും ലീഡര്‍ വിശേഷണവുമൊക്കെയായി അണികള്‍ സതീശനെ നെഞ്ചേറ്റുന്നത്.

2006ല്‍ അന്യസംസ്ഥാന ലോട്ടറി ഇടപാട് വിഷയത്തില്‍ സര്‍ക്കാറിനെ കുരുക്കി

2001 മുതല്‍ തുടര്‍ച്ചയായി പറവൂരില്‍ നിന്ന് നിയമസഭയിലെത്തുന്ന സതീശന്‍ 2006ലെ വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരിന്‍റ കാലത്തെ അന്യസംസ്ഥാന ലോട്ടറി ഇടപാടില്‍ സര്‍ക്കാരിനെയും അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിനെയും വീറോടെ നേരിട്ട്, പ്രതിക്കൂട്ടിലാക്കിയിരുന്നു.

ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള അന്നത്തെ പ്രതിപക്ഷ നിരയില്‍ വി.ഡി സതീശന്‍ ശക്തനായി തിളങ്ങിയത് വിഷയങ്ങള്‍ പഠിച്ച് അവതരിപ്പിക്കുന്നതടക്കമുള്ള മികച്ച പ്രകടനത്തിലൂടെയായിരുന്നു. 2011ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകുമ്പോള്‍ സതീശന്‍ മന്ത്രിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും ഉമ്മന്‍ചാണ്ടി അദ്ദേഹത്തെ ഉള്‍പ്പെടുത്തിയില്ല.

അന്ന് നിയമസഭയില്‍ ഭരണപക്ഷത്തെ നാലാം നിരയിലെ ബഞ്ചിലായിരുന്നു സതീശന്‍റെ സ്ഥാനം. തന്നേക്കാള്‍ ജൂനിയറായവരും രാഷ്ട്രീയ പാരമ്പര്യമില്ലാത്തവരുമൊക്കെ യു.ഡി.എഫ് മന്ത്രിമാരായെങ്കിലും സതീശനെ അതൊന്നും നിരാശപ്പെടുത്തിയില്ല. തികഞ്ഞ പോരാളിയായി തന്നെ അദ്ദേഹം നിയമസഭയില്‍ ഭരണ പക്ഷത്തിന്‍റെ രക്ഷകനായി നിലകൊണ്ടു. പരിസ്ഥിതി പ്രശ്നങ്ങളില്‍ സ്വതന്ത്ര നിലപാടുകള്‍ സ്വീകരിച്ചപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പോലും അത് അസ്വസ്ഥപ്പെടുത്തി.

2016ല്‍ രമേശ് ചെന്നിത്തലയ്ക്ക് ശക്തമായ പിന്തുണ

2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയ്ക്ക് ശക്തമായ പിന്തുണ നിയമസഭയില്‍ നല്‍കി. ഏറ്റവുമധികം അടിയന്തിര പ്രമേയ നോട്ടിസ് നല്‍കി സ്വതസിദ്ധമായ വാക്‌സാമര്‍ഥ്യത്തില്‍ സര്‍ക്കാരിനെ പലതവണ പ്രതിക്കൂട്ടിലാക്കി. 2021ല്‍ പിണറായിയുടെ തുടര്‍ഭരണമായപ്പോള്‍ കോണ്‍ഗ്രസ് അതീവ ദുര്‍ബ്ബലമായി.

Also Read: തിരുവനന്തപുരത്ത് വിഡി സതീശന് ഉജ്ജ്വല വരവേല്‍പ്പ് ; ലീഡര്‍ വിളിയിലെ കെണിയില്‍ വീഴില്ലെന്ന് സതീശന്‍

നിയമസഭയില്‍ വിജയിക്കാന്‍ കഴിഞ്ഞതാകട്ടെ വെറും 22 സീറ്റില്‍ മാത്രം. തിരിച്ചുകയറാന്‍ നിയമസഭാകക്ഷിയില്‍ പുതുനേതൃത്വം എന്ന പൊതുവികാരം സതീശനെ പ്രതിപക്ഷ നേതാവാക്കി. അപ്പോഴൊക്കെ നിയമസഭയിലെ മികച്ച പ്രവര്‍ത്തന റിക്കോര്‍ഡുണ്ടായിട്ടും സംസ്ഥാന വ്യാപകമായ ഒരു ജനകീയ പരിവേഷം സതീശന് ലഭിച്ചിരുന്നില്ല. എന്നാല്‍ തൃക്കാക്കര വിജയത്തോടെ തങ്ങളുടെ അഭിമാനം വാനോളമുയര്‍ത്തുക മാത്രമല്ല, പിണറായി എന്ന ക്യാപ്റ്റനെ പിടിച്ചുകെട്ടാന്‍ തന്‍റെ പ്രകടനത്തിന് സാധിച്ചെന്ന വികാരം അണികളുടെ സിരകളിലെത്തിക്കാന്‍ സതീശനായി .

ലീഡറെന്ന് പ്രവര്‍ത്തകരുടെ വിളിയില്‍ നേതാക്കള്‍ക്ക് മുറുമുറുപ്പ്

പുതിയ കോണ്‍ഗ്രസ് നേതൃത്വത്തില്‍ കൂടുതല്‍ സ്വീകാര്യത ഇതുവരെ സുധാകരനായിരുന്നെങ്കില്‍ പൊടുന്നനെ അത് സതീശനിലേക്ക് തിരിയുന്നതും പ്രകടമാണ്. സതീശനെ ക്യാപ്റ്റനെന്നും ലീഡറെന്നുമൊക്കെ വിളിച്ച് അണികള്‍ ആഹ്‌ളാദം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസിലെ സ്ഥാന മോഹികള്‍ ഇതില്‍ ഖിന്നരാണ്.

വളരെ പെട്ടെന്ന് സതീശന്‍ സ്വന്തമായി ഒരിടം വികസിപ്പിക്കുതില്‍ കെ. മുരളീധരനടക്കമുള്ള നേതാക്കള്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നതിന് കാരണം ഇതാണ്. പരാജയങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ തയ്യാറാകാത്ത കോണ്‍ഗ്രസിന്‍റെ ശാപവും ഇതുതന്നെ. പക്ഷേ നേതാക്കളുടെ ചൊരുക്ക് മനസിലാക്കിയ സതീശന്‍റെ പ്രതികരണങ്ങള്‍ കരുതലോടെയാണ്. താന്‍ ലീഡറോ ക്യാപ്‌റ്റനോ അല്ലെന്ന് വ്യക്തമാക്കിയ സതീശന്‍ ആ കെണിയില്‍ വീഴില്ലെന്ന പരസ്യ പ്രഖ്യാപനവും നടത്തിക്കഴിഞ്ഞു.

അസ്വസ്ഥര്‍ക്കുള്ള മറുപടിയായി ഇതിനെ കണക്കാക്കാം. അവധാനതയോടെ കാര്യങ്ങളെ സമീപിക്കുക മാത്രമല്ല, തൃക്കാക്കരയ്ക്ക് സമാനമായ റസള്‍ട്ടുണ്ടാക്കിയാല്‍ ജനമനസുകളില്‍ സ്വാഭാവിക സ്ഥാനം ലഭിക്കുമെന്ന് സതീശന്‍ മനസിലാക്കിക്കഴിഞ്ഞു. അത് കണക്കാക്കിയുള്ള കരുക്കളാകും സംസ്ഥാന രാഷ്ട്രീയത്തില്‍ ഇനി സതീശന്‍ നിരത്തുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.