ETV Bharat / state

V Sivankutty On Mid Day Meal Scheme: 'പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാര്‍, പ്രശ്‌നം പരിഹരിക്കാൻ വേണ്ട നടപടിയെടുക്കും': വി ശിവന്‍കുട്ടി

author img

By ETV Bharat Kerala Team

Published : Sep 7, 2023, 8:31 PM IST

V Sivankutty on Mid Day Meal  Mid Day Meal  V Sivankutty  Education Minister V Sivankutty  Mid Day Meal Scheme  Education Minister  പ്രതിസന്ധിക്ക് കാരണം കേന്ദ്രസർക്കാര്‍  കേന്ദ്ര സർക്കാര്‍  പ്രശ്‌നം പരിഹരിക്കാൻ വേണ്ട നടപടിയെടുക്കും  വി ശിവന്‍കുട്ടി  ശിവന്‍കുട്ടി  മന്ത്രി  പദ്ധതി  ഉച്ചഭക്ഷണ ഫണ്ട് വിതരണം  പൊതു വിദ്യാഭ്യാസ വകുപ്പ്
V Sivankutty on Mid Day Meal

Education Minister V Sivankutty On Mid Day Meal Scheme: മറ്റ്‌ സംസ്ഥാനങ്ങളെക്കാൾ മികച്ച രീതിയിലാണ് കേരളത്തിൽ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിയിലെ (Mid Day Meal Scheme) സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാരാണെന്നും (Central Government) സംസ്ഥാനതലത്തിൽ പ്രശ്‌നം പരിഹരിക്കാൻ വേണ്ട നടപടിയെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി (Education Minister) വി ശിവൻകുട്ടി (V Sivankutty). പദ്ധതിയുടെ ഫണ്ടിൽ 60 ശതമാനം കേന്ദ്ര സർക്കാരും 40 ശതമാനം കേരള സർക്കാരുമാണ് വഹിക്കുന്നത്. കേന്ദ്രവിഹിതം ലഭിക്കുന്നതിനുള്ള പ്രൊപ്പോസലുകളും മുൻ വർഷത്തെ ധനവിനിയോഗ പത്രങ്ങളും സമയബന്ധിതമായി സമർപ്പിച്ചാലും അനാവശ്യമായ തടസവാദങ്ങൾ ഉയർത്തി തുക അനുവദിക്കുന്നത് വൈകിപ്പിക്കുകയോ അല്ലെങ്കിൽ നിഷേധിക്കുകയോ ചെയ്യുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും അദ്ദേഹം വാർത്താകുറിപ്പിലൂടെ വിശദീകരിച്ചു.

വിശദീകരണം ഇങ്ങനെ: ഉച്ചഭക്ഷണ ഫണ്ട് വിതരണം സംബന്ധിച്ച ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കും. മറ്റ്‌ സംസ്ഥാനങ്ങളെക്കാൾ മികച്ച രീതിയിലാണ് കേരളത്തിൽ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നത്. അതിനുള്ള പ്രധാനകാരണം അധ്യാപകരുടെയും സ്‌കൂൾ അധികൃതരുടെയും പൊതുസമൂഹത്തിന്‍റെ തന്നെയുമുള്ള പിന്തുണയാണ്. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു അധ്യാപകനും വ്യക്തിപരമായ സാമ്പത്തിക നഷ്‌ടമുണ്ടാകില്ലെന്ന് ഉറപ്പാക്കാൻ വേണ്ട നടപടി കൈക്കൊള്ളുമെന്നും മന്ത്രി ശിവൻകുട്ടി അഭിപ്രായപ്പെട്ടു.

ഈ വിഷയവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട് സംബന്ധിച്ച് പരിശോധന നടത്തി അധ്യാപകർക്കുണ്ടായ ബുദ്ധിമുട്ടുകൾ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ഷാനവാസ് എസ്‌ ഐഎഎസിനെ ചുമതലപ്പെടുത്തി. വിഷയം ചർച്ച ചെയ്യാൻ അധ്യാപക സംഘടനകളുടെ യോഗം വിളിച്ചുചേർക്കുമെന്നും മന്ത്രി അറിയിച്ചു. ഇത്തരം വിഷയങ്ങൾ രാഷ്ട്രീയവൽക്കരിക്കുകയല്ല വേണ്ടതെന്നും പരിഹരിക്കാനുള്ള കൂട്ടായ ശ്രമങ്ങളാണ് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അധ്യാപക സംഘടനകൾ പ്രക്ഷോഭത്തിലേക്ക്: ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി സർക്കാർ സൃഷ്‌ടിച്ചതാണെന്നും സ്‌കൂൾ തുറന്ന് മൂന്നുമാസങ്ങൾ പിന്നിട്ടിട്ടും ഉച്ചഭക്ഷണം വിതരണം ചെയ്‌ത തുക ഇതുവരെ ലഭ്യമാക്കിയിട്ടില്ലെന്നും പരിപാടി നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കെപിഎസ്‌ടിഎ സംസ്ഥാന സമിതി സെപ്റ്റംബർ 13 മുതൽ സെക്രട്ടേറിയറ്റ്‌ പടിക്കൽ ത്രിദിന സത്യാഗ്രഹം സംഘടിപ്പിക്കും. തുടർന്ന് സെപ്റ്റംബർ 16ന് വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്താനും സംസ്ഥാന സമിതി തീരുമാനിച്ചിട്ടുണ്ട്.

Also Read: Vidyadhiraja School Mid Day Meal Program Crisis കുട്ടികളെ പട്ടിണിക്കിടില്ല ; വിദ്യാധിരാജ സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് അധ്യാപകർ ഏറ്റെടുക്കും

ഉച്ചഭക്ഷണ പദ്ധതി കേരളത്തില്‍: നിലവിൽ ഒന്ന്‌ മുതൽ എട്ട് വരെയുള്ള കുട്ടികൾക്ക് ഉച്ചഭക്ഷണ പദ്ധതിയിൽ ഉള്‍പ്പെടുത്തി ചോറും കറിയും രണ്ട് വിഭവങ്ങളുമാണ് നൽകി വരുന്നത്. മാത്രമല്ല ആഴ്‌ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം മുട്ടയും ഇതില്‍ ഉള്‍പ്പെടും. ഫണ്ടിൻ്റെ ലഭ്യതയും താത്‌പര്യവും അനുസരിച്ച് മത്സ്യ, മാംസാഹാരങ്ങൾ മെനുവിൽ ഉൾപ്പെടുത്താനും സംസ്ഥാന സർക്കാർ നിർദേശമുണ്ട്. ഇതെല്ലാം കാര്യക്ഷമമായി നടപ്പാക്കിയതിലൂടെയാണ് ഉച്ചഭക്ഷണ പദ്ധതിയില്‍ കേരളം ഒന്നാമതെത്തുന്നത്.

അതായത് മൂവായിരത്തോളം കുട്ടികൾ വരെ ആഘോഷപൂർവം ഉച്ചഭക്ഷണം കഴിക്കുന്ന സ്‌കൂൾ വരെ കേരളത്തിലുണ്ട്. ഇതിനോട് വിമുഖത കാണിക്കുന്ന രക്ഷിതാക്കളുടെ എണ്ണവും വളരെ കുറഞ്ഞുവെന്നതും കുട്ടികളുടെ ജന്മദിനത്തിലും വിശേഷാൽ ദിവസങ്ങളിലും മിഠായി കൊണ്ടുവരുന്നതിന് പകരം ഭക്ഷണസാധനങ്ങൾ നൽകി ഉച്ചയൂണ് വിഭവ സമൃദ്ധമാക്കുന്നതുമെല്ലാം അടയാളപ്പെടുത്തുന്നത് ഈ പദ്ധതിയുടെ വിജയം തന്നെയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.