ETV Bharat / state

POCSO Case | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച പുരോഹിതന്‍റെ ജാമ്യാപേക്ഷ തള്ളി തിരുവനന്തപുരം പോക്‌സോ കോടതി

author img

By

Published : Jun 21, 2023, 7:28 PM IST

പെരുങ്കടവിള സ്വദേശി ഫാദർ ജെസ്റ്റിന്‍റെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം പോക്സോ കോടതി ജഡ്‌ജി എം പി ഷിബു തള്ളിയത്. സ്‌കൂള്‍ മാനേജരും ബാസ്‌കറ്റ് ബോൾ കോച്ചുമായിരുന്നു ഫാദര്‍ ജസ്റ്റിന്‍. ഇയാളുടെ അടുത്ത് കോച്ചിങ്ങിന് എത്തിയ കുട്ടികളെ പീഡിപ്പിച്ചതാണ് കേസ്

Court News  POCSO Case against priest  POCSO  പുരോഹിതന്‍റെ ജാമ്യാപേക്ഷ തള്ളി  POCSO Case  തിരുവനന്തപുരം പോക്സോ കോടതി  ജഡ്‌ജി എം പി ഷിബു  ബാസ്ക്കറ്റ് ബോൾ  പോക്‌സോ  നെയ്യാർ ഡാം പൊലീസ്
POCSO Case against priest

തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡനത്തിന് ഇരകളാക്കിയ കേസില്‍ പുരോഹിതന്‍റെ ജാമ്യാപേക്ഷ പോക്‌സോ കോടതി തള്ളി. പെരുങ്കടവിള മാരായമുട്ടം നീലറത്തല മേലേവീട്ടിൽ ഫാദർ ജെസ്റ്റിന്‍റെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം പോക്സോ കോടതി ജഡ്‌ജി എം പി ഷിബു തള്ളിയത്. ഇക്കഴിഞ്ഞ ജൂണ്‍ രണ്ട് മുതല്‍ റിമാന്‍ഡില്‍ കഴിഞ്ഞ് വരികയാണ് പ്രതി.

സ്‌കൂള്‍ മാനേജരും ബാസ്‌കറ്റ് ബോൾ കോച്ചുമായിരുന്നു ഫാദര്‍ ജസ്റ്റിന്‍. ഇയാളുടെ അടുത്ത് കോച്ചിങ്ങിന് എത്തിയ പതിനൊന്നും പന്ത്രണ്ടും പതിനഞ്ചും വയസുള്ള മൂന്ന് പെൺകുട്ടികളെ വിവിധ കാലയളവിൽ പീഡനത്തിന് ഇരകളാക്കിയെന്നാണ് കേസ്. പള്ളിമേടയില്‍ ഉള്‍പ്പടെ വിവിധയിടങ്ങളില്‍ എത്തിച്ച് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു പ്രതി. ഇയാള്‍ നിരവധി കുട്ടികളെ ഇത്തരത്തില്‍ പീഡനത്തിന് ഇരകളാക്കിയിട്ടുണ്ടെന്നും ഭയം കാരണം ആരും പൊലീസില്‍ പരാതിപ്പെടാതെ പിന്മാറുകയായിരുന്നു എന്നുമാണ് വിവരം.

നെയ്യാർ ഡാം പൊലീസ് ആണ് ഫാദര്‍ ജസ്റ്റിനെതിരെ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തത്. ജൂണ്‍ രണ്ടിന് ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യിക്കുകയും ആയിരുന്നു. തുടർന്ന് പ്രതിയെ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയും അന്വേഷണം നടത്തുകയും ചെയ്‌തു.

അതേസമയം ബാസ്‌കറ്റ് ബോൾ ടൂർണമെന്‍റ് നടത്താത്തതിലുള്ള വിരോധം മൂലം പെൺകുട്ടികൾ ഫാദര്‍ ജസ്റ്റിനെതിരെ കള്ള പരാതി നല്‍കുകയായിരുന്നു എന്നാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. എന്നാല്‍ പ്രതിഭാഗത്തിന്‍റെ വാദം കോടതി നിരസിച്ചു. കൂടാതെ ഉന്നത പദവിയില്‍ ഇരിക്കുന്ന, സ്വാധീനമുള്ള പ്രതിയെ ജാമ്യത്തിൽ വിട്ടാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്താനും അന്വേഷണം അട്ടിമറിക്കാനും സാധ്യത ഉണ്ടെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ കെ അജിത് പ്രസാദ് ഹാജരായി.

പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കലിന് ജീവപര്യന്തം : ജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ പുരാവസ്‌തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന് ജീവപര്യന്തം തടവും 5,25,000 രൂപ പിഴയും. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് എറണാകുളം ജില്ല പോക്‌സോ കോടതിയുടെ വിധി. മോന്‍സണെതിരെ ചുമത്തിയ 13 കുറ്റങ്ങളിൽ 10 എണ്ണത്തിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 354, 376 (3) വകുപ്പുകൾ പ്രകാരവും പോക്സോ നിയമത്തിലെ 7, 8 വകുപ്പുകള്‍ പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് ചൂണ്ടിക്കാട്ടി ജഡ്‌ജി കെ സോമനാണ് ശിക്ഷ പ്രഖ്യാപിച്ചത്. കേസില്‍ മോന്‍സണ്‍ മാവുങ്കലിനെതിരെ എല്ലാ കുറ്റങ്ങള്‍ക്കും തെളിവ് ലഭിച്ചതായി കോടതി വ്യക്തമാക്കി. 2011 ലാണ് കേസിനാസ്‌പദമായ സംഭവം.

വിദ്യാഭ്യാസത്തിന് സഹായം വാഗ്‌ദാനം ചെയ്‌താണ് പെണ്‍കുട്ടിയെ മോന്‍സണ്‍ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ഒന്നില്‍ കൂടുതല്‍ തവണ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. 2022 മാർച്ചിൽ തുടങ്ങിയ വിചാരണയിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച അന്തിമ വാദം പൂർത്തിയാക്കിയാണ് ജൂണ്‍ 17ന് വിധി പ്രഖ്യാപിച്ചത്. അതേസമയം അപ്പീല്‍ പോകുമെന്ന് മോന്‍സണ്‍ പ്രതികരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.