ETV Bharat / sports

റണ്‍വേട്ടയില്‍ ബഹുദൂരം മുന്നില്‍ കോലി; പര്‍പ്പിള്‍ ക്യാപ് ഹര്‍ഷല്‍ പട്ടേലിന് - Orange and Purple Cap Winners

author img

By ETV Bharat Kerala Team

Published : May 27, 2024, 9:24 AM IST

Updated : May 27, 2024, 9:30 AM IST

ഐപിഎല്‍ പതിനേഴാം പതിപ്പിലെ ഓറഞ്ച് ക്യാപ് സ്വന്തമാക്കി വിരാട് കോലി. വിക്കറ്റ് വേട്ടക്കാര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ് പഞ്ചാബ് കിങ്‌സിന്‍റെ ഹര്‍ഷല്‍ പട്ടേലാണ് സ്വന്തമാക്കിയത്.

IPL 2024  ORANGE CAPE WINNER  PURPLE CAP WINNER  VIRAT KOHLI
Harshal Patel and Virat Kohli (IANS)

ചെന്നൈ: ഐപിഎല്‍ പതിനേഴാം പതിപ്പിലെ റണ്‍വേട്ടക്കാര്‍ക്കുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെ ഓപ്പണറായ വിരാട് കോലി. ഐപിഎല്ലില്‍ രണ്ടാമത്തെ പ്രാവശ്യമാണ് വിരാട് കോലി ഓറഞ്ച് ക്യാപ് സ്വന്തമാക്കുന്നത്. 2016ല്‍ ആയിരുന്നു ആദ്യത്തെ നേട്ടം.

ഇതോടെ, ഐപിഎല്‍ ചരിത്രത്തില്‍ രണ്ട് തവണ ഓറഞ്ച് ക്യാപ്പ് നേടുന്ന ആദ്യത്തെ ഇന്ത്യൻ താരമായും വിരാട് കോലി മാറി. ഇത്തവണത്തെ ഐപിഎല്ലില്‍ ആര്‍സിബിക്കായി 15 മത്സരങ്ങളില്‍ നിന്നും 741 റണ്‍സാണ് കോലി നേടിയത്. 61.70 ശരാശരിയില്‍ 154.70 സ്ട്രൈക്ക് റേറ്റിലായിരുന്നു ഈ സീസണില്‍ വിരാട് കോലി ബാറ്റ് വീശിയത്.

ഇത്തവണ ആര്‍സിബിയുടെ പ്ലേഓഫിലേക്കുള്ള കുതിപ്പില്‍ നിര്‍ണായക പ്രകടനമായിരുന്നു വിരാട് കോലിയുടേത്. ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധസെഞ്ച്വറികളുമായിരുന്നു താരം ഈ വര്‍ഷം നേടിയത്. ഓറഞ്ച് ക്യാപ്പ് ലിസ്റ്റിലെ രണ്ടാം സ്ഥാനക്കാരനേക്കാള്‍ 158 റണ്‍സാണ് കോലി അധികമായി അടിച്ചെടുത്തത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ റിതുരാജ് ഗെയ്‌ക്‌വാദാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തത്. 14 കളിയില്‍ 583 റണ്‍സായിരുന്നു ചെന്നൈ നായകന്‍റെ സമ്പാദ്യം. രാജസ്ഥാൻ റോയല്‍സ് താരം റിയാൻ പരാഗ് (573), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഓപ്പണര്‍ ട്രാവിസ് ഹെഡ് (567) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. രാജസ്ഥാൻ റോയല്‍സ് ക്യാപ്‌റ്റൻ സഞ്ജു സാംസണ്‍ ആണ് പട്ടികയിലെ അഞ്ചാമൻ.

16 കളിയില്‍ 531 റണ്‍സാണ് സഞ്ജു സാംസണ്‍ നേടിയത്. 48.27 ശരാശരിയില്‍ 153.46 സ്ട്രൈക്ക് റേറ്റില്‍ ആയിരുന്നു ഇത്തവണ സഞ്ജുവിന്‍റെ ബാറ്റിങ്. അഞ്ച് അര്‍ധസെഞ്ച്വറിയും താരം ഇത്തവണ നേടിയിരുന്നു.

വീണ്ടും പര്‍പ്പിള്‍ പട്ടേല്‍: ഐപിഎല്‍ പതിനേഴാം പതിപ്പില്‍ വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയത് പഞ്ചാബ് കിങ്‌സിന്‍റെ ഹര്‍ഷല്‍ പട്ടേലാണ്. ഹര്‍ഷലും ഇത് രണ്ടാം തവണയാണ് ഐപിഎല്ലില്‍ പര്‍പ്പിള്‍ ക്യാപ്പ് സ്വന്തം തലയിലാക്കുന്നത്. ഐപിഎല്‍ പതിനേഴാം പതിപ്പില്‍ പഞ്ചാബിനായി 14 മത്സരം കളിച്ച താരം 24 വിക്കറ്റായിരുന്നു എറിഞ്ഞിട്ടത്.

ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ് രണ്ടാം സ്ഥാനത്ത്. 15 കളിയില്‍ 21 വിക്കറ്റാണ് താരം സ്വന്തമാക്കിയത്. 20 വിക്കറ്റ് നേടിയ മുംബൈ ഇന്ത്യൻസിന്‍റെ ജസ്‌പ്രീത് ബുംറയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. സണ്‍റൈസേഴ്‌സ് താരം ടി നടരാജൻ, കൊല്‍ക്കത്തയുടെ ഹര്‍ഷിത് റാണ, രാജസ്ഥാൻ റോയല്‍സ് പേസര്‍ ആവേശ് ഖാൻ, പഞ്ചാബ് കിങ്സ് താരം അര്‍ഷ്‌ദീപ് സിങ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ആന്ദ്രേ റസല്‍ എന്നിവര്‍ 19 വിക്കറ്റാണ് ടൂര്‍ണമെന്‍റില്‍ നേടിയത്.

Also Read : മുഖം തിരിച്ച് കണ്ണ് തുടച്ചു, വേദനയിലും കൊല്‍ക്കത്തയ്‌ക്ക് കയ്യടി; ഹൈദരാബാദിന്‍റെ തോല്‍വിയില്‍ ഹൃദയം തകര്‍ന്ന് കാവ്യ മാരൻ - Kavya Maran In Tears

Last Updated : May 27, 2024, 9:30 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.