ETV Bharat / state

Kerala Rain | സംസ്ഥാനത്ത് നാല് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്

author img

By

Published : Jul 25, 2023, 3:35 PM IST

വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ട്.

Kerala Rain  Rain continues on following four days  Rain  Kerala Rain Latest news  Heavy rain continues in Kerala  Yellow Alert  സംസ്ഥാനത്ത് നാല് ദിവസം കൂടി ശക്തമായ മഴ  മഴ തുടരും  മഴ  ശക്തമായ മഴ  യെല്ലോ അലര്‍ട്ട്  വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ്  തിരമാല  കോഴിക്കോട്  തിരുവനന്തപുരം  വിഴിഞ്ഞം
സംസ്ഥാനത്ത് നാല് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ഏഴ് ജില്ലകളിലാണ് ചൊവ്വാഴ്‌ച യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

തോര്‍ന്നുതീരാതെ മഴ: കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുകയാണ്. രാത്രി മലയോര മേഖലകളില്‍ ഇടവിട്ട് വ്യാപകമായി മഴ ലഭിച്ചിക്കുന്നുണ്ട്. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവരും തീരദേശത്തും പുഴയരികിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇതിനിടെ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും, വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തികൂടിയ ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് വീണ്ടും തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ച് പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ്‌ ദിശയില്‍ സഞ്ചരിച്ച് വടക്കന്‍ ആന്ധ്രാപ്രദേശ് - തെക്കന്‍ ഒഡിഷ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഭീതി വര്‍ധിപ്പിച്ച് ചക്രവാതച്ചുഴി: ഇതുകൂടാതെ വടക്ക് പടിഞ്ഞാറന്‍ മധ്യപ്രദേശിന് മുകളില്‍ ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. കച്ചിന് മുകളില്‍ മറ്റൊരു ചക്രവാതചുഴി നിലനില്‍ക്കുന്നുമുണ്ട്. ഇവയുടെയെല്ലാം സ്വാധീനത്തില്‍ സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരാം. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലുമാകും ശക്തമായ മഴയുണ്ടാവുക.

ബുധനാഴ്‌ച എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരങ്ങളില്‍ ബുധനാഴ്‌ച രാത്രി 11.30 വരെ 2.8 മുതല്‍ 3.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്: മത്സ്യത്തൊഴിലാളികളും തീരദേശവാസികളും കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കേണ്ടതാണ്. കൂടാതെ മത്സ്യബന്ധന യാനങ്ങള്‍ സുരക്ഷിതമായ അകലത്തില്‍ കെട്ടിയിട്ട് സൂക്ഷിക്കാനും മത്സ്യത്തൊഴിലാളികള്‍ ശ്രദ്ധിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

നാശനഷ്‌ടങ്ങള്‍ ഏറെ: കഴിഞ്ഞദിവസം കാസർകോടുണ്ടായ കനത്ത മഴയിൽ തൃക്കണ്ണാട് കടപ്പുറത്ത് കെട്ടിടം തകർന്ന് വീണിരുന്നു. മാത്രമല്ല ജില്ലയിൽ മഴ ശക്തിപ്രാപിച്ചതോടെ വിവിധ ഇടങ്ങളിൽ വീടുകൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്‌തു. പലയിടത്തും മരം വീണ് ഗതാഗത തടസവും വൈദ്യുതിബന്ധം തടസപ്പെടുകയും ചെയ്‌ത സാഹചര്യവുമുണ്ടായി. എന്നാല്‍ കടൽക്ഷോഭം രൂക്ഷമായ മേഖലയിൽ മത്സ്യത്തൊഴിലാളികൾ പ്രതിഷേധം തുടരുകയാണ്. പാണത്തൂർ – സുള്ള്യ സംസ്ഥാന പാതയിൽ മണ്ണിടിഞ്ഞ്‌ റോഡിൽ വിള്ളലുണ്ടായതിനെ തുടർന്ന്‌ രാത്രി യാത്ര കലക്‌ടർ നിരോധിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.