ETV Bharat / state

Kerala Fever | തിരുവനന്തപുരത്ത് മൂന്ന് പനി മരണം കൂടി ; സ്ഥിരീകരിച്ചതില്‍ എലിപ്പനിയും

author img

By

Published : Jul 4, 2023, 4:48 PM IST

വിതുര, വെഞ്ഞാറമ്മൂട്, വാമനപുരം എന്നിവിടങ്ങളിലെ ആളുകളാണ് മരിച്ചത്

തിരുവനന്തപുരത്ത് മൂന്ന് പനി മരണം കൂടി  Kerala Fever latest updates Thiruvananthapuram  തിരുവനന്തപുരം പനി മരണം കൂടി
Kerala Fever

തിരുവനന്തപുരം : സംസ്ഥാന തലസ്ഥാനത്ത് മൂന്ന് പനി മരണം കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്‌തു. തിരുവനന്തപുരത്തെ പനി മരണത്തില്‍ ഒന്ന് എലിപ്പനി മൂലമാണ്. 31 വയസുള്ള വാമനപുരം കാഞ്ഞിരംപാറ സ്വദേശി അനീഷാണ് എലിപ്പനി ബാധിച്ചുമരിച്ചത്. ഞായറാഴ്‌ചയാണ് (ജൂലൈ രണ്ട്) അനീഷ് മരിച്ചത്. ഇന്നാണ് ഇയാള്‍ക്ക്, എലിപ്പനിയാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത്.

പനിയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു അനീഷ്. വിതുര മേമല സ്വദേശി സുശീലയാണ് പനി ബാധിച്ച് മരിച്ചത്. സുശീലയും മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മുന്‍പ്, രണ്ട് ദിവസം വിതുര താലൂക്ക് ആശുപത്രിയിലും ഇവര്‍ ചികിത്സ തേടിയിരുന്നു. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജില്‍ ഇന്നലെ പ്രവേശിപ്പിച്ചത്.

വെഞ്ഞാറമ്മൂടും ഒരു പനി മരണം റിപ്പോര്‍ട്ട് ചെയ്‌തു. വെഞ്ഞാറമ്മൂട് സ്വദേശി രവീന്ദ്രന്‍ നായരാണ് പനി ബാധിച്ച് മരിച്ചത്. 65 വയസായിരുന്നു. പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം തന്നെ മരണവും കൂടുന്നുണ്ട്. സര്‍ക്കാറിന്‍റെ ഔദ്യോഗിക രേഖകളില്‍ ഒരു മാസത്തിനിടെ 10 മരണമാണ് രേഖപ്പെടുത്തിയത്. എന്നാല്‍, പനിമരണ കണക്ക് ഇതിലും ഏറെ വലുതെന്നാണ് വിവരം. 27 പേര്‍ എലിപ്പനി ബാധിച്ച് മരിച്ചതായാണ് കണക്ക്. 13 പേര്‍ എച്ച്‌ വണ്‍ എന്‍ വണ്‍ ബാധിച്ചും മരിച്ചിട്ടുണ്ട്.

അടുത്ത രണ്ടാഴ്‌ച നിര്‍ണായകം : സംസ്ഥാനത്ത് മഴ ശക്തമായതോടെ അടുത്ത രണ്ടാഴ്‌ച നിര്‍ണായകമാണെന്ന് ആരോഗ്യ വകുപ്പ്. ജൂലൈ മാസത്തില്‍ പനി ബാധിതരുടെ എണ്ണം വര്‍ധിക്കുമെന്ന് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പനി കേസുകള്‍ ക്രമാതീതമായി വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ജൂണ്‍ 13 മുതല്‍ പതിനായിരത്തിന് മുകളിലാണ് സംസ്ഥാനത്ത പനി ബാധിതരുടെ എണ്ണം. ഡെങ്കി, എലിപ്പനി, എച്ച് വണ്‍ എന്‍ വണ്‍ കേസുകളും വര്‍ധിക്കുന്നുണ്ട്.

ജൂണ്‍ മാസം മുതല്‍ ഇന്നലെ വരെ മൂന്നര ലക്ഷത്തിലധികം പേര്‍ക്കാണ് പനി ബാധിച്ചത്. കൃത്യമായ കണക്ക് പരിശോധിച്ചാല്‍ സംസ്ഥാനത്ത് 324,604 പേര്‍ പനി ബാധിച്ച് 33 ദിവസത്തിനിടെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. 2,018 പേര്‍ക്കാണ് ഈ കാലയളവില്‍ ഡെങ്കിപ്പനി ബാധിച്ചത്. 190പേര്‍ക്ക് എലിപ്പനിയും ബാധിച്ചിരുന്നു.

ആരോഗ്യ വകുപ്പിന്‍റെ അടിയന്തര യോഗം: പകര്‍ച്ചപ്പനി വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്‍റെ അടിയന്തര യോഗം ചേരും. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എന്ത് മാറ്റം വേണമെന്നത് പരിശോധിക്കാനാണ് യോഗം ചേരുന്നത്. വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്ന പനിക്കേസുകളിലെ വര്‍ധന എങ്ങനെ കൈകാര്യം ചെയ്യാം എന്നതിലാണ് ആരോഗ്യ വകുപ്പിന്‍റെ ശ്രദ്ധ മുഴുവന്‍. പൊതുജനങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് പ്രത്യേക ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. പനി ബാധിച്ചാല്‍ സ്വയം ചികിത്സ പാടില്ലെന്നും അടിയന്തരമായി ആശുപത്രികളില്‍ ചികിത്സ തേടണമെന്നുമാണ് ആരോഗ്യ വകുപ്പ് ആവശ്യപ്പെടുന്നത്.

ALSO READ | Fever Death| തൃശൂരിൽ വീണ്ടും ഡെങ്കിപ്പനി മരണം. മരിച്ചത് അവിണിശ്ശേരി സ്വദേശി അനീഷ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.