ETV Bharat / state

ആശുപത്രി സംരക്ഷണ നിയമ ഭേദഗതി സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു, നിയമം കൃത്യമായി നടപ്പിലാക്കണം : ഐഎംഎ

author img

By

Published : May 17, 2023, 6:16 PM IST

Updated : May 17, 2023, 7:01 PM IST

ആരോഗ്യ മേഖലയുടെ വര്‍ഷങ്ങളായിട്ടുള്ള ആവശ്യം നിറവേറിയതില്‍ സന്തോഷമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്‍റ് സുല്‍ഫി നൂഹ്. നിയമങ്ങള്‍ കൊണ്ടുവന്നാല്‍ മാത്രം ആക്രമണം ചെറുക്കാനാകില്ലെന്നും അത് കൃത്യമായി നടപ്പിലാക്കണമെന്നും ഐഎംഎ.

IMA President Zulfi Nooh  Hospital Protection Act Ordinance  ആശുപത്രി സംരക്ഷണ നിയമ ഓര്‍ഡിനന്‍സ്  സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു  നിയമം കൃത്യമായി നടപ്പിലാക്കണം  ഐഎംഎ സംസ്ഥാന പ്രസിഡന്‍റ് സുല്‍ഫി നൂഹ്  ആശുപത്രി സംരക്ഷണ നിയമം  ആശുപത്രി സംരക്ഷണ നിയമ ഭേദഗതി  ആരോഗ്യ മേഖലയ്‌ക്ക് ആശ്വാസം  തിരുവനന്തപുരം വാര്‍ത്തകള്‍  kerala news updates  latest news in kerala
ആശുപത്രി സംരക്ഷണ നിയമ ഭേദഗതി

ഐഎംഎ സംസ്ഥാന പ്രസിഡന്‍റ് ഡോ. സുല്‍ഫി നൂഹ് മാധ്യമങ്ങളോട്

തിരുവനന്തപുരം : ആശുപത്രി സംരക്ഷണ നിയമം ഓർഡിനൻസായി പുറത്തിറക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ) സംസ്ഥാന പ്രസിഡന്‍റ് ഡോ. സുല്‍ഫി നൂഹ്. ആരോഗ്യ പ്രവർത്തകരുടെ ഏറെ നാളായുള്ള ആവശ്യമാണ് മന്ത്രിസഭ അംഗീകരിച്ചിരിക്കുന്നത്. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ ഭൂരിഭാഗവും അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം തലസ്ഥാനത്ത് മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാറിന്‍റെ തീരുമാനം തൃപ്‌തി നൽകുന്നതാണ്. ശക്തമായ നിയമത്തിൽ മാത്രം ആശുപത്രികളിലെ അതിക്രമങ്ങൾ തടയാൻ സാധിക്കില്ല. അവയെല്ലാം കൃത്യമായി നടപ്പിലാക്കുകയും വേണമെന്നും ഭാരവാഹികള്‍ പറഞ്ഞു.

ആശുപത്രികളില്‍ നിയമം ദുരുപയോഗം ചെയ്യാതിരിക്കാനാവശ്യമായ ജാഗ്രത പുലർത്തും. സുരക്ഷാജീവനക്കാരെ പരിശീലനം നൽകിയ ശേഷം മാത്രം നിയമിക്കണം. ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന്‍റെ മാതൃകയിൽ ഒരു പ്രത്യേക ഫോഴ്‌സ് തന്നെ രൂപീകരിക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയോട് ഉന്നയിച്ചിട്ടുണ്ടെന്നും സുല്‍ഫി നൂഹ് പറഞ്ഞു.

അക്കാര്യം പരിഗണിക്കാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇതിൽ പ്രതീക്ഷയുണ്ട്. ആശുപത്രികളിൽ സിസിടിവി സ്ഥാപിക്കണം. ആരോഗ്യപ്രവർത്തകരുടെ എണ്ണം വർധിപ്പിക്കണം. അതോടൊപ്പം ആശുപത്രികളുടെ പശ്ചാത്തല സൗകര്യം കൂടി വികസിപ്പിച്ചാൽ സംഘർഷങ്ങളിൽ ഒരു പരിധി വരെ കുറവ് വരുത്താൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരാശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്ന രോഗികളാണ് ഏറ്റവും പ്രധാനം. അവർക്ക് ബുദ്ധിമുട്ടുണ്ടാകാൻ പാടില്ല. രോഗികൾക്ക് ശരിയായ ചികിത്സ ഉറപ്പുവരുത്താൻ കൂടിയാണ് ഈ നിയമം ആവശ്യപ്പെടുന്നതെന്നും ഐഎംഎ ഭാരവാഹികൾ വ്യക്തമാക്കി. ഡോക്‌ടര്‍മാർക്കെതിരെ സൈബർ ഇടങ്ങളിൽ നടക്കുന്ന അതിക്രമങ്ങൾ തടയുന്നത് നിയമത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതുൾപ്പടെ നിയമത്തിൽ എന്തെങ്കിലും മാറ്റം ആവശ്യമാണെങ്കിൽ പരിശോധിച്ച ശേഷം നിർദ്ദേശിക്കുമെന്നും ഡോ.സുല്‍ഫി നൂഹ് പറഞ്ഞു.

ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ ആക്രമിക്കപ്പെടാതിരിക്കാൻ പൊതുസമൂഹം സഹകരിക്കണം. പരാതി ഉന്നയിക്കുമ്പോൾ ഡോക്‌ടർമാരെ സമ്മർദത്തിലാക്കുന്ന നടപടി രാഷ്ട്രീയ നേതൃത്വം സ്വീകരിക്കരുതെന്നും ഐഎംഎ ആവശ്യപ്പെട്ടു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഡോക്‌ടർ വന്ദന ദാസിന്‍റെ കുടുംബത്തിന് അർഹമായ നഷ്‌ട പരിഹാരം നൽകണമെന്നും ഐഎംഎ ആവശ്യപ്പെട്ടിട്ടുണ്ട്.

ആരോഗ്യ മേഖലയ്‌ക്ക് ആശ്വാസം : ബുധനാഴ്‌ച ചേര്‍ന്ന മന്ത്രിസഭായോഗത്തിന് ശേഷമാണ് ആശുപത്രി സംരക്ഷണ നിയമത്തിന്‍റെ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. 2012ലെ നിയമങ്ങളില്‍ ഭേദഗതി വരുത്തിയാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. ആശുപത്രിയിലുണ്ടാകുന്ന ആക്രമണങ്ങളിലെ പ്രതികള്‍ക്ക് ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ ശിക്ഷ ലഭിക്കുന്നതാണ് പുതിയ ഭേദഗതി. കൊലപാതകത്തിനും കൊലപാതക ശ്രമത്തിനുമെല്ലാം പരമാവധി ശിക്ഷ ലഭിക്കുന്നതാണ് പുതിയ നിയമം.

നിയമ ഭേദഗതിക്കായി ഒരു ജീവന്‍ പൊലിയേണ്ടി വന്നു: മെയ്‌ 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്‌ടര്‍ വന്ദന ദാസ് ജോലിക്കിടെ രോഗിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടത്. അടിപിടി കേസിനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത കൊട്ടാരക്കര സ്വദേശിയായ സന്ദീപാണ് ഡോക്‌ടര്‍ക്ക് നേരെ ആക്രമണം നടത്തിയത്. ഇയാളുടെ കാലില്‍ മുറിവേറ്റതിനെ തുടര്‍ന്നാണ് പൊലീസ് ആശുപത്രിയിലെത്തിച്ചത്.

കാലിലെ മുറിവില്‍ സ്റ്റിച്ചിടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം. ആശുപത്രിയില്‍ നിന്ന് കൈലാക്കിയ കത്രിക കൊണ്ട് ഇയാള്‍ ഡോക്‌ടറെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. 11 കുത്തുകളേറ്റ വന്ദനയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം വിദഗ്‌ധ ചികിത്സയ്ക്കാ‌യി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല.

Last Updated :May 17, 2023, 7:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.