ETV Bharat / state

കാഴ്‌ചയുടെ പൊന്‍വസന്തമൊരുക്കി ഇലവീഴാപൂഞ്ചിറ; സ്വപ്‌ന ഭൂമിയിലെത്താന്‍ ദുരിത യാത്ര പേറണം; പാത നവീകരണം പാതിവഴിയില്‍

author img

By

Published : May 12, 2023, 12:52 PM IST

Updated : May 12, 2023, 2:36 PM IST

Ilaveezhapoochira tourist spot idukki  കാഴ്‌ചയുടെ പൊന്‍വസന്തമൊരുക്കി ഇലവീഴാപൂഞ്ചിറ  സ്വപ്‌ന ഭൂമിയിലെത്താന്‍ ദുരിത യാത്ര പേറി  പാത നവീകരണം പാതിവഴിയില്‍  ഇടുക്കി  ഇടുക്കി വാര്‍ത്തകള്‍  വിനോദ സഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറ  ഇലവീഴാപൂഞ്ചിറ  kerala news updates  latest news in kerala
കാഴ്‌ചയുടെ പൊന്‍വസന്തമൊരുക്കി ഇലവീഴാപൂഞ്ചിറ

ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്ക് റോഡിലൂടെയുള്ള യാത്ര ദുഷ്‌കരം.

കാഴ്‌ചയുടെ പൊന്‍വസന്തമൊരുക്കി ഇലവീഴാപൂഞ്ചിറ

ഇടുക്കി: വിനോദ സഞ്ചാരികള്‍ക്കായി മായകാഴ്‌ചയൊരുക്കുന്ന സ്വപ്‌ന ഭൂമിയാണ് ഇടുക്കി-കോട്ടയം ജില്ല അതിര്‍ത്തിയിലെ ഇലവീഴാപൂഞ്ചിറ. മണക്കുന്ന്, കടയത്തൂര്‍, തോണിപ്പാറ എന്നീ മൂന്ന് കൂറ്റന്‍ മലകളും ചേര്‍ന്നാണ് ഇവിടം പ്രകൃതി രമണീയമായ കാഴ്‌ചയൊരുക്കുന്നത്. കുന്നും മലയും താണ്ടി മുകളിലെത്തിയാലാകട്ടെ ആകാശവും ഭൂമിയും ഒന്നാകുന്ന ആ അപൂര്‍വ സംഗമം എതൊരാളുടെയും മനസിനെ ത്രസിപ്പിക്കുന്ന കാഴ്‌ച തന്നെ.

കോടമഞ്ഞ് മൂടിയ മലമുകളില്‍ ഇടയ്‌ക്ക് പരക്കുന്ന ഇളം വെയില്‍ അപ്രതീക്ഷിതമായെത്തുന്ന ചാറ്റല്‍ മഴയില്‍ അലിഞ്ഞ് ഇല്ലാതാകും. മുകളിലേക്ക് കുത്തനെയുള്ള കയറ്റമാണെങ്കിലും ചുറ്റുമുള്ള മനോഹര കാഴ്‌ചകള്‍ കണ്ട് ഏതൊരാള്‍ക്കും ആയാസകരമായി മുകളിലെത്താനാകും. സമുദ്ര നിരപ്പില്‍ നിന്ന് 3200 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇലവീഴാപൂഞ്ചിറയിലെത്തിയാല്‍ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളെ കാണാന്‍ കഴിയും.

സുന്ദരമായ ഇലവീഴാപൂഞ്ചിറയിലേക്ക് ദുരിത യാത്ര: ഇലവീഴാപൂഞ്ചിറ മാത്രമല്ല വിനോദ സഞ്ചാരികള്‍ക്ക് പ്രകൃതിരമണീയമായ കാഴ്‌ച സമ്മാനിക്കുന്ന നിരവധിയിടങ്ങളുണ്ട് സ്വപ്‌ന ഭൂമിയായ ഈ ഇടുക്കിയില്‍. എന്നാല്‍ ഇവിടങ്ങളിലെല്ലാം എത്തിചേരുന്നതിനായി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് റോഡിലൂടെയുള്ള ദുരിത യാത്രയെന്നത്. ജില്ലയിലേക്ക് ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നയിടമായ ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്ര ഇടുക്കിയില്‍ നിന്ന് ആരംഭിച്ചാല്‍ ദുരിതമാണ് സമ്മാനിക്കുക. അതേസമയം കോട്ടയത്ത് നിന്ന് യാത്ര ആരംഭിക്കുകയാണങ്കില്‍ സുഗമമായ പാതയിലൂടെ മനോഹര കാഴ്‌ചകള്‍ ആസ്വദിച്ച് ഇലവീഴാപൂഞ്ചിറയിലെത്താനാകും.

ഇടുക്കിയില്‍ നിന്ന് ഇലവീഴാപൂഞ്ചിറയിലേക്കുള്ള പാതയില്‍ ഏകദേശം ഒന്നര കിലോമീറ്റര്‍ ദൂരം വരുന്ന കാഞ്ഞാർ - ചക്കിക്കാവ് വരെയുള്ള പാതയാണ് യാത്രക്കാരുടെ നടുവൊടിക്കുന്നത്. ഈ ഭാഗത്ത് അറ്റകുറ്റപണികള്‍ നടത്തി വേഗത്തില്‍ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.

കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി ഈ റോഡിന്‍റെ നിര്‍മാണം നടക്കുന്നുണ്ടെങ്കിലും ഇത് പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല. ടാറിങ് ചെയ്യാത്ത ഒന്നര കിലോമീറ്റര്‍ പാതയില്‍ പാകിയ സോളിങ്ങുകള്‍ ഇളകി പോയികൊണ്ടിരിക്കുകയാണ്. റോഡിന്‍റെ ശോചനീയാവസ്ഥ കാരണം ഇതുവഴിയുള്ള യാത്ര ഏറെ ദുഷ്‌കരമാണ്. അതുകൊണ്ട് തന്നെ ഇടുക്കി ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കോട്ടയത്തെത്തി കാഞ്ഞിരംകവല വഴി ഇലവീഴാപൂഞ്ചിറയിലേക്ക് തിരിക്കേണ്ട അവസ്ഥയാണ്.

കാഞ്ഞിരംകവല വഴി യാത്ര ചെയ്‌താല്‍ ഇലവീഴാപൂഞ്ചിറയില്‍ മാത്രമല്ല കോടപുതപ്പിനുള്ളില്‍ മയങ്ങുന്ന പൈന്‍മരങ്ങളും തേയില തോട്ടങ്ങളുമുള്ള വാഗമണ്ണിലും വേഗം എത്തിച്ചേരാനാകും. വാഗമണ്ണില്‍ നിന്ന് നാല് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വേഗത്തില്‍ ഇലവീഴാപൂഞ്ചിറയിലെത്താനാകും. കോട്ടയം ജില്ലയിലെ മേലുകാവ് മുതൽ ഇലവീഴാപൂഞ്ചിറ വരെയുള്ള അഞ്ചര കിലോമീറ്റർ റോഡ് ടാറിങ് നടത്തിയിരിക്കുന്നത് ബിഎം ആൻഡ് ബിസി നിലവാരത്തിലാണ്.

മാണി.സി.കാപ്പൻ എംഎല്‍എയായിരുന്നപ്പോള്‍ മേലുകാവിൽ നിന്നും ചക്കിക്കാവ്, കൂവപ്പള്ളി പ്രദേശങ്ങളിലെത്താൻ കഴിയുന്ന റോഡ് നിർമിക്കുമെന്ന് മേലുകാവ് ബിഷപ്പിന് ഉറപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് മാണി സി.കാപ്പന്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇത് വിനോദ സഞ്ചാരികള്‍ക്ക് ഏറെ സൗകര്യപ്രദമായി. എന്നാല്‍ ഇടുക്കിയില്‍ നിന്നുള്ള ഇലവീഴാപൂഞ്ചിറ പാതയുടെ നിര്‍മാണം ഇഴയുന്നതില്‍ പ്രതിഷേധം ഉയരുകയാണ്. ഈ റോഡ് നിര്‍മാണം വേഗത്തില്‍ പൂർത്തിയാക്കാനായി അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും സഞ്ചാരികളുടെയും ആവശ്യം.

also read: പ്രണയസല്ലാപങ്ങളുടെ ഓർമപ്പെടുത്തലായി ചുവന്നുതുടുത്ത വാകപ്പൂക്കൾ ; മൂലമറ്റത്ത് ഗുൽമോഹർ വസന്തം

Last Updated :May 12, 2023, 2:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.