ETV Bharat / state

അധ്യാപകന്‍റെ കൈ വെട്ടിയ കേസിലെ ഒന്നാം പ്രതി സവാദ് കണ്ണൂരില്‍ പിടിയില്‍, അറസ്റ്റ് 13 വർഷങ്ങൾക്ക് ശേഷം

author img

By ETV Bharat Kerala Team

Published : Jan 10, 2024, 11:07 AM IST

Hand chopping case  Thodupuzha case arrest  തൊടുപുഴ കൈവെട്ട് കേസ്  കൈവെട്ട് കേസ് അറസ്റ്റ്
Thodupuzha professor hand chopping case: first accused Sawad arrested after 13 years

Thodupuzha hand chopping case arrest: എറണാകുളം അശമന്നൂർ സ്വദേശിയായ സവാദ് സജീവ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്നു. സവാദായിരുന്നു അധ്യപകൻ ടിജെ ജോസഫിന്‍റെ കൈ വെട്ടിമാറ്റിയ ക്രൂര കൃത്യം നിർവഹിച്ചതെന്നാണ് എൻഐഎ കണ്ടെത്തല്‍.

കൊച്ചി: തൊടുപുഴയിൽ അധ്യാപകന്‍റെ കൈ വെട്ടിയ കേസിലെ ഒന്നാം പ്രതി സവാദ് പതിമൂന്ന് വർഷത്തിന് ശേഷം പിടിയിലായി. കണ്ണൂരിൽ നിന്നുമാണ് എൻ.ഐ.എ സവാദിനെ പിടികൂടിയത്. കൊച്ചിയിലെത്തിച്ച പ്രതിയെ ഇന്ന് വൈകുന്നേരത്തോടെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കും.

പ്രതിയെ കസ്റ്റഡിയിൽ വാങ്ങി എൻ.ഐ.എ വിശദമായ അന്വേഷണം നടത്തും. പ്രതി സവാദായിരുന്നു അധ്യപകന്റെ കൈ വെട്ടിമാറ്റിയ ക്രൂര കൃത്യം നിർവഹിച്ചതെന്നാണ് എൻഐഎ കണ്ടെത്തല്‍. നേരത്തെ ഈ പ്രതിയെ കണ്ടെത്താൻ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കുകയും പ്രതിയെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. രാജ്യത്തിനകത്തും പുറത്തും വിശദമായ അന്വേഷണം നടത്തിയിട്ടും സവാദിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എറണാകുളം അശമന്നൂർ സ്വദേശിയായ സവാദ് സജീവ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്നു.

ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയ ഒരു ചോദ്യത്തിൽ മത നിന്ദ ആരോപിച്ചായിരുന്നു പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന ടി.ജെ ജോസഫിന്‍റെ കൈ വെട്ടിമാറ്റിയത്. ഈ കേസിൽ പതിമൂന്ന് വർഷങ്ങൾക്ക് ശേഷമായിരുന്നു 2023 ജൂലൈ 13ന് കോടതി രണ്ടാം ഘട്ട ശിക്ഷ വിധി പ്രഖ്യാപിച്ചത്. അന്ന് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒന്നാം പ്രതി സവാദ് ഒഴികെയുള്ള പ്രതികൾക്കായിരുന്നു ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി സവാദിനായി അന്വേഷണം തുടരുകയാണെന്നും എൻ.ഐ.എ കോടതിയിൽ അറിയിച്ചിരുന്നു.

രണ്ടാം പ്രതി സജിൽ, മൂന്നാം പ്രതി നാസർ, അഞ്ചാം പ്രതി നജീബ്, ഒൻപതാം പ്രതി നൗഷാദ്, പതിനൊന്നാം പ്രതി മൊയ്തീൻ കുഞ്ഞ്, പന്ത്രണ്ടാം പ്രതി അയൂബ് എന്നിവരെയായിരുന്നു രണ്ടാം ഘട്ടത്തിൽ കോടതി ശിക്ഷിച്ചത്. ആദ്യ കുറ്റപത്രത്തിൽ ഉൾപ്പെട്ട പതിമൂന്ന് പേരെ നേരത്തെ ശിക്ഷിച്ചിരുന്നു. ഒന്നാം പ്രതി സവാദിന്റെ വിചാരണ നടപടികൾ കൂടി പൂർത്തിയാക്കിയാൽ രാജ്യ മുഴുവൻ ചർച്ചയായ കൈവെട്ട് കേസിന് ശുഭകരമായ പരിസമാപ്തിയാകും. ദേശീയ അന്വേഷണ ഏജൻസിക്കും അഭിമാനിക്കാൻ കഴിയുന്ന കേസായി ഇത് മാറുമെന്നതിൽ സംശയമില്ല.

2010 മാർച്ച് 23നാണ് പോപുലർ ഫ്രണ്ട് പ്രവർത്തകർ പ്രൊഫസർ ടി ജെ ജോസഫിന്റെ കൈ വെട്ടി മാറ്റിയത്. 2015 ല്‍ വിധി വന്നശേഷം പിടിയിലായവരാണ് രണ്ടാംഘട്ടത്തില്‍ വിചാരണ നേരിട്ടത്. ആകെ 11 പ്രതികളാണ് ഉണ്ടായിരുന്നത്. അതില്‍ ആറ് പേരെയാണ് 2023 ജൂലൈ 12ന് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.

ആദ്യം കേസന്വേഷിച്ച സംസ്ഥാന പൊലീസും പിന്നീട് അന്വേഷണം ഏറ്റെടുത്ത എന്‍.ഐ.എയും കുറ്റകൃത്യത്തിലെ പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ പങ്കാളിത്തം കണ്ടെത്തിയിരുന്നു. ഇത് വിചാരണ കോടതി ശരിവെക്കുകയും ചെയ്തു. പോപ്പുലർ ഫ്രണ്ടിനെ രാജ്യത്ത് നിരോധനം ഏർപ്പെടുത്തുന്നതിലേക്ക് നയിച്ച പ്രധാന സംഭവം കൂടിയാണ് കൈവെട്ട് കേസ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.