ETV Bharat / state

'രാഹുല്‍ ലീഗിനെക്കുറിച്ച് പറഞ്ഞത് വ്യക്തമായ ബോധ്യത്തില്‍'; മതേതരമല്ലാത്ത ഒന്നും പാര്‍ട്ടി ചെയ്‌തിട്ടില്ലെന്ന് എംകെ മുനീര്‍

author img

By

Published : Jun 3, 2023, 10:47 PM IST

mk muneer on rahul gandhis statement  rahul gandhis statement on muslim league  രാഹുലിന്‍റെ പരാമര്‍ശം വ്യക്തമായ ബോധ്യത്തില്‍  എംകെ മുനീര്‍  രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം  ആര്‍എസ്‌എസിനെതിരെ എംകെ മുനീര്‍  മുസ്‌ലിം ലീഗിനെതിരായ ആർഎസ്‌എസ് പ്രസ്‌താവന
എംകെ മുനീര്‍

അമേരിക്കയിലെ നാഷണല്‍ പ്രസ്‌ ക്ലബ്ബില്‍വച്ചാണ് മുസ്‌ലിം ലീഗ് മതേതര പാർട്ടിയാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം

എംകെ മുനീര്‍ സംസാരിക്കുന്നു

എറണാകുളം: മുസ്‌ലിം ലീഗിനെതിരായ ആർഎസ്‌എസ് പ്രസ്‌താവനയ്‌ക്കെതിരെ ഡോ. എംകെ മുനീർ എംഎൽഎ. ലീഗ് മതേതര പാർട്ടിയാണെന്ന് രാഹുൽ ഗാന്ധി അമേരിക്കയില്‍ പറഞ്ഞിരുന്നു. ഇതിനെതിരായ ആര്‍എസ്‌എസ് പരാമര്‍ശത്തിലാണ് മുനീറിന്‍റെ മറുപടി.

വ്യക്തമായ ബോധ്യമുള്ളതിനാലാണ് ലീഗ് മതേതര പാർട്ടിയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞത്. അതുകൊണ്ടാണ് മറ്റുള്ളവരോട് ലീഗിനെക്കുറിച്ച് പഠിച്ചുവരാൻ അദ്ദേഹം പറഞ്ഞതെന്നും മുനീര്‍ ചൂണ്ടിക്കാട്ടി. കൊച്ചിയിൽ ഇടിവി ഭാരത് പ്രതിനിധിയോട് സംസാരിക്കവെയാണ് വിഷയത്തില്‍ എംകെ മുനീറിന്‍റെ പ്രതികരണം. ലീഗ് ഇക്കാലമത്രയും മതേതരമല്ലാത്ത ഒന്നും ചെയ്‌തിട്ടില്ല. ബാബരി മസ്‌ജിദ് തകർക്കപ്പെട്ട സമയത്ത് പോലും സംയമനം പാലിക്കാൻ പറഞ്ഞ പാർട്ടിയാണ് ലീഗ്.

എല്ലാ മതവിഭാഗത്തിൽ പെട്ടവർക്കും ലീഗിൽ അംഗത്വം നൽകാറുണ്ട്. പാർട്ടിയുടെ മുൻ എംഎൽഎ ആയിരുന്ന യുസി രാമൻ സംസ്ഥാന കമ്മിറ്റി ഭാരവാഹിയാണ്. ശ്യാം സുന്ദർ സംസ്ഥാന കമ്മിറ്റി അംഗമാണ്. പേര് മുസ്‌ലിം ലീഗ് എന്നാണെങ്കിലും എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നാണ് പാർട്ടിയുടെ ആഗ്രഹം. പാർശ്വവത്‌കരിക്കപ്പെട്ട വിഭാഗത്തിന്‍റെ ഉന്നമനത്തിന് പ്രത്യേക പരിഗണന നൽകുന്നുവെന്ന് മാത്രം. ഇന്ത്യ വിഭജനത്തിന് മുന്‍പ് ഉണ്ടായിരുന്നത് ഓൾ ഇന്ത്യ മുസ്‌ലിം ലീഗായിരുന്നു.

രാജ്യത്തിന്‍റെ വിഭജനത്തിന് ശേഷം ഒരു വിഭാഗം പാകിസ്ഥാൻ മുസ്‌ലിം ലീഗായി. അവര്‍ പാകിസ്ഥാനിലേക്ക് പോവുകയും മറു വിഭാഗം ഇന്ത്യയോടൊപ്പം ഉറച്ചുനിൽക്കുകയും ചെയ്‌തു. 1948 ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് രൂപീകരിക്കുകയുമായിരുന്നു. വിഭജനത്തിന് ശേഷമാണ് രാജ്യത്ത് ലീഗ് പ്രവർത്തനം തുടങ്ങിയതെന്നും ആർഎസ്‌എസ് നേതാവ് മോഹൻ ഭാഗവതിന് മറുപടിയായി എംകെ മുനീർ വിശദീകരിച്ചു. വിഭജനവുമായി ബന്ധപ്പെടുത്തിയല്ല മുസ്‌ലിം ലീഗിനെ വായിക്കേണ്ടത്. ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്‍റെ സ്ഥാപക നേതാവ് ഖായിദെ മില്ലത്ത് ഇസ്‌മായിൽ സാഹിബ് പാർലമെന്‍റ് അംഗമായിരുന്നു.

'ഇന്ത്യയുടെ കൂടെ നിൽക്കണമെന്നാണ് പറഞ്ഞത്': ഇന്ത്യയുടെ ഭരണഘടന ഉണ്ടാക്കുന്നവരുടെ കൂട്ടത്തിൽ അംഗമായിരുന്ന ഇസ്‌മായിൽ സാഹിബിന് ഭരണഘടനയ്‌ക്കെതിരെ നിൽക്കാൻ പറ്റില്ല. ഭരണഘടന ശില്‍പികളുടെ കൂട്ടത്തിൽ പെടുന്ന ഖായിദെ മില്ലത്ത് ഇസ്‌മായിൽ സാഹിബ് ഇന്ത്യയുടെ കൂടെ നിൽക്കണമെന്നാണ് ഉച്ചത്തിൽ പറഞ്ഞത്. ഇന്ത്യയുടെ ഭാഗമായത് കൊണ്ടാണ് ഇലക്ഷൻ പ്രക്രിയയിൽ ലീഗ് പങ്കാളികളായത്. ഇന്ത്യ - ചൈന യുദ്ധം നടക്കുന്ന കാലത്ത് രാജ്യത്തിന് വേണ്ടി പുത്രന്മാരെ പട്ടാളത്തില്‍ അയക്കണമെന്ന് നെഹ്റു ആഹ്വാനം ചെയ്‌തപ്പോൾ ആദ്യം പുത്രനെ അയച്ചത് ഖായിദെ മില്ലത്ത് ഇസ്‌മായിൽ സാഹിബായിരുന്നു.

രാജ്യത്തിന്‍റെ അഖണ്ഡത കാത്ത് സൂക്ഷിക്കാൻ ആഗ്രഹിച്ചിട്ടുണ്ട്. ദേശീയ തലത്തിൽ മുസ്‌ലിം ലീഗിനെ അടുത്തറിയാൻ പലർക്കും അവസരം ലഭിച്ചിട്ടില്ല. എന്നാൽ, രാഹുൽ ഗാന്ധിക്ക് ലീഗിനെ മനസിലാക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. ദേശീയ തലത്തിൽ ആർഎസ്‌എസ് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ലീഗിന്‍റെ പതാകയെ പാകിസ്ഥാൻ പതാകയായി ചിത്രീകരിക്കുകയാണ്. പാകിസ്ഥാൻ പതാകയുമായി ലീഗിന്‍റെ പതാകയ്ക്ക് ഒരു ബന്ധവുമില്ലന്ന് എംകെ മുനീർ ചൂണ്ടിക്കാട്ടി.

ആർഎസ്‌എസ് നേതാവായ മോഹൻ ഭാഗവതാണ് രാഹുൽ ഗാന്ധിയുടെ പ്രസ്‌താവനയ്‌ക്കെതിരെ ആദ്യം രംഗത്ത് വന്നത്. വാഷിങ്ടൺ ഡിസിയിലെ നാഷണൽ പ്രസ് ക്ലബ്ബിൽ മാധ്യമപ്രവർത്തകരുമായി സംവദിക്കവെയാണ് 'മുസ്‌ലിം ലീഗ് തികച്ചും മതേതര പാർട്ടിയാണ്' എന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്. കേരളത്തിൽ മുസ്‌ലിം ലീഗുമായുള്ള കോൺഗ്രസിന്‍റെ സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.

'മുസ്‌ലിം ലീഗിനെക്കുറിച്ച് പഠിച്ചിട്ടില്ലേ?': 'മുസ്‌ലിം ലീഗ് തികച്ചും മതേതര പാർട്ടിയാണ്, അവർക്ക് മതേതരമല്ലാത്തതായി ഒന്നുമില്ല, ചോദ്യകർത്താവ് മുസ്‌ലിം ലീഗിനെക്കുറിച്ച് പഠിച്ചിട്ടില്ലെന്ന് ഞാൻ കരുതുന്നു' - എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി. ഇതിനെതിരെ ആദ്യം പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത് മോഹൻ ഭാഗവതായിരുന്നു. ബിജെപി നേതാക്കളും കേന്ദ്ര മന്ത്രിമാരും രാഹുലിന്‍റെ പ്രസ്‌താവനയ്‌ക്കെതിരെ പ്രതികരിച്ചു. രാഹുൽ മതേതരമെന്ന് വിളിച്ചത് ജിന്നയുടെ പാർട്ടിയെയാണെന്നായിരുന്നു ബിജെപിയുടെ ആരോപണം. ലീഗിന്‍റെ ചരിത്രം വായിക്കാൻ തയ്യാറാകണമെന്നും രാഹുലിനോട് ബിജെപി ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.