ETV Bharat / entertainment

മാളികപ്പുറം ഇനി ഗുളികനൊപ്പം... 'ലൊക്കേഷന്‍ വല്ലാതെ ഭയപ്പെടുത്തി'; 'ഗു'വിലെ വിശേഷങ്ങള്‍ പങ്കിട്ട് ദേവനന്ദ - Interview With Devananda

author img

By ETV Bharat Kerala Team

Published : May 17, 2024, 1:37 PM IST

Updated : May 17, 2024, 2:13 PM IST

മനു രാധാകൃഷ്‌ണന്‍റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ഗു തീയേറ്ററുകളിലെത്തി. ചിത്രത്തില്‍ സൈജുവിന്‍റെ മകളായി തകര്‍ത്ത് അഭിനയിച്ച് ദേവനന്ദ. മിന്നയുടെ വിശേഷങ്ങള്‍ ഇടിവി ഭാരതിനോട് പങ്കിട്ട് താരം.

CHILD ACTOR DEVANANDA  ഗു മലയാളം സിനിമ  ദേവനന്ദയുടെ പുതിയ ചിത്രം ഗു  DEVANANDA ABOUT GU
Devanandha About Gu (Source: Etv Bharat Reporter)

'ഗു'വിലെ വിശേഷങ്ങള്‍ പങ്കിട്ട് ദേവനന്ദ (Source: ETV Bharat Reporter)

എറണാകുളം : നവാഗത സംവിധായകൻ മനു രാധാകൃഷ്‌ണൻ സംവിധാനം ചെയ്‌ത 'ഗു' തിയേറ്ററുകളിലെത്തി. ഇന്നാണ് ചിത്രം റിലീസിനെത്തിയത്. പ്രേക്ഷകര്‍ ഏറെ കൗതുകത്തോടെ കാത്തിരുന്ന ചിത്രത്തിലെ വിശേഷങ്ങള്‍ ഇടിവി ഭാരതിനോട് പങ്കുവച്ച് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബാലതാരം ദേവനന്ദ. 49 വർഷങ്ങൾ സിനിമയിൽ പൂർത്തിയാക്കിയ നടന്‍ മണിയൻപിള്ള രാജു നിർമിക്കുന്ന ചിത്രം താൻ അഭിനയിക്കുന്ന പതിനാലാമത്തെ ചിത്രമാണെന്ന് പ്രതികരിച്ചു കൊണ്ടാണ് ദേവനന്ദ സംസാരിച്ചു തുടങ്ങിയത്.

കുഞ്ഞു കുട്ടികൾ മുതൽ മുതിർന്നവരെ വരെ രസിപ്പിക്കുന്ന തരത്തിലുള്ള കഥാതന്തുവാണ് 'ഗു' വിനുള്ളത്. മാളികപ്പുറം എന്ന ചിത്രത്തിന് ശേഷം സൈജു കുറുപ്പ് വീണ്ടും തന്‍റെ അച്ഛനായി തന്നെ ഈ ചിത്രത്തിൽ വേഷമിടുന്നു. ഈ സിനിമയിൽ തന്‍റെ കഥാപാത്രത്തിന്‍റെ പേര് മിന്ന എന്നാണ്. ഗുളികനെ കുറിച്ച് അച്ഛൻ പറഞ്ഞു കേട്ട കഥകളാണ് അറിവുള്ളത്. ഗുളികനെ കുറിച്ചുള്ള വസ്‌തുതകൾ പറഞ്ഞുതന്നത് സംവിധായകൻ മനു രാധാകൃഷ്‌ണനാണ്.

മലബാർ മേഖലയിൽ ജീവിക്കുന്നവർക്ക് ഗുളികനെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. ഞാൻ അഭിനയിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രം ആയിരുന്നു മാളികപ്പുറം. പക്ഷേ എല്ലാവരും കരുതുന്നു അതാണ് എന്‍റെ ആദ്യചിത്രമെന്ന്. ഒരു ഇന്‍റര്‍വ്യൂവിൽ അവതാരക മാളികപ്പുറം എന്‍റെ ആദ്യചിത്രം എന്ന് പറഞ്ഞതിന് സോഷ്യൽ മീഡിയ ധാരാളം പരിഹസിച്ചു. തൊട്ടപ്പൻ എന്ന ചിത്രത്തിൽ ആയിരുന്നു ഞാൻ ആദ്യം അഭിനയിച്ചത്. സിനിമയിലാകെ 28 സെക്കന്‍റ് മാത്രമായിരുന്നു എന്‍റെ ഭാഗം ഉണ്ടായിരുന്നത്. അവിടെ നിന്ന് 11 ഓളം ചിത്രങ്ങളിൽ വേഷമിട്ടിട്ടാണ് മാളികപ്പുറം എന്ന ബ്രേക്ക് ലഭിക്കുന്നത്.

മാളികപ്പുറത്തിനുശേഷം താൻ എവിടെപ്പോയാലും ആൾക്കാർ തിരിച്ചറിയുന്നുണ്ട്. അവർ സ്നേഹപ്രകടനങ്ങൾ നടത്താറുണ്ട്. തമിഴില്‍ വലിയ വിജയം നേടി മുന്നേറുന്ന, ഒരുപക്ഷേ ഈ വർഷത്തെ ആദ്യ തമിഴ് ബ്ലോക്ക് ബസ്റ്റർ ചിത്രമായ അരൺമനയ് 4 എന്ന ചിത്രത്തിൽ തമന്നയുടെ മകളായി വേഷമിട്ടു. മാളികപ്പുറം എന്ന ചിത്രത്തിലെ പ്രകടനം കണ്ടാണ് സിനിമയുടെ അണിയറ പ്രവർത്തകർ എന്നെ കാസ്റ്റ് ചെയ്‌തത്.

കഥാപാത്രത്തിന്‍റെ പേര് ശക്തി എന്നാണ്. മിന്നല്‍ മുരളിയെന്ന ചിത്രത്തില്‍ മിന്നൽ മുരളി രക്ഷിക്കുന്ന കുട്ടിയായി വേഷമിട്ടതും ഞാനായിരുന്നു. സിനിമയിലെ എന്‍റെ ആദ്യത്തെ സ്റ്റണ്ട് രംഗമായിരുന്നു അത്. ബസിലൊക്കെ തൂങ്ങിക്കിടന്ന് വളരെ കഷ്‌ടപ്പെട്ടാണ് ആ രംഗങ്ങളൊക്കെ ചിത്രീകരിച്ചത്. എന്നാല്‍ അത് അരൺമനയ് 4 ല്‍ ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണത്തിന് തനിക്കൊരു മുതല്‍ക്കൂട്ടായെന്ന് താരം പറഞ്ഞു.

ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഇതിനോടകം പ്രേക്ഷകർ കണ്ടുകാണും. വില്ലന്മാർ തന്നെ പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ ചാടി ഒരു മുളങ്കമ്പിൽ പിടിക്കുന്ന ഒരു രംഗമുണ്ട്. പിന്നീട് ആ മുളങ്കമ്പ് ഒടിഞ്ഞ വീഴുന്നതൊക്കെയാണ് സിനിമയിൽ. ആ ആക്ഷൻ സീനുകൾ അഭിനയിക്കുമ്പോൾ എന്‍റെ കാലൊക്കെ മുറിഞ്ഞിരുന്നു.

Also Read: ദേവനന്ദയും സൈജു കുറുപ്പും ഒന്നിക്കുന്ന 'ഗു'; ദുരൂഹതയുണർത്തി പോസ്റ്റർ

'ഗു' എന്ന സിനിമ ചിത്രീകരിച്ചിരിക്കുന്നത് ഒരു മനയിലാണ്. ഗുളികനും തെയ്യവും പോസിറ്റീവ് എനർജിയാണ് നൽകിയതെങ്കിലും ആ ലൊക്കേഷൻ വല്ലാതെ ഭയപ്പെടുത്തി. സാധാരണ എല്ലാവരും ഷോട്ട് അഭിനയിച്ച് കഴിഞ്ഞാൽ കാരവനിലേക്ക് പോകാറാണ് പതിവ്. പക്ഷേ ഈ സിനിമയെ സംബന്ധിച്ചിടത്തോളം ഷോട്ട് കഴിഞ്ഞാലും എല്ലാവരും ഒത്തുകൂടിയിരിക്കും. അതൊരു പുതിയ അനുഭവമായിരുന്നു. എന്തായാലും ചിത്രം പ്രേക്ഷകർ തിയേറ്ററിൽ തന്നെ വന്നു കാണണം.

Last Updated : May 17, 2024, 2:13 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.