ETV Bharat / sports

Indonesia Open| ഇന്തോനേഷ്യ ഓപ്പൺ: മുന്നേറ്റമുറപ്പിച്ച് പ്രണോയ്‌, സാത്വിക്-ചിരാഗ് സഖ്യവും സെമിയില്‍

author img

By

Published : Jun 16, 2023, 7:01 PM IST

Indonesia Open Highlights  HS Prannoy  HS Prannoy enter semifinal Indonesia Open  Satwiksairaj Rankireddy  Chirag Shetty  HS Prannoy beat Kodai Naraoka  ഇന്തോനേഷ്യ ഓപ്പൺ  എച്ച്‌എസ്‌ പ്രണോയ്‌  സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി  ചിരാഗ് ഷെട്ടി
മുന്നേറ്റമുറപ്പിച്ച് പ്രണോയ്‌, സാത്വിക്-ചിരാഗ് സഖ്യവും സെമിയില്‍

ഇന്തോനേഷ്യ ഓപ്പൺ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടറില്‍ ജപ്പാന്‍റെ കൊടൈ നരോക്കയെ തോല്‍പ്പിച്ച് ഇന്ത്യയുടെ എച്ച്‌എസ്‌ പ്രണോയ്‌.

ജക്കാര്‍ത്ത: ഇന്തോനേഷ്യ ഓപ്പൺ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍റെ സെമി ഫൈനലില്‍ കടന്ന് മലയാളി താരം എച്ച്‌എസ്‌ പ്രണോയ്‌. പുരുഷ സിംഗിള്‍സിന്‍റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ മൂന്നാം സീഡായ ജപ്പാന്‍റെ കൊടൈ നരോക്കയെയാണ് ഏഴാം സീഡായ പ്രണോയ്‌ തോല്‍പ്പിച്ചത്. കനത്ത പോരാട്ടത്തിനൊടുവില്‍ ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് മലയാളി താരം മത്സരം പിടിച്ചത്.

ആദ്യ സെറ്റ് 21-18 എന്ന സ്‌കോറിന് നേടിയ പ്രണോയ്‌ രണ്ടാം സെറ്റ് 21-16 എന്ന സ്‌കോറിന് സ്വന്തമാക്കിയാണ് മത്സരവും കൈപ്പിടിയിലാക്കിയത്. നരോക്കയ്‌ക്ക് എതിരെ പ്രണോയ്‌ നേടുന്ന ആദ്യ വിജയമാണിത്. ഇതിന് മുന്നെ നാല് തവണ ഏറ്റുമുട്ടിയപ്പോഴും ജാപ്പനീസ് താരത്തിനെതിരെ പ്രണോയ്‌ തോല്‍വി വഴങ്ങിയിരുന്നു.

പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഹോങ്കോങ്ങിന്‍റെ ആംഗസ് എൻഗ് കാ ലോങ്ങിനെ തോല്‍പ്പിച്ചായിരുന്നു പ്രണോയ്‌ മുന്നേറ്റം ഉറപ്പിച്ചത്. ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്ക് തന്നെയായിരുന്നു ഹോങ്കോങ് താരവും പ്രണോയിയോട് കീഴടങ്ങിയത്. ആംഗസ് എൻഗ് കാ ലോങ്ങിനെതിരെ ആദ്യ സെറ്റ് 21-18ന് നേടിയ പ്രണോയ്‌ രണ്ടാം സെറ്റ് 21-16ന് പിടിച്ചാണ് മത്സരം സ്വന്തമാക്കിയത്.

സാത്വിക്-ചിരാഗ് സഖ്യത്തിനും മുന്നേറ്റം: ഇന്ത്യയുടെ പുരുഷ ഡബിള്‍സ് ജോഡിയായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ടൂര്‍ണമെന്‍റിന്‍റെ സെമി ഫൈനല്‍ ഉറപ്പിച്ചിട്ടുണ്ട്. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇന്തോനേഷ്യയുടെ ഫജർ അൽഫിയാൻ-മുഹമ്മദ് അർഡിയാന്‍റോ സഖ്യത്തെയാണ് ഇന്ത്യന്‍ താരങ്ങള്‍ കീഴടക്കിയത്. ലോക ഒന്നാം നമ്പറായ ഇന്തോനേഷ്യന്‍ സഖ്യത്തിനെതിരെ മിന്നും പ്രകടനം നടത്തിയ ഇന്ത്യന്‍ താരങ്ങള്‍ ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് കളി പിടിച്ചത്.

ആദ്യ സെറ്റ് 21-13 എന്ന സ്‌കോറിന് പിടിച്ച സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും രണ്ടാം സെറ്റും സമാന സ്‌കോറിന് നേടിയാണ് ലോക ഒന്നാം നമ്പര്‍ സഖ്യത്തെ കീഴടക്കിയത്.

ശ്രീകാന്തിന് നിരാശ: പുരുഷ സിംഗിള്‍സിലെ മറ്റൊരു ക്വാര്‍ട്ടര്‍ മത്സരത്തില്‍ തോല്‍വി വഴങ്ങിയ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് പുറത്തായി. ലോക ഒമ്പതാം നമ്പര്‍ താരമായ ചൈനയുടെ ലീ ഷി ഫെങ്ങിനോട് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ശ്രീകാന്ത് തോല്‍വി വഴങ്ങിയത്. ഒരു മണിക്കൂര്‍ ഒമ്പത് മിനിട്ടാണ് മത്സരം നീണ്ടു നിന്നത്. സ്‌കോര്‍: 14-21, 21-14, 12-21.

ആദ്യ സെറ്റ് ചൈനീസ് താരമാണ് സ്വന്തമാക്കിയത്. 2-0 എന്ന ലീഡോടെ തുടങ്ങാന്‍ കഴിഞ്ഞിവെങ്കിലും തുടര്‍ന്ന് വരുത്തിയ പിഴവുകളാണ് ലോക റാങ്കിങ്ങില്‍ 22-ാം നമ്പറുകാരനായ ശ്രീകാന്തിന് സെറ്റ് നഷ്‌ടപ്പെടുത്തിയത്. നെറ്റിന് സമീപം ഇന്ത്യന്‍ താരം നിരവധി പിഴവുകള്‍ വരുത്തിയപ്പോള്‍ ഫെങ്ങിന്‍റെ കോര്‍ട്ട് കവറേജും ആന്‍റിസിപ്പേഷനും മികച്ചു നിന്നു.

ഡ്രോപ്പ് ഷോട്ടുകളും ബോഡി സ്മാഷുകളും ഉപയോഗിച്ച് ഫെങ് ലീഡ് വര്‍ധിപ്പിച്ചുകൊണ്ടിരുന്നതോടെ പൂർണ്ണമായും നിറം മങ്ങിയ ശ്രീകാന്ത് സെറ്റ് നഷ്‌ടപ്പെടുത്തി. തുടര്‍ന്ന് ശക്തമായ തിരിച്ചുവരവായിരുന്നു ശ്രീകാന്ത് നടത്തിയത്. മികച്ച സ്മാഷുകളിലൂടെ കളം നിറഞ്ഞ ഇന്ത്യന്‍ താരം ഫെങ്ങിനെതിരെ 11-6 എന്ന ലീഡ് നേടി. തുടര്‍ന്നും കൂടുതല്‍ ആക്രമണോത്സുകമായി കളിച്ച ശ്രീകാന്തിന് 21-14 എന്ന സ്‌കോറില്‍ സെറ്റ് സ്വന്തമാക്കാനും കഴിഞ്ഞു. എന്നാല്‍ നിര്‍ണായകമായ മൂന്നാം സെറ്റില്‍ ഈ താളം നിലനിര്‍ത്താന്‍ കഴിയാതെ വന്നതോടെയാണ് ഇന്ത്യന്‍ താരത്തിന് മത്സരം നഷ്‌ടപ്പെട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.