ETV Bharat / sports

Sanju Samson | യുവ താരങ്ങള്‍ക്കായി സഞ്‌ജു ചെലവഴിക്കുന്നത് രണ്ട് കോടി ; വെളിപ്പെടുത്തലുമായി രാജസ്ഥാന്‍റെ ഫിറ്റ്‌നസ് പരിശീലകന്‍

author img

By

Published : Jun 13, 2023, 7:52 PM IST

സഞ്ജു സാംസണ്‍ എന്ന കളിക്കാരനേക്കാൾ എല്ലാവരും ആഗ്രഹിക്കുന്നത് നല്ല മനുഷ്യനായ സഞ്ജു വിജയിക്കണമെന്നാണെന്ന് രാജസ്ഥാന്‍ റോയല്‍സ് ടെയിനര്‍ രാജാമണി പ്രഭു
Rajamani Prabhu talked about Sanju Samson  Rajamani Prabhu on Sanju Samson  Sanju Samson  Rajasthan Royals  indian premier league  രാജസ്ഥാന്‍ റോയല്‍സ്  ഐപിഎല്‍  സഞ്‌ജു സാംസണ്‍  രാജാമണി പ്രഭു
യുവ താരങ്ങള്‍ക്കായി സഞ്‌ജു ചിലവഴിക്കുന്നത് രണ്ട് കോടി

ചെന്നൈ : ഐപിഎല്ലിന്‍റെ പ്രഥമ പതിപ്പിന് ശേഷം രാജസ്ഥാന്‍ റോയല്‍സിനെ വീണ്ടുമൊരിക്കല്‍ കൂടി ഫൈനലിലേക്ക് നയിച്ച നായകനാണ് സഞ്‌ജു സാംസണ്‍. 2013-ല്‍ രാജസ്ഥാന്‍ റോയല്‍സിനായി അരങ്ങേറ്റം കുറിച്ച താരം 2015-ല്‍ ടീമിന് രണ്ട് വര്‍ഷത്തെ വിലക്ക് ലഭിച്ചപ്പോള്‍ മാത്രമാണ് മറ്റൊരു ടീമിനായി കളിച്ചത്. തുടര്‍ന്ന് 2018-ല്‍ രാജസ്ഥാന്‍ തിരിച്ചെത്തിയപ്പോള്‍ സഞ്‌ജുവും കൂടെയുണ്ടായിരുന്നു.

സീസണിന് മുന്നോടിയായുള്ള താര ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ കനത്ത വെല്ലുവിളി മറികടന്ന് എട്ട് കോടി മുടക്കിയായിരുന്നു രാജസ്ഥാന്‍ സഞ്‌ജുവിനെ തിരികെ കൂടാരത്തിലേക്ക് എത്തിച്ചത്. തുടര്‍ന്ന് ടീമിന്‍റെ പ്രധാനിയായി വളര്‍ന്ന മലയാളി താരം 2021-ലാണ് ടീമിന്‍റെ നായക പദവിയിലെത്തുന്നത്.

സീസണിലാവട്ടെ നിരാശാജനകമായ പ്രകടനമായിരുന്നു രാജസ്ഥാന്‍ നടത്തിയത്. കളിച്ച 14 മത്സരങ്ങളില്‍ ഒമ്പതിലും തോറ്റ ടീം പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്തായിരുന്നു ഫിനിഷ്‌ ചെയ്‌തത്. ഇതിന് പിന്നാലെ സഞ്ജു സാംസണോട് ഏതെങ്കിലും ഒരു വലിയ ടീമില്‍ ചേരാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഫിറ്റ്‌നസ് പരിശീലകനായ രാജാമണി പ്രഭു.

എന്നാല്‍ അതിന് തയ്യാറാവാതിരുന്ന സഞ്‌ജു വ്യക്തമായ കാഴ്‌ചപ്പാടോടെ ടീമിനൊപ്പം തുടരുകയായിരുന്നവെന്നാണ് രാജാമണി പറയുന്നത്. "ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 2021 സീസണിന് ശേഷം സഞ്ജു സാംസണോട് ഒരു വലിയ ടീമില്‍ ചേരാന്‍ ഞാന്‍ പറഞ്ഞു. ഞങ്ങള്‍ രണ്ടുപേരും ഒരു രാത്രിയില്‍ രണ്ട് മണിയോടെ സ്വിമ്മിങ്‌ പൂളില്‍ നില്‍ക്കുമ്പോഴായിരുന്നു ഇക്കാര്യം പറഞ്ഞത്.

എന്നാല്‍ സഞ്ജുവിന്‍റെ മറുപടി രാജസ്ഥാന്‍ റോയല്‍സിനെ നമുക്ക് ഒരു വലിയ ടീമാക്കണമെന്നായിരുന്നു. അതിനായി നമുക്ക് ആര്‍ അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ, പ്രസിദ്ധ് കൃഷ്‌ണ തുടങ്ങിയ താരങ്ങളെ കൊണ്ടുവരണമെന്നും സഞ്‌ജു പറഞ്ഞു. അവന് ടീമിനെക്കുറിച്ച് വ്യക്തമായ കാഴ്‌ചപ്പാടുണ്ടായിരുന്നു. അവൻ എനിക്ക് രണ്ടാമത്തെ എംഎസ് ധോണിയാണ് " - രാജാമണി പറഞ്ഞു. ഒരു തമിഴ്‌ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാജാമണിയുടെ വാക്കുകള്‍.

യുവ താരങ്ങള്‍ക്കായി രണ്ട് കോടി : ഐപിഎല്‍ പ്രതിഫലമായ 15 കോടിയില്‍ നിന്ന് രണ്ട് കോടി രൂപ വളര്‍ന്നുവരുന്ന താരങ്ങളുടെ പരിശീലനത്തിനും മറ്റുമായി സഞ്‌ജു സാംസണ്‍ ചെലവഴിക്കുന്നതായും രാജാമണി കൂട്ടിച്ചേര്‍ത്തു. "താന്‍ മാത്രമല്ല, കൂടെയുള്ള എല്ലാവരും നന്നായി ഇരിക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് സഞ്‌ജു സാംസണ്‍. ഒരു സീസണിൽ ഏകദേശം 15 കോടി രൂപയാണ് സഞ്ജുവിന് ലഭിക്കുന്ന പ്രതിഫലം.

ALSO READ: 'ഇനി പോയി വിന്‍ഡീസിനെ തോല്‍പ്പിക്കൂ, അതില്‍ യാതൊരു അര്‍ഥവുമില്ല' ; കട്ടക്കലിപ്പില്‍ സുനില്‍ ഗവാസ്‌കര്‍

എനിക്കറിയാവുന്നിടത്തോളം, ആഭ്യന്തര കളിക്കാരെയും മികച്ച പ്രതിഭയുള്ള കുട്ടികളെയും സഹായിക്കാൻ അവന്‍ കുറഞ്ഞത് 2 കോടി ചെലവഴിക്കുന്നുണ്ട്. സഞ്ജു എന്ന കളിക്കാരനേക്കാൾ എല്ലാവരും ആഗ്രഹിക്കുന്നത് നല്ല മനുഷ്യനായ സഞ്ജു വിജയിക്കണമെന്നാണ്. അതുകൊണ്ടാണ് താരത്തിന് ഇത്രയധികം ആരാധകരുള്ളത്. കഠിനാധ്വാനിയായ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ നല്ല ഭാവിയുണ്ട്" - രാജാമണി വ്യക്തമാക്കി.

അതേസമയം ഐപിഎല്ലിന്‍റെ കഴിഞ്ഞ സീസണില്‍ മികച്ച തുടക്കം ലഭിച്ചുവെങ്കിലും അഞ്ചാം സ്ഥാനത്തായിരുന്നു രാജസ്ഥാന്‍ ഫിനിഷ് ചെയ്‌തത്. ആദ്യ പകുതിയില്‍ തുടര്‍ വിജയങ്ങളുമായി ഒരു ഘട്ടത്തില്‍ പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനത്തായിരുന്നു രാജസ്ഥാന്‍. എന്നാല്‍ രണ്ടാം പകുതിയിലെ നിര്‍ണായക മത്സരങ്ങളില്‍ തോല്‍വി വഴങ്ങിയതാണ് ടീമിന് തിരിച്ചടിയായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.