ETV Bharat / sports

ഉമ്രാന്‍റെ വേഗത മറികടക്കും; ഇന്ത്യൻ താരത്തെ വെല്ലുവിളിച്ച് യുവ പാക് പേസർ

author img

By

Published : Feb 23, 2023, 4:21 PM IST

ഇന്ത്യൻ താരത്തെ വെല്ലുവിളിച്ച് യുവ പാക് പേസർ
ഇന്ത്യൻ താരത്തെ വെല്ലുവിളിച്ച് യുവ പാക് പേസർ

പാകിസ്ഥാൻ സൂപ്പർ ലീഗിലെ മിന്നും താരമായ ഇഹ്‌സാനുള്ളയാണ് ഉമ്രാൻ മാലിക്കിനെക്കാൾ വേഗതയിൽ പന്തെറിയുമെന്ന അവകാശവാദവുമായി എത്തിയിരിക്കുന്നത്.

കറാച്ചി: 150 കിലോമീറ്ററിന് മുകളിൽ പന്തുകളെറിയുന്ന പേസർമാർ ഇന്ത്യയിലില്ല എന്ന ചീത്തപ്പേരിന് പരിഹാരമെന്നോണമാണ് ഉമ്രാൻ മാലികിന്‍റെ ഇന്ത്യൻ ടീമിലേക്കുള്ള വരവ്. ഐപിഎല്ലിൽ വേഗതയേറിയ പന്തുകളുമായി എതിരാളികളെ ഞെട്ടിച്ചതിന് പിന്നാലെ താരത്തിന് ഇന്ത്യൻ ടീമിലും അവസരം ലഭിച്ചു. ഐപിഎല്ലിൽ 157 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞ താരം ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിൽ 156 കിലോമീറ്റർ വേഗതയിലും പന്തെറിഞ്ഞിരുന്നു.

ഇപ്പോൾ ഉമ്രാൻ മാലിക്കിനെക്കാൾ വേഗത്തിൽ തനിക്ക് പന്തെറിയാൻ സാധിക്കുമെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് യുവ പാക് പേസർ ഇഹ്‌സാനുള്ള. 'ഉമ്രാൻ മാലിക്കിനെക്കാൾ വേഗത്തിൽ പന്തെറിയാൻ എനിക്ക് സാധിക്കും. ഉമ്രാൻ മണിക്കൂറിൽ 157 കിലോമീറ്റർ വേഗതയിലാണ് പന്തെറിഞ്ഞത്. അതിനെക്കാൾ വേഗത്തിൽ പന്തെറിയാൻ ഞാൻ ശ്രമിക്കും. 160 കിലോമീറ്റർ വേഗതയിൽ ഞാൻ പന്തെറിയും.' ഇഹ്‌സാനുള്ള പറഞ്ഞു.

ദേശീയ ടീമിൽ അവസരം ലഭിച്ചിട്ടില്ലെങ്കിലും പാകിസ്ഥാൻ സൂപ്പർ ലീഗിലെ മിന്നും താരമാണ് ഖൈബർ ഏജൻസിയിൽ നിന്നുള്ള 20 കാരനായ ഇഹ്‌സാനുള്ള. കഴിഞ്ഞ ദിവസം പിഎസ്‌എല്ലിൽ ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സിനെതിരായ മത്സരത്തിൽ മുഹമ്മദ് റിസ്വാൻ നയിക്കുന്ന മുൾട്ടാൻ സുൽത്താൻസിന് വേണ്ടി 12 റണ്‍സ് മാത്രം വിട്ടുനൽകി 5 വിക്കറ്റും താരം നേടിയിരുന്നു. തുടർച്ചയായി 140 കിലോമീറ്ററിന് മുകളിൽ പന്തെറിയുന്ന ഇഹ്‌സാനുള്ള 150.3 കിലോമീറ്റർ വേഗതയിലുള്ള പന്തിലാണ് സർഫറാസിനെ പുറത്താക്കിയത്.

നേരത്തെ പാക് മുൻ താരം ആഖിബ് ജാവേദ് ഉമ്രാൻ മാലിക്കിനെയും പാക് പേസർ ഹാരിസ് റൗഫിനേയും താരതമ്യം നടത്തിയിരുന്നു. റൗഫിനെപ്പോലെ മാലിക് ഫിറ്റ് അല്ലെന്നും ശാരീരികക്ഷമതയില്ലെന്നുമായിരുന്നു ജാവേദിന്‍റെ കണ്ടെത്തൽ. ഏകദിനത്തിൽ ഉമ്രാൻ ആദ്യ സ്‌പെല്ലിൽ 150 കിലോമീറ്റർ വേഗത്തിൽ പന്തെറിയുന്നു. എന്നാൽ പിന്നീട് പതിയെ വേഗത 138 കിലോമീറ്ററായി കുറയുന്നുവെന്നും ആഖിബ് ജാവേദ് പറഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.