ETV Bharat / sports

IPL 2023 | ഗവാസ്‌കറിന് ഓട്ടോഗ്രാഫ്, വിരമിക്കല്‍ സീസൺ എന്ന് അഭ്യൂഹം: ചെപ്പോക്കില്‍ വലംവച്ച് ആരാധകരെ അഭിവാദ്യം ചെയ്‌ത് ധോണി

author img

By

Published : May 15, 2023, 1:10 PM IST

ഐപിഎല്‍ പതിനാറാം പതിപ്പിലെ അവസാന ഹോം മത്സരത്തിനായിരുന്നു ഇന്നലെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ഇറങ്ങിയത്.

sports  MS Dhoni  MS Dhoni Lap of Hounour  ms dhoni special lap of honour  ms dhoni special lap of honour at chepauk  csk vs kkr  IPL 2023  IPL  ചെന്നൈ സൂപ്പര്‍ കിങ്‌സ്  എംഎസ് ധോണി  ഐപിഎല്‍  ചെപ്പോക്ക്  ചെപ്പോക്ക് സ്റ്റേഡിയം
MS Dhoni

ചെന്നൈ: എംഎസ് ധോണിയും ചെപ്പോക്ക് സ്റ്റേഡിയവും തമ്മിലുള്ള ആത്മബന്ധം വിവരിക്കാന്‍ കഴിയാത്തതാണ്. റാഞ്ചിക്കാരനായ എംഎസ് ധോണിയുടെ രണ്ടാമത്തെ വീട് ആണ് ചെന്നൈ അന്ന് അദ്ദേഹം പോലും പലപ്പോഴും പറഞ്ഞിട്ടുണ്ട്. 16 വര്‍ഷത്തെ ഐപിഎല്‍ കരിയറില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍ക്ക് ചെപ്പോക്ക് സ്റ്റേഡിയത്തില്‍ മറക്കാനാകാത്ത ഒട്ടനവധി ഓര്‍മ്മകളാണ് അവരുടെ സ്വന്തം 'തല' ധോണി സമ്മാനിച്ചത്.

ഐപിഎല്‍ പതിനാറാം പതിപ്പിലെ അവസാന ഹോം മത്സരം കഴിഞ്ഞപ്പോള്‍ നായകന്‍ എംഎസ് ധോണിയും ചെന്നൈ ആരാധകരും തമ്മിലുള്ള ചില വൈകാരിക നിമിഷങ്ങള്‍ക്കും ചെപ്പോക്ക് സ്റ്റേഡിയം ഇന്നലെ വേദിയായി. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിന് ശേഷം സീസണില്‍ തങ്ങളുടെ ഹോം മാച്ച് കാണാനെത്തിയ ആരാധകരെ അഭിവാദ്യം ചെയ്യാന്‍ ധോണിയും മറ്റ് സൂപ്പര്‍ കിങ്സ് താരങ്ങളും എത്തിയിരുന്നു. മൈതാനം മുഴുവന്‍ വലംവച്ച് ആരാധകരെ കണ്ടാണ് ടീം കളം വിട്ടത്.

ഐപിഎല്‍ പതിനാറാം പതിപ്പിന് തിരശീല വീഴുമ്പോള്‍ എംഎസ് ധോണിയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ മഞ്ഞക്കുപ്പായം അഴിക്കുമെന്ന അഭ്യൂഹം സീസണിന്‍റെ തുടക്കം മുതല്‍ തന്നെ വ്യാപകമായി പ്രചരിച്ചിരുന്നു. ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച് തങ്ങളുടെ അഭിപ്രായം വ്യക്തമാക്കി പല പ്രമുഖരും രംഗത്തെത്തിയരുന്നു. ഇതില്‍ വ്യക്തത വരുത്താന്‍ ധോണി തയ്യാറാകാതിരുന്നതോടെ ആരാധകരും താരം തുടര്‍ന്നും കളിക്കളത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

Also Read : IPL 2023| 'എംഎസ് ധോണിയെപ്പോലുള്ള താരങ്ങള്‍ വരുന്നത് നൂറ്റാണ്ടിലൊരിക്കല്‍': സുനില്‍ ഗവാസ്‌കര്‍

എന്നാല്‍, ഇന്നലെ ചെപ്പോക്കില്‍ സഹതാരങ്ങള്‍ക്കൊപ്പം ആരാധകരെ അഭിവാദ്യം ചെയ്യാന്‍ ധോണി എത്തിയതോടെ ഐപിഎല്ലില്‍ നിന്നും അദ്ദേഹം കളിയവസാനിപ്പിക്കുമെന്ന അഭ്യൂഹം വീണ്ടും ശക്തമായിരിക്കുകയാണ്. കാല്‍മുട്ടിലെ പരിക്ക് വലയ്‌ക്കുന്ന ധോണി വലിയ ബാഡ്‌ജ് ധരിച്ചായിരുന്നു മൈതാനത്ത് നടന്നത്. മൈതാനം വലം വയ്‌ക്കവെ ആരാധകര്‍ക്ക് ചെന്നൈയുടെ ജഴ്‌സിയും ധോണി ഉള്‍പ്പടെയുള്ള താരങ്ങള്‍ എറിഞ്ഞുകൊടുത്തിരുന്നു.

കൂടാതെ തങ്ങളുടെ കൈവശം ഉണ്ടായിരുന്ന റാക്കറ്റ് ഉപയോഗിച്ച് ടെന്നീസ് പന്തുകളും താരങ്ങള്‍ ആരാധകര്‍ക്കിടയിലേക്ക് അടിച്ച് പറത്തുകയും ചെയ്‌തു. ഇതെല്ലാം ധോണി ഒപ്പ് ഇട്ടവയായിരുന്നു. സ്റ്റേഡിയത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുമായി സംവദിക്കാനും എംഎസ്‌ഡി സമയം കണ്ടെത്തി.

അതിനിടെ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ ചെന്നൈ നായകന്‍റെ ഓട്ടോഗ്രാഫ് വാങ്ങാനെത്തിയത് ഏവരെയും വിസ്‌മയിപ്പിച്ചു. ധോണിയും കൂട്ടരും ആരാധകരെ അഭിവാദ്യം ചെയ്യാനായി നടക്കുന്നതിനിടെയാണ് സുനില്‍ ഗവാസ്‌കര്‍ ചെന്നൈ നായകന്‍റെ ഓട്ടോഗ്രാഫിനായെത്തിയത്. ചെന്നൈക്കെതിരായ മത്സരത്തില്‍ കൊല്‍ക്കത്തയുടെ വിജയശില്‍പിയായി മാറിയ റിങ്കു സിങ്ങും എംഎസ് ധോണിയുടെ ഓട്ടോഗ്രാഫിട്ട ഒരു ജഴ്‌സി സ്വന്തമാക്കി.

അതേസമയം, പ്ലേഓഫില്‍ ഇടം പിടിച്ചാല്‍ ചെന്നൈക്ക് ഇനിയും ചെപ്പോക്കില്‍ കളിക്കാം. ലീഗിലെ ഒന്നാം ക്വാളിഫയറും, എലിമിനേറ്ററും ചെപ്പോക്കിലാണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അവസാന മത്സരത്തില്‍ ഡല്‍ഹിയെ തകര്‍ത്ത് ധോണിയും കൂട്ടരും പ്ലേഓഫ് കളിക്കാന്‍ തങ്ങളുടെ ഹോം ഗ്രൗണ്ടിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Also Read : IPL 2023 | 'ധോണി ഇപ്പോഴും പഴയ ധോണി, കളിക്കളത്തില്‍ താരം ഇനിയും തുടരണം': ഹര്‍ഭജന്‍ സിങ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.