ചെന്നൈ: ഐപിഎല്‍ പതിനാറാം പതിപ്പിന്റെ തുടക്കം മുതല്‍ തന്നെ ചര്‍ച്ചചെയ്യപ്പെട്ട ഒന്നാണ് ചെന്നൈ നായകന് എംഎസ് ധോണിയുടെ വിരമിക്കല്‍. പല മുന്‍ താരങ്ങളും ഇക്കാര്യത്തില്‍ തങ്ങളുടെ അഭിപ്രായം വ്യക്തമാക്കി നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ധോണി ഈ സീസണോടെ കളി അവസാനിപ്പിക്കുമെന്നായിരുന്നു പലരുടെയും അഭിപ്രായം.
എന്നാല്‍ ഇതില്‍ വ്യക്തത വരുത്താന്‍ ധോണിയും തയ്യാറായിട്ടില്ല. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തിന്റെ ടോസിന് മുന്‍പ് കമന്റേറ്റര്‍ ഡാനി മോറിസണ്‍ ധോണിയോട് അവസാന സീസണ് എങ്ങനെ ആസ്വദിക്കുന്നുവെന്ന ചോദ്യം ചോദിച്ചിരുന്നു. എന്നാല്‍, താന്‍ അങ്ങനെ തീരുമാനിച്ചിട്ടില്ലെന്നും നിങ്ങളാണ് അങ്ങനെയെല്ലാം ചിന്തിച്ചിരിക്കുന്നത് എന്നുമായിരുന്നു ധോണി നല്കിയ മറുപടി. ധോണിയുടെ ഈ വാക്കുകളില്‍ ആരാധകര്‍ ആശ്വാസം കണ്ടെത്തിയിട്ടുണ്ട്.
എങ്കിലും, ലീഗിലെ അവസാന ഹോം മത്സരത്തിനായി ചെപ്പോക്കില്‍ ചെന്നൈ ഇന്ന് ഇറങ്ങുമ്പോള്‍ ധോണിയുടെ സര്‍പ്രൈസ് പ്രഖ്യാപനങ്ങള്‍ എന്തെങ്കിലും ഉണ്ടാകുമോയെന്ന ആശങ്ക ആരാധകര്‍ക്കിടയിലുണ്ട്. ഈ ഒരു സാഹചര്യത്തില്‍ ധോണി തുടര്‍ന്നും കളിക്കണമെന്ന ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെയും ചെന്നൈ സൂപ്പര്‍ കിങ്സിന്റെയും മുന്‍ താരമായ ഹര്ഭജന് സിങ്. ധോണിക്ക് ഇപ്പോഴും പഴയകാലത്തെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ വലിയ ഷോട്ടുകള്‍ കളിക്കാന്‍ കഴിയുന്നുണ്ടെന്നും ഹര്ഭജന് അഭിപ്രായപ്പെട്ടു.
'സമയത്തെപ്പോലും എംഎസ് ധോണി തടഞ്ഞുനിര്‍ത്തി. അദ്ദേഹത്തില്‍ ഇപ്പോഴും പഴയ ധോണിയെ തന്നെയാണ് കാണാന്‍ കഴിയുന്നത്. വലിയ ഷോട്ടുകള്‍ ഇപ്പോഴും ധോണി പായിക്കുന്നു.
സിംഗിളുകളും അദ്ദേഹം ഓടിയെടുക്കുന്നു. പണ്ടത്തെ വേഗത്തില്‍ ഓടാന്‍ സാധിക്കുന്നില്ലെങ്കിലും അനായാസം തന്നെയാണ് ഇപ്പോഴും അദ്ദേഹം സിക്സുകള്‍ അടിക്കുന്നത്. ബാറ്റിങ്ങില്‍ ഇപ്പോഴും ധോണി ഒരു വിനാശകാരിയാണ്.
ഞങ്ങളുടെ വികാരങ്ങളെ വേദനിപ്പിക്കാന്‍ ധോണി ശ്രമിക്കരുത്. അദ്ദേഹം ഇനിയും കളി തുടരണം എന്നാണ് എന്റെ അഭിപ്രായം' -ഹര്ഭജന് പറഞ്ഞു. സ്റ്റാര്‍ സ്പോര്‍ട്സില്‍ സംപ്രേഷണം ചെയ്ത ചെന്നൈ സൂപ്പര്‍ കിങ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിന്റെ വിശകലനത്തിനിടെയാണ് ഹര്‍ഭജന്റെ പ്രതികരണം.
ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടാനുള്ള ഒരുക്കത്തിലാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. ചെപ്പോക്കില്‍ ഇന്ന് രാത്രി നടക്കുന്ന മത്സരത്തില്‍ ജയം പിടിക്കാനായാല്‍ ചെന്നൈക്ക് പ്ലേഓഫില്‍ സ്ഥാനം ഉറപ്പിക്കാം. പ്ലേഓഫിലെത്തിയാല്‍ ചെപ്പോക്കില്‍ ഒരു മത്സരം കൂടി കളിക്കാന്‍ ധോണിപ്പടയ്ക്ക് അവസരമൊരുങ്ങും.
നിലവില്‍ 12 മത്സരങ്ങളില്‍ നിന്നും 15 പോയിന്റാണ് ചെന്നൈ സൂപ്പര്‍ കിങ്സിനുള്ളത്. കൊല്‍ക്കത്തയ്ക്കെതിരായ മത്സരം കഴിഞ്ഞാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെയാണ് അവര്‍ നേരിടേണ്ടത്. ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടായ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ മെയ് 20നാണ് ഈ മത്സരം.