ETV Bharat / sports

IPL 2023| 'എംഎസ് ധോണിയെപ്പോലുള്ള താരങ്ങള്‍ വരുന്നത് നൂറ്റാണ്ടിലൊരിക്കല്‍': സുനില്‍ ഗവാസ്‌കര്‍

author img

By

Published : May 15, 2023, 12:24 PM IST

ഐപിഎല്‍ പതിനാറാം പതിപ്പിലെ അവസാന ഹോം മത്സരത്തിന് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്നലെയാണ് ഇറങ്ങിയത്. ചെപ്പോക്കില്‍ നടന്ന കളിയില്‍ കൊല്‍ക്കത്ത ആയിരുന്നു എംഎസ് ധോണിക്കും സംഘത്തിനും എതിരാളികള്‍.

sunil gavaskar  ms dhoni  sunil gavaskar about ms dhoni  ms dhoni retirement  IPL 2023  IPL  CSK vs KKR  ചെന്നൈ സൂപ്പര്‍ കിങ്‌സ്  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്  ഐപിഎല്‍  എംഎസ് ധോണി  സുനില്‍ ഗവാസ്‌കര്‍
MS Dhoni

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണി ഒരു കാലഘട്ടത്തിന്‍റെയല്ല, ഒരു നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം കളിക്കുന്ന താരമാണെന്ന് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. ധോണി ഒന്നോ രണ്ടോ സീസണുകള്‍ കൂടി കളിക്കുന്നത് ഐപിഎല്ലിന് നേട്ടം മാത്രമെ സമ്മാനിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെപ്പോക്കില്‍ ലീഗിലെ അവസാന ഹോം മത്സരത്തില്‍ ചെന്നൈ കൊല്‍ക്കത്തയെ നേരിട്ടതിന് പിന്നാലെയാണ് ഗവാസ്‌കറുടെ പ്രതികരണം.

'ഒരു ഇംപാക്‌ട് പ്ലെയര്‍ ആയിപോലും മത്സരത്തില്‍ ധോണിക്ക് സ്വാധീനം ചെലുത്താന്‍ സാധിക്കും. ധോണി ഒരു തലമുറയില്‍ മാത്രംപെട്ട താരമല്ല. ഒരു നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രമാണ് അദ്ദേഹത്തെപ്പോലുള്ള താരങ്ങള്‍ വരുന്നത്.

അതുകൊണ്ട് തന്നെ അവനില്‍ നിന്നും ഇനിയും കൂടുതല്‍ ആരാധകരും നമ്മളും ആഗ്രഹിക്കുന്നുണ്ട്. ഇത് അദ്ദേഹത്തിന്‍റെ അവസാന സീസണ്‍ ആയിരിക്കില്ലെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ഇനിയും ധോണി കളി തുടരണമെന്നാണ് ഞങ്ങളുടെ ആവശ്യം' സുനില്‍ ഗവാസ്‌കര്‍ വ്യക്തമാക്കി.

ചെന്നൈ- കൊല്‍ക്കത്ത മത്സരത്തിന് മുന്‍പ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങും ഇതേകാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ധോണി ഇപ്പോഴും പഴയ ധോണിയാണെന്നും, അദ്ദേഹത്തിന് വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ ഇപ്പോഴും കഴിയുന്നുണ്ടെന്നും ഹര്‍ഭജന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സുനില്‍ ഗവാസ്‌കറും ധോണിയുടെ വിരമിക്കല്‍ അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

More Read : IPL 2023 | 'ധോണി ഇപ്പോഴും പഴയ ധോണി, കളിക്കളത്തില്‍ താരം ഇനിയും തുടരണം': ഹര്‍ഭജന്‍ സിങ്

ധോണി പരസ്യമായി തന്‍റെ വിരമിക്കലിനെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ അടുത്തിടെ, എംഎസ് ധോണി ഒരു സീസണ്‍ കൂടി ഐപിഎല്ലില്‍ കളിച്ചേക്കുമെന്ന് തന്നോട് പറഞ്ഞിരുന്നുവെന്ന് ഇന്ത്യയുടെയും ചെന്നൈയുടെയും മുന്‍താരമായ സുരേഷ് റെയ്‌ന വ്യക്തമാക്കിയിരുന്നു.

നിലവില്‍ കാല്‍മുട്ടിലെ പരിക്കുമായാണ് എംഎസ് ധോണി ഐപിഎല്ലില്‍ കളിക്കുന്നത്. ഈ കാരണമാണ് ആരാധകര്‍ക്കിടയിലും ആശങ്കയുണ്ടാക്കുന്നത്. എന്നാല്‍ ഇക്കാര്യം ധോണിക്ക് തനിയെ തന്നെ പരിഹരിക്കാന്‍ കഴിയുമെന്ന് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍ അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം, ഐപിഎല്‍ പതിനാറാം പതിപ്പില്‍ ചെപ്പോക്കിലെ അവസാന ഹോം മത്സരത്തിന് ഇറങ്ങിയ ചെന്നൈക്ക് വേണ്ടി ബാറ്റ് കൊണ്ട് തിളങ്ങാന്‍ എംഎസ് ധോണിക്ക് സാധിച്ചില്ല. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ എട്ടാമനായി ക്രീസിലെത്തിയ ധോണിക്ക് 3 പന്തില്‍ 2 റണ്‍സ് എടുക്കാനെ സാധിച്ചിരുന്നുള്ളു.

ചെപ്പോക്ക് വേദിയായ ഈ മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ സൂപ്പര്‍ കിങ്‌സ് 20 ഓവറില്‍ 144 റണ്‍സ് ആണ് നേടിയത്. 48 റണ്‍സ് നേടിയ ശിവം ദുബെയായിരുന്നു ചെന്നൈയുടെ ടോപ്‌ സ്‌കോറര്‍. മറുപടി ബാറ്റിങ്ങില്‍ നിതീഷ് റാണയുടെയും റിങ്കു സിങ്ങിന്‍റെയും അര്‍ധസെഞ്ച്വറിയുടെ കരുത്തില്‍ 6 വിക്കറ്റും 9 പന്തും ശേഷിക്കെ കൊല്‍ക്കത്ത ജയത്തിലേക്ക് എത്തുകയായിരുന്നു.

Also Read : IPL 2023 | പ്ലേ ഓഫ് സ്വപ്‌നം പൊലിയുന്നു, വമ്പന്‍ തോല്‍വിക്ക് പിന്നാലെ പോയിന്‍റ് പട്ടികയിലും രാജസ്ഥാന്‍ റോയല്‍സ് താഴേക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.