ETV Bharat / sports

ഐസിസി നടപടിയില്‍ ബിസിസിഐക്ക് അതൃപ്‌തി; ഇന്‍ഡോര്‍ പിച്ചിന്‍റെ മോശം റേറ്റിങ്ങിനെതിരെ അപ്പീല്‍ നല്‍കും

author img

By

Published : Mar 7, 2023, 3:05 PM IST

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ മൂന്നാം ടെസ്റ്റിന് ഉപയോഗിച്ച ഇന്‍ഡോര്‍ പിച്ചിന് മോശം റേറ്റിങ്‌ നല്‍കിയ ഐസിസി തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ ബിസിസിഐ.

BCCI to challenge ICC  BCCI  ICC  Indore pitch rating  Indore pitch  IND vs AUS  india vs australia  border gavaskar trophy  ഐസിസി  ബിസിസിഐ  ഐസിസി നടപടിയില്‍ ബിസിസിഐക്ക് അതൃപ്‌തി  ഇന്ത്യ vs ഓസ്‌ട്രേലിയ  ഇന്‍ഡോര്‍ പിച്ച്  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി  BCCI to appeal Indore pitch poor rating
ഐസിസി നടപടിയില്‍ ബിസിസിഐക്ക് അതൃപ്‌തി

മുംബൈ: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ മൂന്നാം മത്സരത്തിന് വേദിയായ ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിലെ പിച്ചിന് മോശം റേറ്റിങ്‌ നല്‍കിയ ഐസിസി തീരുമാനത്തില്‍ ബിസിസിഐക്ക് അതൃപ്‌തി. പിച്ചിന് മോശം റേറ്റിങ്ങും മൂന്ന് ഡീമെറിറ്റ് പോയിന്‍റും നല്‍കിയ ഐസിസി മാച്ച് റഫറി ക്രിസ് ബ്രോഡിന്‍റെ തീരുമാനത്തിനെതിരെ ബിസിസിഐ അപ്പീല്‍ നല്‍കിയേക്കും.

മൂന്നാം ദിനത്തിന്‍റെ ആദ്യ സെഷനില്‍ തന്നെ അവസാനിച്ച മത്സരത്തിന് ഉപയോഗിച്ച ഹോള്‍ക്കർ സ്റ്റേഡിയത്തിലെ പിച്ച് ഏറെ വരണ്ടതായിരുന്നുവെന്ന് മാച്ച് റഫറി ക്രിസ് ബ്രോഡ് ഐസിസിക്ക് നല്‍കിയ റിപ്പോര്‍ട്ട്. തുടക്കം മുതല്‍ സ്‌പിന്നര്‍മാരെ പിന്തുണച്ച പിച്ചില്‍ പ്രവചനാതീതമായ ബൗണ്‍സാണ് ഉണ്ടായത്. പിച്ച് ബാറ്റിങ്ങിനും ബോളിങ്ങിനും സന്തുലിതമായിരുന്നില്ലെന്നും ഒന്നാം ഇന്നിങ്‌സിലെ അഞ്ചാം പന്ത് തൊട്ട് പിച്ച് തകരാന്‍ ആരംഭിച്ചിരുന്നുവെന്നും ബ്രോഡിന്‍റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

BCCI to challenge ICC  BCCI  ICC  Indore pitch rating  Indore pitch  IND vs AUS  india vs australia  border gavaskar trophy  ഐസിസി  ബിസിസിഐ  ഐസിസി നടപടിയില്‍ ബിസിസിഐക്ക് അതൃപ്‌തി  ഇന്ത്യ vs ഓസ്‌ട്രേലിയ  ഇന്‍ഡോര്‍ പിച്ച്  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി  BCCI to appeal Indore pitch poor rating
ഇന്‍ഡോര്‍ പിച്ചിലെ മത്സരത്തില്‍ നിന്ന്

സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷം ശരിയായ തീരുമാനമെടുക്കുമെന്ന് ബിസിസിഐ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. പിച്ച് പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയിരുന്നില്ലെന്നും ക്യൂറേറ്ററെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാച്ച് റഫറിയുടെ തീരുമാനത്തിനെതിരെ 14 ദിവസത്തിനുള്ളില്‍ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് അപ്പീല്‍ നല്‍കാമെന്നാണ് ഐസിസി നിയമം.

ഒരു പിച്ചിന് അഞ്ച് വർഷത്തിനിടെ അഞ്ചോ അതില്‍ കൂടുതലോ ഡീമെറിറ്റ് പോയിന്‍റുകള്‍ ലഭിച്ചാല്‍ 12 മാസത്തേക്ക് ഏതെങ്കിലും അന്താരാഷ്ട്ര മത്സരം നടത്തുന്നതിനും വിലക്കുണ്ട്. മൂന്ന് ഡീമെറിറ്റ് പോയിന്‍റ് നല്‍കിയ മാച്ച് റഫറിയുടെ നിലവിലെ തീരുമാനം റദ്ദാക്കപ്പെട്ടില്ലെങ്കില്‍ ഇനി രണ്ട് ഡീമെറിറ്റ് പോയിന്‍റ്‌ കൂടെ ലഭിച്ചാല്‍ ഇന്‍ഡോര്‍ പിച്ചിനും വിലക്ക് ലഭിക്കും.

അതേസമയം കഴിഞ്ഞ വര്‍ഷം റാവല്‍പിണ്ടിയിലെ പിച്ചിന് മോശം റേറ്റിങ് നല്‍കിയ ഐസിസി തീരുമാനത്തെ ചോദ്യം ചെയ്‌ത പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അനുകൂല വിധി നേടിയിരുന്നു. പാകിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം നടന്ന പിച്ച് ബാറ്റര്‍മാരെ അമിതമായി പിന്തുണയ്‌ക്കുന്നതായിരുന്നു. മത്സരത്തില്‍ ഇരു ടീമുകളും ചേര്‍ന്ന് 1768 റണ്‍സാണ് അടിച്ച് കൂട്ടിയത്.

ഓരോ മത്സരങ്ങള്‍ക്ക് ശേഷവും മാച്ച് റഫറിമാർ പിച്ചിനെക്കുറിച്ച് ഐസിസിക്ക് റിപ്പോർട്ട് നല്‍കേണ്ടതുണ്ട്. പിച്ചിന്‍റെ ഔട്ട്ഫീൽഡ് ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് മാച്ച് റഫറി റിപ്പോര്‍ട്ട് നല്‍കുക. വളരെ മികച്ചത്, മികച്ചത്, ശരാശരി, ശരാശരിയിലും താഴെ, മോശം, മത്സരത്തിന് യോജ്യമല്ലാത്തത് എന്നിങ്ങനെ അഞ്ച് തരത്തിലാണ് റേറ്റിങ് നല്‍കുക.

അതേസമയം ഇന്‍ഡോറിലെ മത്സരത്തില്‍ ഓസ്‌ട്രേലിയ ഒമ്പത് വിക്കറ്റിന് വിജയിച്ചിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 76 റണ്‍സ് വിജയ ലക്ഷ്യം ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 78 റണ്‍സെടുത്താണ് ഓസ്‌ട്രേലിയ മറികടന്നത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 109 റണ്‍സാണ് നേടിയത്.

മറുപടിക്കിറങ്ങിയ ഓസീസ് 197 റണ്‍സ് എടുത്ത് നിര്‍ണായകമായ 88 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡ് കണ്ടെത്തി. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ആതിഥേയര്‍ 163 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്‍ഡോറില്‍ തോല്‍വി വഴങ്ങിയെങ്കിലും നാല് മത്സര പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിലാണ്. വ്യാഴായ്‌ച അഹമ്മദാബാദിലാണ് പരമ്പരയിലെ അവസാന മത്സരം നടക്കുക.

ALSO READ: അഹമ്മദാബാദില്‍ ഗില്ലോ, രാഹുലോ ? ; പ്രവചനവുമായി റിക്കി പോണ്ടിങ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.