ETV Bharat / sports

'വിരാട് കോലി ഗെറ്റ്‌സ് സ്കോട് എഡ്വേര്‍ഡ്‌സ്...' ഇന്ത്യന്‍ മുന്‍ നായകന്‍റെ വിക്കറ്റ് നേട്ടത്തില്‍ ഇളകി മറിഞ്ഞ് ചിന്നസ്വാമി

author img

By ETV Bharat Kerala Team

Published : Nov 13, 2023, 11:59 AM IST

Crowd Reaction After Virat Kohli Gets Wicket: ഏകദിന ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ വിക്കറ്റ് നേടി വിരാട് കോലി.

Cricket World Cup 2023  India vs Netherlands  Virat Kohli Wicket  Anushka Sharma Reaction After Virat Kohli Wicket  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പ് ക്രിക്കറ്റ് 2023  വിരാട് കോലി വിക്കറ്റ്  വിരാട് കോലി ബൗളിങ്  വിരാട് കോലി  Crowd Reaction After Virat Kohli Gets Wicket
Crowd Reaction After Virat Kohli Gets Wicket

ബെംഗളൂരു: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യ നെതര്‍ലന്‍ഡ്‌സ് (India vs Netherlands) മത്സരം കാണാന്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് എത്തിയവരില്‍ പലരും കാത്തിരുന്നത് വിരാട് കോലിയുടെ 50-ാം സെഞ്ച്വറിക്ക് വേണ്ടിയാണ്. എന്നാല്‍, ആരാധകരുടെ ആഗ്രഹം ബാറ്റുകൊണ്ട് സഫലമാക്കാന്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ക്ക് സാധിച്ചില്ല. മൂന്നാമനായി ക്രീസിലെത്തിയ വിരാട് കോലി 56 പന്തില്‍ 51 റണ്‍സ് നേടിയാണ് പുറത്തായത്.

ഇതോടെ ആരാധകരും നിരാശയിലായിരുന്നു. എന്നാല്‍, മത്സരത്തില്‍ വിക്കറ്റ് നേടിക്കൊണ്ട് ആരാധകരുടെ വിഷമം മാറ്റാന്‍ ഇന്ത്യന്‍ നായകന് സാധിച്ചു. നെതര്‍ലന്‍ഡ്‌സ് ക്യാപ്‌റ്റന്‍ സ്കോട്ട് എഡ്വേര്‍ഡ്‌സിന്‍റെ വിക്കറ്റായിരുന്നു വിരാട് കോലി സ്വന്തമാക്കിയത്.

മത്സരത്തില്‍ മൂന്ന് ഓവറായിരുന്നു വിരാട് കോലി എറിഞ്ഞത്. 4.33 എക്കോണമി റേറ്റില്‍ 13 റണ്‍സ് വഴങ്ങിയായിരുന്നു ഡച്ച് പടയുടെ ഇന്‍ഫോം ബാറ്ററായ എഡ്വാര്‍ഡ്‌സിനെ കോലി തിരികെ പവലിയനിലേക്ക് അയച്ചത്. കോലിയുടെ ഈ വിക്കറ്റ് നേട്ടത്തില്‍ ചിന്നസ്വാമി സ്റ്റേഡിയം ഒന്നടങ്കം ഇളകി മറിയുകയായിരുന്നു.

നെതര്‍ലന്‍ഡ്‌സ് ഇന്നിങ്‌സിന്‍റെ 23-ാം ഓവറിലാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ വിരാട് കോലിക്ക് പന്തേല്‍പ്പിക്കുന്നത്. ഈ ഓവറില്‍ ഏഴ് റണ്‍സ് കോലി വഴങ്ങി. അതിനുശേഷം 25-ാം ഓവര്‍ പന്തെറിയാന്‍ കോലി വീണ്ടും ക്രീസിലേക്കെത്തി.

ഓവറിലെ ആദ്യ പന്ത് എംഗല്‍ബ്രെറ്റ് സിംഗിള്‍ നേടി. ഡച്ച് നായകന്‍ സ്കോട്ട് എഡ്വേര്‍ഡ്‌സ് ക്രീസില്‍. നേരിട്ട ആദ്യ പന്തില്‍ താരത്തിന് റണ്‍സ് നേടാനായില്ല.

ഓവറിലെ മൂന്നാം പന്തിലായിരുന്നു ഡച്ച് നായകന്‍റെ വിക്കറ്റ് കോലി സ്വന്തമാക്കിയത്. ലെഗ് സൈഡിലേക്ക് എത്തിയ വിരാട് കോലിയുടെ പന്ത് തട്ടിയിടാനുള്ള എഡ്വേര്‍ഡ്‌സിന്‍റെ ശ്രമം പാളിപ്പോകുകയായിരുന്നു. നെതര്‍ലന്‍ഡ്‌സ് നായകന്‍റെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുല്‍ അനായാസം തന്നെ കൈപ്പിടിയിലൊതുക്കി.

ടീം അംഗങ്ങളും ഗാലറിയും ഒരുപോലെയാണ് വിരാട് കോലിയുടെ വിക്കറ്റ് നേട്ടം ആഘോഷിച്ചത്. ഗാലറിയിലുണ്ടായിരുന്ന അനുഷ്‌ക ശര്‍മയും വിരാടിന്‍റെ വിക്കറ്റിന് കയ്യടിച്ചു. 9 വര്‍ഷത്തിന് ശേഷം ഏകദിന ക്രിക്കറ്റില്‍ വിരാട് കോലിയുടെ ആദ്യ വിക്കറ്റ് നേട്ടം കൂടിയായിരുന്നു ഇത്.

ഏകദിന ക്രിക്കറ്റില്‍ 290 മത്സരം കളിച്ച വിരാട് കോലി ഇതുവരെ അഞ്ച് വിക്കറ്റാണ് നേടിയിട്ടുള്ളത്. 2011-ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു വിരാട് കോലി ആദ്യമായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ വിക്കറ്റ് നേടിയത്. മുന്‍ ഇംഗ്ലണ്ട് നായകന്‍ അലിസ്റ്റര്‍ കുക്കായിരുന്നു ബൗളിങ്ങില്‍ കോലിയുടെ ആദ്യത്തെ ഇര. പിന്നീട്, ഇംഗ്ലണ്ടിന്‍റെ തന്നെ ക്രൈഗ് കീസ്വെറ്റർ (2011), ദക്ഷിണാഫ്രിക്കയുടെ ക്വിന്‍റണ്‍ ഡി കോക്ക് (2013), ന്യൂസിലന്‍ഡ് താരം ബ്രാന്‍ഡന്‍ മെക്കല്ലം (2014) എന്നിവരുടെ വിക്കറ്റും കോലിക്ക് വീഴ്‌ത്താനായി.

Also Read : ചിന്നസ്വാമിയില്‍ ഇന്ത്യയ്‌ക്കായി പന്തെറിഞ്ഞത് 9 പേര്‍...! കാരണം വെളിപ്പെടുത്തി നായകന്‍ രോഹിത് ശര്‍മ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.