ETV Bharat / sports

Ashes 2023 | ആദ്യ ദിനം 'ജോ'റാക്കി ഇംഗ്ലണ്ട്, നാടകീയമായി ഡിക്ലയറിങ്; രണ്ടാം ദിനത്തില്‍ മേല്‍ക്കൈ നേടാന്‍ കങ്കാരുപ്പട

author img

By

Published : Jun 17, 2023, 7:28 AM IST

Ashes 2023  Ashes  england vs australia  england vs australia test match  Joe Root  Zak Crawley  Jonny Bairstow  ആഷസ്  ആഷസ് 2023  ഇംഗ്ലണ്ട്  ഓസ്‌ട്രേലിയ  ജോ റൂട്ട്  സാക് ക്രാവ്‌ലി
Ashes 2023

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇംഗ്ലണ്ട് ഒന്നാം ദിനത്തിലെ അവസാന സെഷന്‍ അവസാനിക്കുന്നതിന് മുന്‍പാണ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്‌തത്. ജോ റൂട്ടിന്‍റെ സെഞ്ച്വറിയുടെയും സാക് ക്രാവ്‌ലി, ജോണി ബെയര്‍സ്റ്റോ എന്നിവരുടെയും അര്‍ധസെഞ്ച്വറികളുമാണ് ആദ്യ ദിനം തന്നെ ആതിഥേയര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

എഡ്‌ജ്‌ബാസ്റ്റണ്‍: ആഷസ് (Ashes) ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്‍റെ രണ്ടാം ദിനമായ ഇന്ന് ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ മികച്ച സ്‌കോര്‍ കണ്ടെത്താന്‍ ഓസ്‌ട്രേലിയ (Australia) ഇറങ്ങും. ഒന്നാം ദിനത്തില്‍ നാലോവര്‍ ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ നിലവില്‍ 14 റണ്‍സ് നേടിയിട്ടുണ്ട്. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍ (8), ഉസ്‌മാന്‍ ഖവാജ എന്നിവരാണ് ക്രീസില്‍.

ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് 379 റണ്‍സ് പിന്നിലാണ് നിലവില്‍ ഓസീസ്. മത്സരത്തിന്‍റെ ആദ്യ ദിനത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് (England) 78 ഓവറില്‍ 393-8 എന്ന നിലയില്‍ നില്‍ക്കെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. സെഞ്ച്വറി നേടി പുറത്താകാതെ നിന്ന മുന്‍ നായകന്‍ ജോ റൂട്ടും (118), അര്‍ധ സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയര്‍സ്റ്റോയും ചേര്‍ന്നാണ് ആദ്യ ദിവസം തന്നെ ഇംഗ്ലീഷ് പടയ്‌ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ഇംഗ്ലണ്ടിന്‍റെ 'ബാസ്ബോള്‍': ആദ്യ ദിനത്തിലെ മൂന്ന് സെഷനുകളും പൂര്‍ത്തിയാകുന്നതിന് മുന്നേ തന്നെ 400-ന് അടുത്ത് റണ്‍സ് അടിച്ചാണ് ഇംഗ്ലണ്ട് അപ്രതീക്ഷിതമായി തങ്ങളുടെ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്‌തത്. ശക്തമായ ഓസീസ് ബൗളിങ് നിരയെ തല്ലിച്ചതച്ച് ആഷസ് ടെസ്റ്റിന്‍റെ ഒന്നാം ദിനത്തില്‍ ഇംഗ്ലണ്ട് സ്‌കോര്‍ ചെയ്‌തത് 78 ഓവര്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 393 റണ്‍സ് ആണ്. ഇംഗ്ലണ്ട് നായകന്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ 118 റണ്‍സുമായി ജോ റൂട്ടും (Joe Root) 17 റണ്‍സടിച്ച ഒലീ റോബിന്‍സണുമായിരുന്നു ക്രീസില്‍.

റൂട്ടിന് പുറമെ ഓപ്പണര്‍ സാക് ക്രാവ്‌ലിയും (Zak Crawley) വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയര്‍സ്റ്റോയും (Jonny Bairstow) ഇംഗ്ലണ്ടിനായി അര്‍ധസെഞ്ച്വറി നേടി. ക്രാവ്‌ലി 73 പന്തില്‍ 61 റണ്‍സ് നേടിയാണ് പുറത്തായത്. ഏഴാമനായ് ക്രീസിലെത്തിയ ബെയര്‍സ്റ്റോ 78 പന്തില്‍ നിന്ന് അത്രയും റണ്‍സ് നേടിയിരുന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇംഗ്ലണ്ടിന് പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല മത്സരത്തില്‍ ലഭിച്ചത്. നാലാം ഓവറില്‍ തന്നെ അവര്‍ക്ക് ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെ നഷ്‌ടമായി.

ഓസീസിന്‍റെ സ്റ്റാര്‍ പേസര്‍ ജോഷ് ഹേസല്‍വുഡ് ആണ് 10 പന്തില്‍ 12 റണ്‍സ് നേടിയ താരത്തെ പുറത്താക്കിയത്. ഇതിന് പിന്നാലെ സാക് ക്രാവിലിക്കൊപ്പം ഒലീ പോപ്പും ചേര്‍ന്നതോടെ ഇംഗ്ലണ്ട് സ്‌കോര്‍ അതിവേഗം ഉയരാന്‍ തുടങ്ങി. 44 പന്തില്‍ 31 റണ്‍സ് നേടിയ പോപ്പ് 18-ാം ഓവറില്‍ സ്‌കോര്‍ 92ല്‍ നില്‍ക്കെയാണ് പുറത്തായത്.

നാഥന്‍ ലിയോണ്‍ ആയിരുന്നു ഇംഗ്ലീഷ് മൂന്നാം നമ്പര്‍ ബാറ്ററെ വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. ഇതിന് പിന്നാലെ മറുവശത്ത് നിലയുറപ്പിച്ച് കളിച്ച ക്രാവ്‌ലി അര്‍ധസെഞ്ച്വറിയും പൂര്‍ത്തിയാക്കി.

73 പന്തില്‍ 61 റണ്‍സ് നേടിയ ക്രാവ്‌ലി 27-ാം ഓവറിലായിരുന്നു പുറത്തായത്. സ്‌കോട്ട് ബോളണ്ട് ആണ് ഇംഗ്ലീഷ് ഓപ്പണറെ തിരികെ പവലിയനിലെത്തിച്ചത്. പിന്നാലെയെത്തിയ ഹാരി ബ്രൂക്ക് മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും ഒരുപാട് നേരം ക്രീസില്‍ പിടിച്ചുനില്‍ക്കാനായിരുന്നില്ല.

37 പന്തില്‍ 32 റണ്‍സ് നേടി ബ്രൂക്കിനെ നാഥന്‍ ലിയോണ്‍ ബൗള്‍ഡാക്കുകയായിരുന്നു. പിന്നാലെയെത്തിയ നായകന്‍ ബെന്‍ സ്റ്റോക്‌സും അതിവേഗം മടങ്ങി. എട്ട് പന്തില്‍ ഒരു റണ്‍ നേടിയ സ്റ്റോക്‌സിനെ ഹേസല്‍വുഡ് ആണ് പുറത്താക്കിയത്. സ്റ്റോക്‌സ് പുറത്തായതോടെ ഇംഗ്ലണ്ട് 38.4 ഓവറില്‍ 176-5 എന്ന നിലയിലേക്ക് വീണു.

പിന്നീട് ക്രീസിലൊന്നിച്ച ജോ റൂട്ടും ജോണി ബെയര്‍സ്റ്റോയും ചേര്‍ന്നാണ് ഇംഗ്ലീഷ് സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചത്. ഇരുവരും ബാസ്‌ബോള്‍ കളിച്ച് അതിവേഗം സ്‌കോര്‍ ഉയര്‍ത്തി. ആറാം വിക്കറ്റില്‍ 121 റണ്‍സ് കൂട്ടുകെട്ട് ഉണ്ടാക്കാന്‍ ഇവര്‍ക്ക് സാധിച്ചു.

എട്ടാമനായി ക്രീസിലെത്തിയ മൊയീന്‍ അലി 18 പന്തില്‍ 17 റണ്‍സ് നേടി മടങ്ങി. ലിയോണ്‍ ആണ് അലിയുടെ വിക്കറ്റും നേടിയത്. അലി പുറത്തായതിന് പിന്നാലെ എത്തിയ സ്റ്റുവര്‍ട്ട് ബ്രോഡിനെ (16) കാമറൂണ്‍ ഗ്രീനാണ് പുറത്താക്കിയത്.

പിന്നാലെ റൂട്ട് സെഞ്ച്വറി പൂര്‍ത്തിയാക്കി. അതിന് ശേഷം താരം ഒലീ റോബിന്‍സണെ കൂട്ടുപിടിച്ച് റണ്‍സ്‌ ഉയര്‍ത്തിയെങ്കിലും സ്‌കോര്‍ 393ല്‍ നില്‍ക്കെ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ് കളത്തിലുണ്ടായ താരങ്ങളെ തിരികെ വിളിക്കുകയായിരുന്നു. മത്സരത്തില്‍ നാഥന്‍ ലിയോണ്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ ജോഷ് ഹേസല്‍വുഡ് രണ്ട് വിക്കറ്റുകളാണ് നേടിയത്.

Also Read : Sanju Samson: 'ഇന്ത്യയുടെ ടി20 ടീമില്‍ സഞ്‌ജു സാംസണ്‍ വേണ്ട'; വമ്പന്‍ പ്രസ്‌താവനയുമായി മുന്‍ താരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.