ETV Bharat / entertainment

കാക്കിയണിഞ്ഞ് വീണ്ടും ടൊവിനോ; ആകാംക്ഷയേറ്റി 'അന്വേഷിപ്പിൻ കണ്ടെത്തും' പോസ്റ്റർ

author img

By ETV Bharat Kerala Team

Published : Jan 6, 2024, 5:12 PM IST

Anweshippin Kandethum Coming Soon : 'അന്വേഷിപ്പിൻ കണ്ടെത്തും' ഫെബ്രുവരി ഒൻപതിന് തിയേറ്ററുകളിലേക്ക്

അന്വേഷിപ്പിൻ കണ്ടെത്തും  Anweshippin Kandethum  ടൊവിനോ തോമസ്  Tovino Thomas
Anweshippin Kandethum

പ്രേക്ഷക പ്രിയതാരം ടൊവിനോ തോമസ് വീണ്ടും പൊലീസ് വേഷത്തിൽ. 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന ചിത്രത്തിലാണ് താരം പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പുറത്തുവന്നു. ഡാർവിൻ കുര്യാക്കോസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

ഒട്ടേറെ ദുരൂഹമായ കഥാവഴികളിലൂടെ സഞ്ചരിക്കുന്ന ചിത്രമാകും 'അന്വേഷിപ്പിൻ കണ്ടെത്തും' എന്നാണ് വിവരം. ചിത്രം ഫെബ്രുവരി 9ന് തിയേറ്ററുകളിലെത്തും. സിനിമയുടേതായി പുറത്തുവന്ന ഒഫീഷ്യൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു.

പൊലീസ് യൂണിഫോമിലുള്ള ടൊവിനോയാണ് പോസ്റ്ററിൽ. പൊലീസ് തൊപ്പി വച്ചും അല്ലാതെയും രണ്ട് രീതിയിൽ താരത്തെ പോസ്റ്ററിൽ കാണാം. എസ്ഐ ആനന്ദ് നാരായണൻ എന്ന കഥാപാത്രമായാണ് ടൊവിനോ 'അന്വേഷിപ്പിൻ കണ്ടെത്തും' സിനിമയിൽ എത്തുന്നത്.

അന്വേഷിപ്പിൻ കണ്ടെത്തും  Anweshippin Kandethum  ടൊവിനോ തോമസ്  Tovino Thomas
'അന്വേഷിപ്പിൻ കണ്ടെത്തും' വരുന്നു

ആക്ഷൻ പശ്ചാത്തലമാക്കി ഒരുക്കുന്ന ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഏറെ കോളിളക്കം സൃഷ്‌ടിച്ച ശ്രീദേവി കൊലപാതക കേസും അതിന് പിന്നിൽ എസ്ഐ ആനന്ദ് നാരായണനും സംഘവും നടത്തുന്ന അന്വേഷണവുമാണ് പറയുന്നത്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ഈ ചിത്രം തിയേറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവർക്കൊപ്പം സരിഗമയും ചേർന്നാണ് നിർമിക്കുന്നത്. അന്വേഷിപ്പിൻ കണ്ടെത്തും' പ്രദർശനത്തിന് എത്തിക്കുന്നത് തിയേറ്റര്‍ ഓഫ് ഡ്രീംസാണ്.

തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണനാണ് സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നി‍‍ർവഹിക്കുന്നത് എന്നതും ചിത്രത്തിന്‍റെ പ്രത്യേകതയാണ്. സന്തോഷ് നാരായണൻ ഈണം ഒരുക്കുന്ന ആദ്യ മലയാള ചിത്രമാണിത്. സിദ്ദിഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, ഷമ്മി തിലകൻ, കോട്ടയം നസീർ, മധുപാൽ, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്കൊപ്പം പുതുമുഖ താരങ്ങളും അണിനിരക്കുന്നു.

നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ഗ്ലാൻസും അനൗൺസ്മെന്‍റ് പോസ്റ്ററും കയ്യടി നേടിയിരുന്നു. ഏറെ ദുരൂഹവും നിഗൂഢവുമായൊരു പൊലീസ് സ്റ്റോറിയാകും ഇതെന്ന സൂചനയും നൽകുന്നതായിരുന്നു ഇവ. 'കൽക്കി'ക്കും 'എസ്ര'യ്‌ക്കും ശേഷം ടൊവിനോ പൊലീസ് കഥാപാത്രമായെത്തുന്ന സിനിമയ്‌ക്കായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കൽ തോമസും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള അണിയറ പ്രവർത്തകരുടേയും മറ്റും ചിത്രങ്ങളും വീഡിയോയും ഉൾക്കൊള്ളിച്ച് പുറത്തിറക്കിയ ഷെഡ്യൂൾ പാക്കപ്പ് വീഡിയോയും അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൃഥ്വിരാജ് ചിത്രം 'കാപ്പ'യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് അന്വേഷിപ്പിൻ കണ്ടെത്തും.

READ MORE: പൊലീസായി തിളങ്ങാൻ ടൊവിനോ ; 'അന്വേഷിപ്പിൻ കണ്ടെത്തും' വരുന്നു, റിലീസ് തീയതി പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.