ETV Bharat / entertainment

എത്രയോ വര്‍ഷത്തെ ആത്മബന്ധം, സഹോദരനെപ്പോലെ അരികിലുണ്ടായിരുന്നു എൻ്റെ പ്രിയപ്പെട്ട നമ്പൂതിരി സർ: മോഹന്‍ലാല്‍

author img

By

Published : Jul 7, 2023, 11:52 AM IST

ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തില്‍ മലയാള ചലച്ചിത്ര താരം മോഹന്‍ലാല്‍

Actor Mohanlal  Artist Namboothiri  Mohanlal About Artist Namboothiri  Mohanlal Write Up About Artist Namboothiri  Mohanlal FB Post About Artist Namboothiri  Mohanlal pays tribute to artist Namboothiri  ആര്‍ട്ടിസ്‌റ്റ് നമ്പൂതിരി  മോഹന്‍ലാല്‍  ആര്‍ട്ടിസ്‌റ്റ് നമ്പൂതിരിയെ കുറിച്ച് മോഹന്‍ലാല്‍  സൗന്ദര്യലഹരി  സൗന്ദര്യലഹരി ചിത്രം  മോഹന്‍ലാല്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി
Mohanlal

ചിത്രകലയിലെ അതുല്യ പ്രതിഭ ആര്‍ട്ടിസ്‌റ്റ് നമ്പൂതിരിയുടെ വിയോഗത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് ചലച്ചിത്ര താരം മോഹന്‍ലാല്‍. സഹോദരതുല്യനായ കലാകാരനെ നഷ്‌ടപ്പെട്ട ദിനം ഏറെ വേദന നിറഞ്ഞ ദിവസമാണെന്ന് മേഹന്‍ലാല്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. ആര്‍ട്ടിസ്റ്റ് നമ്പൂതിരി വരച്ച ചിത്രങ്ങളും, അദ്ദേഹം തനിക്ക് സമ്മാനിച്ച 'സൗന്ദര്യലഹരി' എന്ന ചിത്രം നിധിപോലെ കാത്തുസൂക്ഷിക്കുമെന്നും മോഹന്‍ലാല്‍ കുറിച്ചു.

മോഹന്‍ലാലിന്‍റെ ആവശ്യപ്രകാരമാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി 'സൗന്ദര്യലഹരി'യെന്ന ചിത്രം വരച്ചത്. ശങ്കരാചാര്യരുടെ സൗന്ദര്യലഹരി എന്ന വിഖ്യാത ഗ്രന്ഥത്തിലെ ഒരു ശ്ലോകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം തയ്യാറാക്കിയത്. ഏകദേശം അഞ്ച് വര്‍ഷം കൊണ്ട് ആര്‍ട്ടിസ്റ്റ് നമ്പൂതിരി മോഹന്‍ലാലിനായി തയ്യാറാക്കിയ ഈ ചിത്രം ഏറെ പ്രശംസ നേടിയിരുന്നു.

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി എന്നറിയപ്പെടുന്ന കരുവാട്ട് മന വാസുദേവന്‍ നമ്പൂതിരി (97) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ആരോഗ്യനില വഷളായ അദ്ദേഹത്തെ നടുവട്ടത്തെ വീട്ടില്‍ നിന്നും എടപ്പാളിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്നും കോട്ടയ്‌ക്കല്‍ മിംസ് ആശുപത്രിയിലെത്തിച്ച അദ്ദേഹം അവിടെ ചികിത്സയിലിരിക്കെ ആയിരുന്നു മരണപ്പെട്ടത്.

പൊന്നാനിയില്‍ (Ponnani) കരവാട്ടില്ലത്ത് വച്ച് 1925 സെപ്‌റ്റംബർ 13ന് പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്‍റെയും മകനായി ജനനം. ചെറുപ്പകാലത്ത് തന്നെ ചിത്രരചന കൈമുതലായിരുന്നു. അക്കാലത്ത്, വാസുദേവന്‍ നമ്പൂതിരിയ്‌ക്ക് വരയോടുള്ള താത്പര്യം കണ്ടറിഞ്ഞ പ്രശസ്‌ത ചിത്രകാരനും ശിൽപിയുമായ വരിക്കാശേരി കൃഷ്‌ണൻ നമ്പൂതിരിയാണ് അദ്ദേഹത്തെ മദ്രാസ് ഫൈൻ ആർട്‌സ് കോളജിൽ എത്തിക്കുന്നത്. റോയ്‌ ചൗധരി, കെസിഎസ് പണിക്കർ, എസ് ധനപാൽ തുടങ്ങിയ പ്രമുഖരുടെ കീഴിലായിരുന്നു തുടര്‍ന്ന് അദ്ദേഹം ചിത്രകല അഭ്യസിച്ചത്.

1960 മുതല്‍ മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ വരകള്‍ ഇടംപിടിച്ചുതുടങ്ങി. കലാകൗമുദി, സമകാലിക മലയാളം തുടങ്ങിയവയ്‌ക്ക് വേണ്ടിയും അദ്ദേഹം ചിത്രങ്ങള്‍ രചിച്ചു. തകഴി ശിവശങ്കര പിള്ള (Thakazhi Sivasankara Pillai), എസ്കെ പൊറ്റക്കാട്ട് (sk pottekkatt), എംടി വാസുദേവൻ നായർ (M T Vasudevan Nair), വികെഎൻ (VKN), പുനത്തിൽ കുഞ്ഞബ്‌ദുള്ള (Punathil Kunjabdulla) തുടങ്ങിയ പ്രമുഖരുടെ നോവലുകള്‍ക്കും കഥകള്‍ക്കും ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വര ജീവന്‍ നല്‍കി. ആയിരക്കണക്കിന് രേഖാചിത്രങ്ങളാണ് വിവിധ പ്രസിദ്ധീകരണങ്ങള്‍ക്ക് വേണ്ടി അദ്ദേഹം കാന്‍വാസില്‍ പകര്‍ത്തിയത്.

മോഹന്‍ലാലിന്‍റെ ഫേസ്ബുക്ക് പോസ്‌റ്റിന്‍റെ പൂര്‍ണരൂപം

'ഏറെ വേദന നിറഞ്ഞ ദിവസമാണിന്ന്. വരയുടെ വരദാനം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന, ഇതിഹാസ ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി സർ നമ്മോട് വിടപറഞ്ഞിരിക്കുന്നു. എത്രയോ വർഷത്തെ ആത്മബന്ധമായിരുന്നു സഹോദരതുല്യനായ ആ കലാകാരനുമായി എനിക്കുണ്ടായിരുന്നത്. ആ വലിയ കലാകാരൻ സമ്മാനിച്ച ദൈവത്തിൻ്റെ വിരൽ‌സ്പർശമുള്ള ഒട്ടേറേ ചിത്രങ്ങൾ നിധിപോലെ ഞാൻ കാത്തുസൂക്ഷിക്കുന്നു, പ്രത്യേകിച്ച് അഞ്ചുവർഷത്തോളം സമയമെടുത്ത് വരച്ച് അദ്ദേഹം എനിക്ക് സമ്മാനിച്ച സൗന്ദര്യലഹരി എന്ന വിസ്മയ ചിത്രം. സൗമ്യമായ പെരുമാറ്റവും സ്നേഹം നിറഞ്ഞ വാക്കുകളും കൊണ്ട് ഒരു സഹോദരനെപ്പോലെ അരികിലുണ്ടായിരുന്നു എൻ്റെ പ്രിയപ്പെട്ട നമ്പൂതിരി സർ. കലാകേരളത്തിന്‌ തന്നെ തീരാ‍നഷ്ടമായി മാറിയ അദ്ദേഹത്തിൻ്റെ വേർപാടിൽ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ'.

Also Read: ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു; വിടവാങ്ങിയത് ചിത്രകലയിലെ 'സുവർണാധ്യായം'

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.