ETV Bharat / bharat

'പുരാന പാകിസ്ഥാന്‍' ഇനിയും അകലെ ; ഇമ്രാന്‍ ഖാന്‍ പുറത്തായി ഒരു വര്‍ഷം പിന്നിടുമ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ആ രാജ്യം

author img

By

Published : Apr 10, 2023, 9:10 PM IST

What happens in Pakistan  Pakistan after the ouster of Imran Khan  Pakistan  Imran Khan  An year after Imran Khan ouster  Pakistan now also under trouble  പുരാന പാകിസ്ഥാന്‍  ഇമ്രാന്‍ ഖാന്‍ പുറത്തായി ഒരു വര്‍ഷം  ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി പാകിസ്ഥാന്‍  പട്ടാള അട്ടിമറി  പണപ്പെരുപ്പവും സാമ്പത്തിക പ്രതിസന്ധിയും  പാകിസ്ഥാനില്‍ സംഭവിച്ചതെന്ത്  ഇടിവി ഭാരത് ന്യൂസ് എഡിറ്റര്‍  ഇടിവി ഭാരത്  ബിലാല്‍ ഭട്ട്  പാകിസ്ഥാന്‍  പ്രധാനമന്ത്രി  ഇമ്രാന്‍ ഖാന്‍  ഇമ്രാന്‍  പ്രധാനമന്ത്രി നരേന്ദ്രമോദി  ഖൈബര്‍ പഖ്‌തുന്‍ഖ്വ  പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ്  പിടിഐ  തെഹ്‌രീക് ഇ താലിബാന്‍
ഇമ്രാന്‍ ഖാന്‍ പുറത്തായി ഒരു വര്‍ഷം പിന്നിടുമ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി പാകിസ്ഥാന്‍

പട്ടാള അട്ടിമറി മാത്രം ശീലിച്ച രാജ്യം ജനാധിപത്യരീതിയിലൂടെ ഒരു സര്‍ക്കാരിനെ ഇറക്കിവിട്ട് ഒരു വര്‍ഷം പിന്നിടുമ്പോഴും ഉത്തരം കണ്ടെത്തേണ്ടുന്ന പണപ്പെരുപ്പവും സാമ്പത്തിക പ്രതിസന്ധിയും തുടരുന്നു. പാകിസ്ഥാനില്‍ സംഭവിച്ചതെന്ത്, ഇനി മുന്നിലെന്ത് ? - ഇടിവി ഭാരത് ന്യൂസ് എഡിറ്റര്‍ ബിലാല്‍ ഭട്ട് വിലയിരുത്തുന്നു.

വിശ്വാസ പ്രമേയത്തിലൂടെ ഇമ്രാന്‍ ഖാനെ പാകിസ്ഥാന്‍റെ അധികാരക്കസേരയില്‍ നിന്ന് ഇറക്കിവിട്ടശേഷം സഖ്യകക്ഷികളുടെ കൈകോര്‍ക്കലിലൂടെ സ്ഥാപിതമായ സര്‍ക്കാരിന് ഇന്നേക്ക് ഒരുവയസ്. രാജ്യത്തിന്‍റെ ഭരണത്തലവന് പുറത്തേക്കുള്ള വഴി കാണിക്കേണ്ടത് സൈനിക അട്ടിമറികളിലൂടെയല്ലെന്നും ജനാധിപത്യ പ്രക്രിയയിലൂടെയാണെന്നും മനസിലാക്കി ഇക്കഴിഞ്ഞ ഏപ്രില്‍ 10 നായിരുന്നു പാകിസ്ഥാന്‍ ചരിത്രം കുറിച്ചത്. അതായത് പല പ്രധാനമന്ത്രിമാരെയും സൈനിക അട്ടിമറിയിലൂടെ പറഞ്ഞയച്ച രാജ്യത്ത് ദേശീയ അസംബ്ലിയില്‍ 12 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രതിപക്ഷ പാർട്ടികളായ പിപിപി (പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി), പിഎംഎൽ (പാകിസ്ഥാൻ മുസ്‌ലിം ലീഗ് (നവാസ്), ജാമിഅത് ഉലമ ഇ ഇസ്‌ലാം (ഫസൽ) എന്നിവര്‍ ഒറ്റക്കെട്ടായി ഇമ്രാനെതിരെ അവിശ്വാസ വോട്ട് ചെയ്‌ത് അധികാരം ജനാധിപത്യം വഴി നേടിയെടുത്തതോടെ പിറന്നത് ഒരു പുതുചരിത്രം തന്നെയാണ്.

ഒന്നും ശരിയായില്ല : രാജ്യം സാമ്പത്തികമായി ഏറെ പ്രതിസന്ധിയിലും ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പത്തിലും പൊറുതിമുട്ടുന്നതിനിടെയായിരുന്നു ഈ അധികാരമാറ്റം. അതുകൊണ്ടുതന്നെ രാജ്യത്തെ സാമ്പത്തിക സ്ഥിരത പുനഃസ്ഥാപിക്കുമെന്ന് വാഗ്‌ദാനം ചെയ്‌തായിരുന്നു ഷെഹ്ബാസ് ഷെരീഫിന്‍റെ നേതൃത്വത്തിലുള്ള സഖ്യസർക്കാർ ഭരണമേറ്റെടുക്കുന്നത്. ഇതിന്‍റെ പ്രാരംഭഘട്ടമെന്നോണം രാജ്യത്തെ കരകയറ്റാന്‍ ഇന്‍റര്‍നാഷണല്‍ മോണിറ്ററി ഫണ്ടുമായി (ഐഎംഎഫ്) ചര്‍ച്ചകളുണ്ടായെങ്കിലും തുടക്കത്തിലെ ആ വേഗത എവിടെയോ കൈമോശം വന്നു. മാത്രമല്ല പണപ്പെരുപ്പത്തിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി കൊണ്ടുവന്ന നടപടികളൊന്നും തന്നെ പൂര്‍ണതയിലുമെത്തിയില്ല.

'എണ്ണ'യില്‍ വഴുതി : ഇതില്‍ ഏറ്റവും പ്രധാനമായി വിലയിരുത്തപ്പെട്ടത് റഷ്യയില്‍ നിന്നും കുറഞ്ഞ വിലയ്‌ക്ക് ക്രൂഡ് ഓയില്‍ എത്തിക്കുമെന്നതായിരുന്നു. ഇതിന്‍റെ ഭാഗമായിരുന്നു 23 വര്‍ഷത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷമുള്ള ഒരു പാകിസ്ഥാനി പ്രധാനമന്ത്രിയുടെ മോസ്‌കോ സന്ദര്‍ശനം. റഷ്യയുമായി കരാറുണ്ടാക്കി കുറഞ്ഞ വിലയ്‌ക്ക് ക്രൂഡ് എത്തിക്കുക എന്ന ഇമ്രാന്‍ ഖാന്‍റെ സന്ദര്‍ശന ഉദ്ദേശം വ്യക്തമായിരുന്നു. മാത്രമല്ല നിഷ്‌പക്ഷത ഉയര്‍ത്തിക്കാണിച്ച് റഷ്യയില്‍ നിന്ന് കുറഞ്ഞവിലയ്‌ക്ക് എണ്ണ വാങ്ങുന്ന ഇന്ത്യന്‍ പാത സ്വീകരിക്കാനാണ് താന്‍ താല്‍പര്യപ്പെടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവേകത്തെ പ്രശംസിച്ച് അദ്ദേഹം അടിവരയിട്ടു. എന്നാല്‍ റഷ്യയുമായി ഒരു കരാറുണ്ടാക്കുന്നതിന് മുമ്പേ തന്നെ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി പദത്തില്‍ നിന്ന് പുറത്തായി. ഇതോടെ റഷ്യയുമായി കൊടുക്കല്‍ വാങ്ങലുകളിലേക്ക് നീങ്ങേണ്ടുന്ന ഇടപാടുകള്‍ കരാറുകളുടെ പ്രാരംഭ ദശയിലൊതുങ്ങി.

കൈ പൊള്ളാതെ, വോട്ട് ചോരാതെ: സാമ്പത്തിക പ്രതിസന്ധി എക്കാലത്തെയും ഉയർന്ന നിലയിലേക്ക് പോയതോടെ ഇമ്രാന്‍റെ പാര്‍ട്ടിയായ പിടിഐ (പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ്) ചോദ്യങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടി. ഈ സമയം പിടിഐ അധികാരത്തിലുണ്ടായിരുന്ന ഖൈബര്‍ പഖ്‌തുന്‍ഖ്വയിലും പഞ്ചാബിലും തീവ്രവാദം മുളപൊട്ടി. അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഗോത്രമേഖലയാണ് ഖൈബര്‍ പഖ്‌തുന്‍ഖ്വ. അതുകൊണ്ടുതന്നെ ഇവിടെയുള്ള സായുധ സംഘങ്ങള്‍ തെഹ്‌രീക് ഇ താലിബാനുമായി ചേര്‍ന്ന് ലയിച്ചതോടെ ഇമ്രാന്‍ പാര്‍ലമെന്‍റില്‍ തന്‍റെ നാളുകള്‍ എണ്ണിത്തുടങ്ങി. പാകിസ്ഥാന്‍ സേന കൂടി മുഖം തിരിച്ചതോടെ, പ്രദേശത്ത് സായുധ പ്രവര്‍ത്തനങ്ങള്‍ ശക്തമാവുകയും ചെയ്‌തു.

അഫ്‌ഗാന്‍ താലിബാനില്‍ നിന്നും പ്രചോദനം ഉൾക്കൊണ്ട് ചെറിയ സായുധ സംഘങ്ങള്‍ തെഹ്‌രീക് ഇ താലിബാനുമായി കൂടുതല്‍ അടുക്കുകയും പാകിസ്ഥാന്‍ സേനയില്‍ പൊളിച്ചെഴുത്ത് വേണമെന്ന് ഇവര്‍ ആവശ്യമുന്നയിക്കുകയും ചെയ്‌തതോടെ മിലിട്ടറി അപകടം മണത്തു. എന്നാല്‍ ഖൈബര്‍ പഖ്‌തുന്‍ഖ്വയിലെ ഗോത്രവര്‍ഗ നേതാക്കളുമായി വര്‍ഷങ്ങളോളം നീണ്ട അടുപ്പവും വലിയൊരു വോട്ടുബാങ്കും തകര്‍ക്കാന്‍ ഇഷ്‌ടമല്ലാത്തതിനാല്‍ വളരെ മുമ്പ് തന്നെ പ്രദേശത്ത് സൈനിക പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ച ഇമ്രാന് നോക്കിനില്‍ക്കുകയല്ലാതെ മറ്റ് വഴികളുണ്ടായിരുന്നില്ല.

പ്രതീക്ഷകളില്‍ കണ്ണുംനട്ട് : എന്നാല്‍ ഖൈബര്‍ പഖ്‌തുന്‍ഖ്വയിലെയും പഞ്ചാബിലെയും അസംബ്ലികള്‍ പിരിച്ചുവിട്ടാല്‍ തൊട്ടടുത്ത് വരുന്ന തെരഞ്ഞെടുപ്പില്‍ സഭയിലെ 145 സീറ്റുകളില്‍ 96 എണ്ണം നേടി ഭരണത്തില്‍ തിരികെ എത്താമെന്നും പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ് (പിടിഐ) പ്രതീക്ഷ വച്ചു. ഇതുപ്രകാരം അതാത് സര്‍ക്കാരുകളുടെ എതിര്‍പ്പുകള്‍ക്കിടയിലും അസംബ്ലികള്‍ പിരിച്ചുവിട്ട് പിടിഐ പൊതുതെരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്‌തു. ഇതിനെ സാധൂകരിക്കുന്ന തരത്തില്‍ സുപ്രീം കോടതി മെയ്‌ 14 ന് പഖ്‌തുന്‍ഖ്വയിലെയും പഞ്ചാബിലെയും തെരഞ്ഞെടുപ്പിനും സമ്മതം നല്‍കി.

അതേസമയം ഖൈബര്‍ പഖ്‌തുന്‍ഖ്വയിലെ തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ സൈന്യത്തെയും പൊലീസിനെയും അണിനിരത്തി ഒരു ശുദ്ധികലശത്തിനായിരുന്നു ഇമ്രാന്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. പ്രതിപക്ഷം കഴിഞ്ഞവര്‍ഷം തന്നെ കൂട്ടത്തോടെ രാജിവച്ചതിനാല്‍ പാകിസ്ഥാന്‍ പാര്‍ലമെന്‍റിന്‍റെ ലോവര്‍ ഹൗസിലും ഇമ്രാന് കാര്യങ്ങള്‍ എളുപ്പമായി. എന്നാല്‍ ഈ സമയത്തെല്ലാം തന്നെ ഇവിടങ്ങളിലെ സര്‍ക്കാര്‍ നേരത്തെയുള്ള ഈ തെരഞ്ഞെടുപ്പിനെ നഖശിഖാന്തം എതിര്‍ക്കുകയായിരുന്നു.

പോര് കനക്കുന്നു : അങ്ങനെ മാര്‍ച്ചില്‍, പഞ്ചാബിലെയും ഖൈബര്‍ പഖ്‌തുന്‍ഖ്വയിലെയും തെരഞ്ഞെടുപ്പുകള്‍ 90 ദിവസത്തിനുള്ളില്‍ നടത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ പാകിസ്ഥാന്‍ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് (ഇസിപി) നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷനാവട്ടെ തീവ്രവാദി ബാധിത മേഖലയിലെ സുരക്ഷാസാഹചര്യം കണക്കിലെടുത്ത് ഈ സമയം അപര്യാപ്‌തമാണെന്ന് എതിര്‍പ്പ് അറിയിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് നീട്ടിവയ്‌ക്കുന്നതിലല്ല മറിച്ച് മേഖലയിലെ തീവ്രവാദം തുടച്ചുനീക്കലാണ് പ്രധാനമെന്ന് സര്‍ക്കാരും വാദിച്ചു. ഇതോടെ തെരഞ്ഞെടുപ്പിനെ ചൊല്ലി ജുഡീഷ്യറിയും എക്സിക്യുട്ടീവും ഒപ്പം ഭരണ പ്രതിപക്ഷങ്ങളും തമ്മില്‍ കലഹങ്ങളിലേക്കും നീങ്ങി.

സ്വപ്‌നങ്ങള്‍ ഇനിയും അകലെ : അതേസമയം ഖൈബര്‍ പഖ്‌തുന്‍ഖ്വയിലെ സായുധ സംഘങ്ങളുടെ നേതാക്കള്‍ തെറ്റ് ഏറ്റുപറഞ്ഞതോടെ ഇമ്രാനും അയഞ്ഞു. ഇതിന്‍റെ ഭാഗമായി ഇവരെയെല്ലാം ജയില്‍മോചിതരാക്കുകയും അക്രമമില്ലാതെ ജീവിതം പുനരാരംഭിക്കാന്‍ അനുവദിക്കുകയും ചെയ്‌തു. ഇമ്രാന്‍ ഖാന് ഗോത്രവിഭാഗത്തിനിടയിലുള്ള ജനപ്രീതി കണക്കിലെടുത്ത് തീവ്രവാദ ഗ്രൂപ്പുകളും പത്തിമടക്കി. ഇത് പിടിഐയെ തെരഞ്ഞെടുപ്പില്‍ സഹായിക്കുമെന്ന പ്രതീതി പടര്‍ന്നതോടെ ഇമ്രാന്‍ അധികാരത്തിലേക്ക് മടങ്ങിയെത്തുമെന്ന വിശ്വാസം ഇവരും തുടര്‍ന്നുപോരുന്നു. എന്നാല്‍ ഇതിനിടയില്‍ പണപ്പെരുപ്പം, തൊഴിലില്ലായ്മ തുടങ്ങിയ നഗ്നമായ യാഥാര്‍ഥ്യങ്ങള്‍ രാഷ്‌ട്രീയത്തില്‍ മുങ്ങിപ്പോയി. അതായത് സ്വാതന്ത്ര്യം നേടി വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടെങ്കിലും ബിലാവല്‍ ഭൂട്ടോ പാടിയ 'പുരാന പാകിസ്ഥാന്‍' അവിടെ ഇന്നും അന്യമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.