ETV Bharat / bharat

വിദുരസ്വത അഥവ ദക്ഷിണേന്ത്യയുടെ ജാലിയൻ വാലാബാഗ്

author img

By

Published : Aug 15, 2021, 6:03 AM IST

Updated : Aug 15, 2021, 6:09 AM IST

അഖിലേന്ത്യ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിൽ ഒരുകൂട്ടം ഗ്രാമീണർ ഇന്നത്തെ കർണാടക-ആന്ധ്ര അതിർത്തിയിലെ ചിക്കബല്ലൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന വിദുരസ്വതയിലെ തുറന്ന മൈതാനത്ത് യോഗം ചേരുന്നു. ബ്രിട്ടീഷ് രാജിന്‍റെ എതിർപ്പുകൾ മറികടന്ന് നടന്ന യോഗത്തിൽ ഗ്രാമീണർ ത്രിവർണ പതാക ഉയർത്തി. പിന്നീട് അവിടെ നടന്നത് 21 വർഷം മുമ്പ് നടന്ന ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ തനിയാവർത്തനമായിരുന്നു.

വിദുരസ്വത കൂട്ടക്കൊല  Vidurashwatha Massacre  ദക്ഷിണേന്ത്യയുടെ ജാലിയൻ വാലാബാഗ്  Jallianwala Bagh of South India  75 years of indian independence
വിദുരസ്വത അഥവ ദക്ഷിണേന്ത്യയുടെ ജാലിയൻ വാലാബാഗ്

ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലെ നടുക്കുന്ന ഓർമകളിൽ ഒന്നാണ് 1919 ഏപ്രിൽ 13ന് നടന്ന ജാലിയൻ വാലാബാഗ് കൂട്ടക്കൊല. ഇതിന് സമാനമായ ബ്രിട്ടീഷ് തേര്‍വാഴ്‌ച ദക്ഷിണേന്ത്യയിലും നടന്നിട്ടുണ്ട്.

മൈസൂർ രാജ്യത്തെ ആദ്യ ജനപ്രതിനിധിസഭയ്‌ക്ക് വഴിവെച്ച പ്രക്ഷോഭം, ദക്ഷിണേന്ത്യയിലെ സ്വാതന്ത്ര്യപോരാട്ട ചരിത്രത്തിലെ ഒരേട്. അതാണ് വിദുരസ്വത കൂട്ടക്കൊല അഥവാ ദക്ഷിണേന്ത്യയുടെ ജാലിയൻ വാലാബാഗ്.

1938 ഏപ്രിൽ 25, സ്വാതന്ത്ര്യസമര പോരാട്ടങ്ങൾ ശക്തമാകുന്ന സമയം അഖിലേന്ത്യ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിൽ ഒരുകൂട്ടം ഗ്രാമീണർ ഇന്നത്തെ കർണാടക-ആന്ധ്ര അതിർത്തിയിലെ ചിക്കബല്ലൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന വിദുരസ്വതയിലെ തുറന്ന മൈതാനത്ത് യോഗം ചേരുന്നു.

ബ്രിട്ടീഷ് രാജിന്‍റെ എതിർപ്പുകൾ മറികടന്ന് നടന്ന യോഗത്തിൽ ഗ്രാമീണർ ത്രിവർണ പതാക ഉയർത്തി. പിന്നീട് അവിടെ നടന്നത് 21 വർഷം മുമ്പ് നടന്ന ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ തനിയാവർത്തനമായിരുന്നു.

വിദുരസ്വത അഥവ ദക്ഷിണേന്ത്യയുടെ ജാലിയൻ വാലാബാഗ്

പൊലീസ് വെടിവയ്പ്പിൽ 32 പേരാണ് വിദുരസ്വതയിൽ പിടഞ്ഞുമരിച്ചത്. നൂറിലേറെ പേർക്കാണ് പരിക്കേറ്റത്. ബ്രിട്ടീഷ് ഏറാൻമൂലികളായ മൈസൂർ പൊലീസ് അന്ന് ആ ഗ്രാമീണരുടെ നേരെ 90 റൗണ്ട് വെടിയുതിർത്തു.

ഇന്ത്യയുടെ സ്വാതന്ത്ര്യ പോരാട്ട ചരിത്രത്തിൽ അധികം പറഞ്ഞുകേൾക്കാത്ത വിദുരസ്വത വെടിവയ്പ്പിന്‍റെ ചരിത്രം 'The forgotten Jallianwala Bagh of South India’ എന്ന പുസ്തകത്തിൽ പ്രൊഫ. ഗംഗാധര മൂർത്തി വിവരിക്കുന്നുണ്ട്.

ആ വർഷത്തെ മൈസൂർ കോണ്‍ഗ്രസ് സമ്മേളനത്തിൽ പതാക ഉയർത്താൻ ശ്രമിച്ച നേതാക്കളെ അറസ്റ്റ് ചെയ്‌ത് നീക്കിയതാണ് പ്രക്ഷോഭങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് മൈസൂർ കോണ്‍ഗ്രസ്, പതാക സത്യാഗ്രഹം (flag satyagraha) നടത്താൻ തീരുമാനിക്കുകയായിരുന്നു.

സമരം നടത്താൻ വിദുരസ്വത തെരഞ്ഞെടുത്തതിനും നേതാക്കൾക്ക് കാരണമുണ്ടായിരുന്നു. മൈതാനത്തിന്‍റ ഒരു വശം അമ്പലവും മറുവശം നദിയുമാണ്.

നദിക്ക് അക്കരെ ഹൈദരാബാദിന്‍റെ കീഴിലുള്ള പ്രദേശവും. അഥവാ ലാത്തിച്ചാർജ് ഉണ്ടായാൽ നദിയിലൂടെ മറുകര കടക്കാം എന്നായിരുന്നു നേതാക്കളുടെ കണക്കുകൂട്ടൽ. പൊലീസ് വെടിയുതിർക്കുമെന്ന് അവർ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല എന്നതാണ് യാഥാർഥ്യം.

അപ്രതീക്ഷിതമായി ഉണ്ടായ വെടിവയ്പ്പില്‍ പിന്തിരിഞ്ഞോടി ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട ആളുകളുമായി സംസാരിച്ചാണ് ഗംഗാധര മൂർത്തി പുസ്തക രചന പൂർത്തിയാക്കിയത്.

വിദുരസ്വത കൂട്ടക്കൊല ദേശീയ തലത്തിൽ വലിയ ചർച്ചയായി. ഗാന്ധിജി പ്രശ്നത്തിൽ നേരിട്ട് ഇടപെട്ടു. തുടർന്ന് ഗാന്ധിജിയുടെ പ്രതിനിധികളായി സർദാർ വല്ലാഭായി പട്ടേലും ജെബി കൃപലാനിയും മൈസൂർ രാജ്യം സന്ദർശിച്ചു.

ഇവർ നടത്തിയ ചർച്ചകളുടെ ഫലമായിരുന്നു മൈസൂരിന്‍റെ രാഷ്‌ട്രീയ ചരിത്രത്തിൽ നിർണായകമായ മിർസ- പട്ടേൽ ഉടമ്പടി.

സർദാർ വല്ലാഭായി പട്ടേൽ മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് ദിവാൻ മിർസ ഇസ്മയിൽ ഉടമ്പടിയിൽ ഒപ്പുവച്ചതോടെ മൈസൂർ രാജ്യത്തെ ആദ്യ ജനപ്രതിനിധിസഭ രൂപീകരിക്കാനുള്ള അവസരം ഒരുങ്ങി.

പക്ഷേ പാഠപുസ്തകങ്ങളിലൊന്നും വിദുരസ്വതയിലെ രക്തസാക്ഷികൾ ഇടംപിടിച്ചില്ല. കൂട്ടക്കൊല നടന്ന പ്രദേശത്ത് അവർക്കായി ഒരു സ്മാരകമുണ്ട്. കേട്ടറിഞ്ഞെത്തുന്നവര്‍ക്കായി വലിയൊരു പോരാട്ടത്തിന്‍റെ ചരിത്ര ശേഷിപ്പ്.

Last Updated :Aug 15, 2021, 6:09 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.