ETV Bharat / state

വേനല്‍ മഴയിലും തളരാതെ ഇടുക്കിയിലെ ടൂറിസം മേഖല: ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നത് പതിനായിരകണക്കിന് സഞ്ചാരികള്‍ - IDUKKI RAIN TOURISM

author img

By ETV Bharat Kerala Team

Published : May 26, 2024, 8:16 PM IST

വേനൽ മഴയ്‌ക്കിടയിലും ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് ഇടുക്കിയിൽ സഞ്ചാരികൾ കൂടുതലായും എത്തുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഇടുക്കിയില്‍ വന്‍ തിരക്കാണ്

IDUKKI TOURISM  MUNNAR TOURISM  ഇടുക്കി ടൂറിസം  മൂന്നാർ
- (ETV Bharat)

വേനല്‍ മഴയിലും തളരാതെ ഇടുക്കിയിലെ ടൂറിസം മേഖല (ETV Bharat)

ഇടുക്കി: സംസ്ഥാനത്ത് വേനൽ മഴ കനത്തിരിക്കുകയാണ്. റെഡ് അലര്‍ട്ട് അടക്കം ഉണ്ടായിരുന്നിട്ടും കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലെ മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപെട്ടത്. മൂന്നാര്‍ ഉള്‍പ്പടെയുള്ള പ്രധാന കേന്ദ്രങ്ങളില്‍ പല ദിവസങ്ങളിലും പതിനായിരകണക്കിന് സഞ്ചാരികള്‍ എത്തി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികളാണ് ഇടുക്കിയിൽ എത്തുന്നവരിൽ ഏറെയും.

ഏതാനും ദിവസങ്ങളിലായി പെയ്യുന്ന വേനല്‍ മഴയില്‍ സഞ്ചാരികളുടെ എണ്ണം കുറയുമെന്ന ആശങ്കയിലായിരുന്നു ഇടുക്കിയിലെ വിനോദ സഞ്ചാരമേഖല. എന്നാൽ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ, വേനല്‍ അവധിക്കാലത്ത് ഇടുക്കിയില്‍ വന്‍ തിരക്കാണ് അനുഭവപെട്ടത്. റെഡ് അലേര്‍ട്ട് അടക്കം പ്രഖ്യാപിച്ചതോടെ, സഞ്ചാരികള്‍ ഈ ദിവസങ്ങളില്‍ യാത്ര മാറ്റി വെയ്ക്കുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ ഉത്തരേന്ത്യയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള സഞ്ചാരികള്‍ ഈ ദിവസങ്ങളിലും ഇടുക്കിയിലേയ്ക്ക് എത്തി.

ഡിറ്റിപിസിയുടെ നിയന്ത്രണത്തിനുള്ള വാഗമണ്‍, രാമക്കല്‍മേട്, ശ്രീനാരായണപുരം കേന്ദ്രങ്ങളില്‍ മഴ ദിവസങ്ങളിലും നിരവധി സഞ്ചാരികള്‍ എത്തിയിട്ടുണ്ട്. മഴയെ തുടർന്ന് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചതോടെ കേരളത്തില്‍ നിന്നുള്ള സഞ്ചാരികള്‍ യാത്ര ഒഴിവാക്കിയിരുന്നു. എന്നാൽ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കൂടുതലായി എത്തിയതിനാല്‍ ടൂറിസം,വ്യപാര മേഖലകൾ പ്രതിസന്ധി ഇല്ലാതെ വേനല്‍ മഴയെ അതിജീവിച്ചു.

ജില്ല മുഴുവനായി അലര്‍ട്ടുകള്‍ പ്രഖ്യാപിയ്ക്കാതെ പ്രാദേശിക അലര്‍ട്ടുകള്‍ പ്രഖ്യാപിയ്ക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പല ദിവസങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോഴും മിക്ക മേഖലകളിലും മഴ പെയ്യാത്ത സാഹചര്യമുണ്ട്. താലൂക്കുകള്‍ കേന്ദ്രീകരിച്ച് പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ ജില്ലയിലേയ്‌ക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

Also Read: സുന്ദര കാഴ്‌ചകളുടെ പറുദീസ; സഞ്ചാരികളേ... വരൂ, കല്യാണത്തണ്ടിലെ മലനിരകളിലേക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.