ETV Bharat / bharat

84-ാം വയസില്‍ എട്ടാം ക്ലാസ് പരീക്ഷയെഴുതി 'സെലിബ്രിറ്റികളുടെ ഡോക്‌ടർ'; ചികിത്സ തേടിയവരില്‍ ബിഗ്‌ ബി അടക്കമുള്ള പ്രമുഖര്‍ - Doctor Appears For VIII Class Exam

author img

By ETV Bharat Kerala Team

Published : May 26, 2024, 8:07 PM IST

പള്ളിക്കൂടത്തിന്‍റെ പടിപോലും കണ്ടിട്ടില്ലാത്ത ഒരാള്‍ ഇന്ന് പ്രശസ്‌തനായ ആയൂര്‍വേദ ഭിക്ഷഗ്വരനാണ്. മെഗാസ്‌റ്റാര്‍ അമിതാഭ് ബച്ചനെയും ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യയെയുമടക്കമുള്ളവരെ ചികിത്സിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ഈ ഡോക്‌ടര്‍ കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഛിന്ദ്‌വാരയില്‍ എട്ടാം തരം പരീക്ഷ എഴുതി.

84YEAROLD ILLITERATE DOCTOR ILLITERATE AYURVEDIC DOCTOR CHHINDWARA AYURVEDIC DOCTOR ഡോ പ്രകാശ് ഇന്ത്യന്‍ ടാറ്റ
84കാരനായ നിരക്ഷരനായ ഡോക്‌ടര്‍ എട്ടാംക്ലാസ് പരീക്ഷയെഴുതി (Etv Bharat)

ഛിന്ദ്‌വാര(മധ്യപ്രദേശ്): പഠിക്കേണ്ട കാലത്ത് ആ മനുഷ്യന്‍ പള്ളിക്കൂടത്തിന്‍റെ പടിവാതില്‍ പോലും കണ്ടിട്ടില്ല. എന്നാല്‍ ലോകത്തെ പല രാജ്യങ്ങളിലും താന്‍ ആയൂര്‍വേദ ചികിത്സ നടത്തിയിട്ടുണ്ടെന്ന് ഇദ്ദേഹം അവകാശപ്പെടുന്നു. പല ഉന്നതരെയും ചികിത്സിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ഡോ.പ്രകാശ് ഇന്ത്യന്‍ ടാറ്റയെ നമുക്ക് പരിചയപ്പെടാം. മെഗാസ്‌റ്റാര്‍ അമിതാഭ് ബച്ചന്‍, പല രാഷ്‌ട്രീയ നേതാക്കള്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വ്യവസായികള്‍, ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യ തുടങ്ങിയവരെ ചികിത്സിച്ച് രോഗം ഭേദമാക്കിയിട്ടുണ്ടെന്നാണ് ഈ ഡോക്‌ടര്‍ അവകാശപ്പെടുന്നത്.

അഞ്ചാം വയസില്‍ ആയൂര്‍വേദം പഠിച്ചു

പഠിക്കാനായി താന്‍ പള്ളിക്കൂടത്തിലേ പോയിട്ടില്ലെന്ന് ഡോ.പ്രകാശ് ഇന്ത്യന്‍ ടാറ്റ പറയുന്നു. കാരണം അഞ്ചാം വയസ് മുതല്‍ താന്‍ അമര്‍ കാന്തക്കിലെ തന്‍റെ ഗുരുവിന്‍റെ ആശ്രമത്തിലായിരുന്നു. ഇരുപത് വര്‍ഷത്തോളം പച്ചമരുന്നുകളുപയോഗിച്ച് ചികിത്സിക്കാന്‍ പഠിച്ചു. അങ്ങനെ ആയൂര്‍വേദത്തെ മനസിലാക്കി. പിന്നീട് ഛിന്ദ്‌വാരയിലെ കൊയലാഞ്ചലില്‍ നാലിടത്ത് സ്വന്തമായി ആശുപത്രികള്‍ തുടങ്ങി. പാതല്‍കോട്ടിൽ ആയൂര്‍വേദ മരുന്നുകളുപയോഗിച്ച് ചികിത്സ തുടങ്ങി.

ലോകമെമ്പാടും താന്‍ ചികിത്സ നടത്തിയിട്ടുണ്ടെന്ന് ഡോ. പ്രകാശ് ഇന്ത്യന്‍ ടാറ്റ പറയുന്നു. ജൂലൈയില്‍ താന്‍ അമേരിക്കയിലേക്ക് പോകും. അവിടെ ചിലരെ ചികിത്സിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ ചലച്ചിത്ര രംഗത്തുള്ള അമിതാഭ് ബച്ചനടക്കം പല അതികായരും തന്‍റെ അടുത്ത് ചികിത്സ തേടിയെത്തിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.

ലോകത്തെ പല രാജ്യങ്ങളിലെയും രാഷ്‌ട്രീയ നേതാക്കളും വ്യവസായികളും തന്‍റെ അനുയായികളാണെന്ന് ഇദ്ദേഹം പറയുന്നു. ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യയുടെ കാലിന് ഒരു കുഴപ്പം പറ്റിയപ്പോള്‍ ലോകത്തെ പല ഡോക്‌ടര്‍മാരും അത് പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടു. ആ സമയത്താണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീന്‍ അദ്ദേഹത്തോട് ഡോ. പ്രകാശിനെക്കുറിച്ച് പറയുന്നത്. തുടര്‍ന്ന് ഡോക്‌ടര്‍ ശ്രീലങ്കയിലേക്ക് പോയി അദ്ദേഹത്തെ ചികിത്സിച്ച് ഭേദമാക്കി.

84-ാം വയസില്‍ എട്ടാംക്ലാസ് പരീക്ഷയെഴുതി

തനിക്ക് വിദ്യാഭ്യാസമില്ലെന്ന് ഡോ. പ്രകാശ് ഇന്ത്യന്‍ ടാറ്റ പറഞ്ഞു. ഇതിന്‍റെ പേരില്‍ വിദേശത്ത് പോകുമ്പോള്‍ പലരും തന്നെ കളിയാക്കാറുണ്ട്. അതോടെയാണ് പ്രായം പഠനത്തിന് ഒരു തടസമല്ലെന്ന് താന്‍ ചിന്തിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് അഞ്ചാം ക്ലാസ് പരീക്ഷ എഴുതി. മധ്യപ്രദേശ് ഓപ്പണ്‍ ബോര്‍ഡിലാണ് അഞ്ചാം തരം പരീക്ഷ എഴുതിയത്. ഇപ്പോഴിതാ എട്ടാം ക്ലാസ് പരീക്ഷയും എഴുതിയിരിക്കുകയാണ് ഡോ. പ്രകാശ്. പിന്നീട് പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷയും എഴുതണമെന്ന് ആഗ്രഹിക്കുന്നു.

1940 ലാണ് പ്രകാശ് ജനിച്ചത്. എന്നാല്‍ രേഖകളില്‍ 1955 ആണ് ഉള്ളത്. ആയൂര്‍വേദത്തിന്‍റെ അത്ഭുത ശക്തികാരണമാണ് താന്‍ 84 -ാം വയസിലും ഇങ്ങനെ ചെറുപ്പമായി ഇരിക്കുന്നതെന്ന് ഇദ്ദേഹം പറയുന്നു. തനിക്ക് ഇത്രയും വയസുണ്ടെന്ന് കാണുന്ന ആരും പറയില്ല.

തന്‍റെ യഥാര്‍ത്ഥ പേര് പ്രകാശ് വിശ്വകര്‍മ്മയെന്നാണ്. എന്നാല്‍ ഗുരു അമൃത് പ്രസാദ് തിവാരിക്കൊപ്പം അമര്‍കാന്തക്കിലെ അദ്ദേഹത്തിന്‍റെ ആശ്രമത്തില്‍ താമസിക്കവെ ഗുരുവാണ് തന്നെ പ്രകാശ് ഇന്ത്യന്‍ ടാറ്റ എന്ന് വിളിച്ച് തുടങ്ങിയതെന്നും ഈ ഡോക്‌ടര്‍ വെളിപ്പെടുത്തുന്നു. പത്താല്‍കോട്ടിലെ പച്ചമരുന്നുകള്‍ കൊണ്ടുള്ള ചികിത്സ ഈ ഡോക്‌ടറെ ലോകത്തിന്‍റെ നെറുകയില്‍ എത്തിച്ചിരിക്കുന്നു. ഇതിനുള്ള അംഗീകാരമായാണ് അമേരിക്കന്‍ സര്‍വകലാശാല ജൂലൈയില്‍ ഡോക്‌ടറേറ്റ് നല്‍കി ആദരിക്കുന്നത്.

Also Read: ദേശീയ ആയുര്‍വേദ ദിനം 2023; ആയുര്‍വേദം എല്ലാവര്‍ക്കും എല്ലാ ദിവസവും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.