ETV Bharat / bharat

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റ് സുഖ്‌വിന്ദർ സിങ് സുഖു; ഉപമുഖ്യമന്ത്രിയായി മുകേഷ്‌ അഗ്നിഹോത്രി

author img

By

Published : Dec 11, 2022, 3:54 PM IST

കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു

സുഖ്‌വിന്ദർ സിങ് സുഖു  sukhvinder sukhu takes oath as new himachal cm  Sukhvinder Singh Sukhu  Mukesh Agnihotri deputy cm  സുഖു  ഹിമാചൽ മുഖ്യമന്ത്രിയായി സുഖ്‌വിന്ദർ സിങ് സുഖു  മുകേഷ്‌ അഗ്നിഹോത്രി  രാഹുൽ ഗാന്ധി  ഹിമാചൽ കോണ്‍ഗ്രസ്  Himachal Congress  ഉപമുഖ്യമന്ത്രിയായി മുകേഷ്‌ അഗ്നിഹോത്രി
ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റ് സുഖ്‌വിന്ദർ സിങ് സുഖു

ഷിംല: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്‌വിന്ദർ സിങ് സുഖു സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. ഷിംലയിൽ നടന്ന ചടങ്ങില്‍ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുകേഷ്‌ അഗ്നിഹോത്രി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്‌തു. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സച്ചിൻ പൈലറ്റ്, അശോക് ഗെഹ്ലോട്ട് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

രണ്ട് ദിവസത്തെ ആശങ്കകൾക്കും കൂടിയാലോചനകൾക്കും പിന്നാലെ ശനിയാഴ്‌ച വൈകുന്നേരമാണ് സുഖ്‌വിന്ദർ സിഖ് സുഖുവിനെ ഹിമാചൽ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുണ്ടായിരുന്ന പ്രതിഭ സിങിന്‍റെ സന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. അതേസമയം സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രതിഭ സിങിനെ സുഖ്‌വിന്ദർ സിങ് സുഖു നേരിട്ടെത്തി ക്ഷണിച്ചിരുന്നു.

സാധാരണക്കാരുടെ നേതാവ്: കഴിഞ്ഞ നാല് പതിറ്റാണ്ടിൽ ഹിമാചൽ പ്രദേശ് കോൺഗ്രസിനെ എല്ലാ തലങ്ങളിലും നയിച്ച് കഴിവുതെളിയിച്ചാണ് സുഖ്‌വിന്ദർ സിങ് സുഖു മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തുന്നത്. ഹമീർപൂർ ജില്ലയിലെ നദൗണിൽ നിന്ന് നാല് തവണ എംഎൽഎയായ സുഖു രാഷ്‌ട്രീയ പാരമ്പര്യമൊന്നുമില്ലാത്ത ഒരു സാധാരണ കുടുംബത്തിൽ നിന്നാണ് ഇപ്പോൾ ഹിമാചൽ പ്രദേശിന്‍റെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയിരിക്കുന്നത്.

ഹിമാചൽ പ്രദേശ് സർവകലാശാലയിലെ വിദ്യാഭ്യാസ കാലഘട്ടത്തിൽ ക്ലാസ് റെപ്രസന്‍റേറ്റീവിലൂടെയാണ് സുഖ്‌വീന്ദർ സിങ് സുഖു തന്‍റെ രാഷ്‌ട്രീയ ജീവിതം ആരംഭിക്കുന്നത്. കാമ്പസിലെ വിദ്യാർഥി രാഷ്‌ട്രീയ പ്രവർത്തനമാണ് അദ്ദേഹത്തിലെ രാഷ്‌ട്രീയക്കാരനെ പാകപ്പെടുത്തിയത്. 1988 മുതൽ 1995 വരെ നാഷണൽ സ്റ്റുഡൻസ് യൂണിയൻ ഓഫ് ഇന്ത്യയുടെ സംസ്ഥാന പ്രസിഡന്‍റായും പ്രവർത്തിച്ചിട്ടുണ്ട്.

സംസ്ഥാന കോൺഗ്രസിലെ അതികായനായിരുന്ന വീരഭദ്ര സിങ്ങിനോട് നിരന്തരം കലഹിച്ചു നിന്നായിരുന്നു സുഖുവിന്‍റെ രാഷ്ട്രീയത്തിലെ വളർച്ച. 2013 മുതൽ 2019 വരെ ഹിമാചൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്‍റായിരുന്ന സുഖു അതിന് മുൻപ് സംസ്ഥാന കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്. വീർഭദ്ര സിങ് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് സുഖ്‌വീന്ദർ സിങ് സുഖു സംഘടനയുടെ ചുമതല ഏറ്റെടുക്കുന്നത്.

വീരഭദ്ര സിങ്ങ് പക്ഷത്തിന്‍റെ എതിർപ്പുകളെ തുടച്ചുനീക്കുന്നതിനായാണ് അദ്ദേഹത്തിന്‍റെ പിൻഗാമിയെന്നറിയപ്പെടുന്ന മുകേഷ്‌ അഗ്നിഹോത്രിയെ ഉപമുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്. അതേസമയം ആദ്യ ക്യാബിനറ്റ് യോഗത്തിൽ ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങൾ നിറവേറ്റുമെന്ന് മുകേഷ്‌ അഗ്നിഹോത്രി സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ വ്യക്‌തമാക്കി. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കും.

ഒരു സംസ്ഥാനത്തും കോൺഗ്രസ് അധികാരത്തിൽ വരില്ലെന്നാണ് നേരത്തെ ആളുകൾ പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് നമ്മൾ ബിജെപിയുടെ രഥത്തെ തടഞ്ഞ് നിർത്തിയിരിക്കുകയാണ്, മുകേഷ്‌ അഗ്നിഹോത്രി കൂട്ടിച്ചേർത്തു. ഒരു പാർട്ടിക്കും തുടർഭരണം ലഭിച്ചിട്ടില്ലാത്ത ഹിമാചലിന്‍റെ ചരിത്രത്തിൽ ബിജെപിയെ അട്ടിമറിച്ചാണ് കോൺഗ്രസിന്‍റെ ഉജ്ജ്വല വിജയം.

സംസ്ഥാന നിയമസഭയിലെ 68ൽ 40 സീറ്റുകളും നേടിയാണ് കോൺഗ്രസ് ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കിയത്. ബിജെപി 25 സീറ്റുകളും സ്വതന്ത്രർ മൂന്ന് സീറ്റുകളും നേടി. ശക്തമായ പ്രചാരണവുമായി എഎപി രംഗത്തുണ്ടായിരുന്നെങ്കിലും വോട്ടർമാർ അവർക്ക് നിയമസഭയിൽ ഇടംനൽകിയില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.