ETV Bharat / bharat

K.Surendhran about Vande Bharat| 'കേരളത്തിന് രണ്ടാമത്തെ വന്ദേ ഭാരത്, കേന്ദ്ര റെയില്‍വേ മന്ത്രിയുടെ ഉറപ്പെന്ന്' കെ സുരേന്ദ്രന്‍

author img

By

Published : Jul 26, 2023, 7:59 PM IST

കേരളത്തിന് രണ്ടാമത്തെ വന്ദേ ഭാരത് അനുവദിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേന്ദ്ര റെയില്‍വേ മന്ത്രി ഉറപ്പ് നല്‍കിയെന്ന് സുരേന്ദ്രന്‍. കേരള ജനതയോട് കേന്ദ്രത്തിന് കരുതലും സ്‌നേഹവുമെന്നും പ്രതികരണം.

Second Vande Bharat for Kerala  Vande Bharat  Railway Minister  K Surendran  K Surendran news updates  latest news about K Surendran  kerala news updates  latest news in kerala  കേരളത്തിന് രണ്ടാമത്തെ വന്ദേ ഭാരത്  കേന്ദ്ര റെയില്‍വേ മന്ത്രിയുടെ ഉറപ്പെന്ന്  കെ സുരേന്ദ്രന്‍
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്തിന് രണ്ടാമതൊരു വന്ദേ ഭാരത് ട്രെയിന്‍ കൂടി അനുവദിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ് ഉറപ്പ് നല്‍കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഡല്‍ഹിയില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാകും പുതിയ വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് നടത്തുക.

നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ പുതിയ വന്ദേ ഭാരത് ഓടിത്തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ആദ്യ വന്ദേ ഭാരതിനെ ജനങ്ങള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചതെന്നും നിലവില്‍ കേരളത്തിലെ ജനങ്ങള്‍ വലിയ യാത്ര ദുരിതം അനുഭവിക്കുന്നുണ്ടെന്നും രണ്ടാമത് ഒരു വന്ദേ ഭാരത് സര്‍വീസ് കൂടി ആരംഭിച്ചാല്‍ ഇതിന് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരള ജനതയോട് കേന്ദ്രത്തിന് സ്‌നേഹം: കേരളത്തിലെ ജനങ്ങളോട് കേന്ദ്രത്തിന് കരുതലും സ്‌നേഹവുമുണ്ടെന്നും കേരളത്തിന് വന്ദേ ഭാരത് അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവിനോടും പ്രത്യേകം നന്ദിയുണ്ടെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്തിന്‍റെ വികസനത്തിന് മോദി സര്‍ക്കാരിന് വലിയ താത്പര്യമാണുള്ളത്. ഇത്രയും വേഗം മറ്റൊരു ട്രെയിന്‍ കൂടി അനുവദിച്ചത് അതിന്‍റെ തെളിവാണ്.

സില്‍വര്‍ ലൈന്‍ പദ്ധതി അടഞ്ഞ ഒരു അധ്യായമാണ്. സംസ്ഥാന സര്‍ക്കാര്‍ ഏത് രീതിയിലാണ് ഇത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അതൊരിക്കലും നടക്കില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്ര മന്ത്രി വി.മുരളീധരന്‍, ബിജെപി തിരുവനന്തപുരം ജില്ല പ്രസിഡന്‍റ് വി.വി രാജേഷ് എന്നിവരും കൂടിക്കാഴ്‌ചയില്‍ പങ്കെടുത്തിരുന്നു.

വന്ദേ ഭാരതിന് തിരൂരില്‍ സ്റ്റോപ്പ് വേണം, ഹര്‍ജി തള്ളി സുപ്രീംകോടതി: നിലവില്‍ സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന വന്ദേ ഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. സ്റ്റോപ്പ് തീരുമാനിക്കേണ്ടത് റയില്‍വേയാണെന്നും സുപ്രീംകോടതിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പിഎസ് നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. മലപ്പുറം തിരൂര്‍ സ്വദേശിയായ പിടി ഷീജിഷാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കേരളത്തിലെ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേ ഭാരത് ട്രെയിനിന് സ്റ്റോപ്പുണ്ടെന്ന് ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നായിരുന്നു പൊതുതാത്‌പര്യ ഹര്‍ജിയിലെ ആവശ്യം.

ഹര്‍ജി നേരത്തെ തള്ളി ഹൈക്കോടതി: തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലും പിടി ഷീജിഷ്‌ നേരത്തെ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജി ഹൈക്കോടതി തള്ളിയതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ട്രെയിനുകള്‍ക്ക് എവിടെയൊക്കെ സ്റ്റോപ്പ് വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം റെയില്‍വേയ്‌ക്കാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ഹര്‍ജി തള്ളിയത്.

ഇക്കാര്യത്തില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ബച്ചു കുര്യന്‍ തോമസ്, സി ജയചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് പിടി ഷീജിഷ് സമര്‍പ്പിച്ച ഹര്‍ജി തള്ളിയത്. ജനസാന്ദ്രത ഏറെയുള്ള മലപ്പുറം ജില്ലയില്‍ വന്ദേ ഭാരതിന് സ്റ്റോപ്പ് അനുവദിക്കാത്തത് നീതികേടാണെന്നും തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഇത്തരം ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ വന്ദേ ഭാരത് പോലെയുള്ള അതിവേഗ ട്രെയിനുകളുടെ ഉദ്ദേശ ലക്ഷ്യം ഇല്ലാതെയാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

കേന്ദ്ര റെയില്‍വേ മന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്: തിരൂരും തിരുവല്ലയിലും വന്ദേ ഭാരത് ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിരുന്നു. കേരളത്തിന്‍റെ വടക്കും മധ്യഭാഗത്തും സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷനുകളുടെ പ്രാധാന്യവും പ്രസക്തിയും സൂചിപ്പിച്ച് കൊണ്ടാണ് കേന്ദ്രമന്ത്രി അശ്വനി വൈഷ്‌ണവിന് മുഖ്യമന്ത്രി കത്തയച്ചത്. തിരുവല്ല, തിരൂര്‍ സ്റ്റേഷനുകളില്‍ നിന്ന് നിരവധി പേര്‍ നിത്യവും വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നുവെന്നും അതിനാല്‍ റെയില്‍വേയ്ക്ക് വരുമാനം കൂട്ടാന്‍ ഇടയാക്കുന്ന ഈ രണ്ടിടങ്ങളിലും സ്റ്റോപ്പ് അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

വന്ദേ ഭാരതിന്‍റെ പരീക്ഷണ ഓട്ടത്തില്‍ ആദ്യം തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നു. എന്നാല്‍ പിന്നീട് തിരൂരിലെ സ്റ്റോപ്പ് റദ്ദാക്കി. ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചതോടെയാണ് തിരൂരിലെ സ്റ്റോപ്പ് റദ്ദാക്കിയത്. വന്ദേ ഭാരത് കേരളത്തില്‍ വരുന്നതിന് മുന്നോടിയായി അനുവദിച്ച സ്റ്റോപ്പുകളില്‍ ഷൊര്‍ണൂര്‍ ഉണ്ടായിരുന്നില്ല.

പാലക്കാട്, കോയമ്പത്തൂര്‍, നിലമ്പൂര്‍ മേഖലകളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് സൗകര്യപ്രദമായ സ്റ്റോപ്പ് എന്ന നിലയില്‍ ഷൊര്‍ണൂരും ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ക്ക് തിരുവല്ലയിലും സ്റ്റോപ്പ് എന്നായിരുന്നു ആദ്യ ഘട്ടത്തില്‍ ഉയര്‍ന്ന ആവശ്യം. എന്നാല്‍ ട്രെയിന്‍ സ്ഥിര സര്‍വീസ് ആരംഭിച്ചപ്പോള്‍ തിരൂര്‍ സ്റ്റോപ്പിലാതാകുകയും ഷൊര്‍ണൂരില്‍ സ്റ്റോപ്പ് വരികയും ചെയ്‌തു. ഇതിന് പിന്നാലെയാണ് തിരൂരിലെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നത്.

also read: Vande Bharat| 'തീരുമാനിക്കേണ്ടത് റെയില്‍വേ', വന്ദേ ഭാരതിന് തിരൂരിൽ സ്റ്റോപ്പ് വേണമെന്ന ഹർജി തള്ളി സുപ്രീംകോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.