ETV Bharat / state

ഡ്രൈവിങ് ടെസ്‌റ്റില്‍ വീണ്ടും പരിഷ്‌കരണം; പുതുക്കിയ ഉത്തരവിറക്കി ഗതാഗത വകുപ്പ് - new ordinance on driving test

author img

By ETV Bharat Kerala Team

Published : May 23, 2024, 7:49 PM IST

ഡ്രൈവിങ് ലൈസൻസ് ടെസ്‌റ്റ് പരിഷ്‌കരണം സംബന്ധിച്ച് പുതിയ ഉത്തരവിറക്കി. ഡ്രൈവിങ് സ്‌കൂൾ സംഘടനകളുമായി ചർച്ച നടത്തിയാണ് പുതിയ പരിഷ്‌കരണം.

KB GANESH KUMAR  TRANSPORT COOPERATION  NEW DRIVING TEST MANNUEL  ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം
Driving Test, K B Ganesh Kumar (ETV Bharat)

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് ടെസ്‌റ്റ് പരിഷ്‌കരണം സംബന്ധിച്ച് പുതിയ ഉത്തരവിറക്കി ഗതാഗത വകുപ്പ്. ഡ്രൈവിങ് ടെസ്‌റ്റ് പരിഷ്ക്കരണത്തിനെതിരെ രണ്ടാഴ്‌ചയോളമായി ഡ്രൈവിങ് സ്‌കൂൾ ഉടമകൾ സമരത്തിലായിരുന്നു. ഇതിനെ തുടർന്ന് ടെസ്‌റ്റുകൾ മുടങ്ങിയതിന്‍റെ പശ്ചാത്തലത്തിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ അധ്യക്ഷതയിൽ ഡ്രൈവിങ് സ്‌കൂൾ സംഘടനകളുമായി ചർച്ച നടത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തിയാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

പുതുക്കിയ ഉത്തരവിലെ നിർദേശങ്ങൾ ഇവ:

  • ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ മാത്രമുള്ള ഓഫീസുകളിൽ 40 ടെസ്‌റ്റുകളും, രണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർമാരുള്ള ഓഫീസുകളിൽ 80 ടെസ്‌റ്റുകളും പ്രതിദിനം നടത്തണം. ഇതിൽ 25 പുതിയ അപേക്ഷകർ, 10 റീടെസ്‌റ്റ് അപേക്ഷകർ, 5 പേർ പഠനാവശ്യത്തിന് ഉൾപ്പെടെ വിദേശത്ത് പോകേണ്ടവരോ ലീവിന് വന്ന് മടങ്ങിപ്പോകുന്നവരോ ആയ പ്രവാസികൾ എന്ന രീതിയിലായിരിക്കണം. വിദേശത്ത് പോകുന്ന അപേക്ഷകർ ഇല്ലാത്തപക്ഷം റീടെസ്‌റ്റ് അപേക്ഷകരുടെ സീനിയോറിറ്റി കൃത്യമായി പരിഗണിച്ച് അവസരം നൽകണം.
  • 18 വർഷം പഴക്കമുള്ള വാഹനങ്ങൾ ഡ്രൈവിങ് ടെസ്‌റ്റിന് ഉപയോഗിക്കാം.
  • എച്ച് ടെസ്‌റ്റ് നടത്തിയതിന് ശേഷം റോഡ് ടെസ്‌റ്റ് നടത്തുന്ന രീതി തുടരാം. റോഡ് ടെസ്‌റ്റ് കൃത്യമായി നിയമക്രമം പാലിച്ച് റോഡിൽ തന്നെ നടത്താം. ടെസ്‌റ്റിന് വിധേയരാവുന്നവർക്ക് മോട്ടോർ വാഹന ചട്ടം അനുശാസിക്കുന്ന നിയമങ്ങളെ കുറിച്ച് അറിവുണ്ടെന്ന് പരിശോധകർ ഉറപ്പ് വരുത്തണം.
  • ടെസ്‌റ്റുകൾക്ക് പുതിയ ഡിസൈൻ തയാറാക്കി ഡ്രൈവിങ് സ്‌കൂളുകൾ ഒരു മാസത്തിനകം ഗതാഗത കമ്മീഷണർക്ക് സമർപ്പിക്കണം.
  • ഓരോ ഡ്രൈവിങ് സ്‌കൂളിനും യോഗ്യതയുള്ള ഒരു ഡ്രൈവിങ് ഇൻസ്ട്രക്‌ടർ ഉണ്ടെന്നും ഡ്രൈവിങ് ടെസ്‌റ്റിന് അപേക്ഷകരെ ഹാജരാക്കുമ്പോൾ ഡ്രൈവിങ് ഇൻസ്‌പെക്‌ടറുടെ സാന്നിധ്യമുണ്ടെന്നും ഉറപ്പ് വരുത്തണം.
  • ഡ്യുവൽ ക്ലച്ച്/ബ്രേക്ക് സംവിധാനമുള്ള വാഹനങ്ങളിൽ ടെസ്‌റ്റ് നടത്തുന്ന രീതി തുടരാം.
  • ഡ്രൈവിങ് ടെസ്‌റ്റ് ഗ്രൗണ്ടുകൾ പൂർണമായും സർക്കാർ ഉടമസ്ഥതയിലാക്കാനുള്ള നടപടികൾ വേഗത്തിലാക്കുന്നതിനും, ഇതിനായി റവന്യു/ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ/ കെഎസ്ആർടിസി എന്നിവയുടെ ഉടമസ്ഥതയിലുള്ള ഭൂമി ഉപയോഗപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങൾ ഗതാഗത കമ്മീഷണർ സ്വീകരിക്കണം.
  • ടെസ്‌റ്റ് നടത്തുന്ന വാഹനങ്ങളിലും ഗ്രൗണ്ടുകളിലും ആർടിഒ/സബ് ആർടിഒ ഓഫീസുകളിലും ക്യാമറ സ്ഥാപിക്കുന്നതിനുള്ള നടപടികൾ മോട്ടോർ വാഹനവകുപ്പ് സ്വീകരിക്കണം.
  • ലേണേഴ്‌സ് ലൈസൻസ് നേടിയവരുടെയും ലൈസൻസ് കാലാവധി അവസാനിക്കുന്നവരുടെയും പട്ടിക തയ്യാറാക്കണം. ഓരോ ഓഫീസിന്‍റെ കീഴിലും തീർപ്പാക്കാനുള്ള അപേക്ഷകളുടെ എണ്ണം പരിശോധിച്ച് അധിക അപേക്ഷകരുള്ള സ്ഥലങ്ങളിൽ മോട്ടോർ വഹിക്കിൾ എൻഫോഴ്‌സ്‌മെന്‍റ് നിന്നുള്ള ഉദ്യോഗസ്ഥരെ നിയോഗിച്ച് അപേക്ഷ തീർപ്പാക്കണം. പ്രതിദിനം 40 ടെസ്‌റ്റ് എന്ന മാനദണ്ഡം പാലിച്ചുകൊണ്ടാകണം ഇത്.
  • ടെസ്‌റ്റിന് ഉപയോഗിക്കുന്ന ഇരുചക്ര/നാല് ചക്ര വാഹനങ്ങൾ മോട്ടോർ വാഹനവകുപ്പ് സ്വന്തം നിലയിൽ ഏർപ്പാടാക്കുന്നത് പരിഗണിക്കണം.
  • സ്വന്തമായി വാഹനം ഓടിച്ച് പഠിക്കാനും ഡ്രൈവിങ് ടെസ്‌റ്റിന് അപേക്ഷിക്കാനും സ്വന്തം വാഹനം ഉപയോഗിച്ച് ഡ്രൈവിങ് ടെസ്‌റ്റിന് ഹാജരാകാനുമുള്ള അവസരം ഉറപ്പുവരുത്തണം.
  • ആഴ്‌ചയിൽ രണ്ട് ദിവസം വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്‌റ്റ് നടത്തണം. ഫിറ്റ്നസ് ടെസ്‌റ്റിന് വാഹനങ്ങൾ ഇല്ലാതിരിക്കുന്ന സാഹചര്യത്തിൽ മാത്രം ഡ്രൈവിങ് ടെസ്‌റ്റ് നടത്താം.
  • രണ്ട് സർക്കാർ ഉത്തരവുകളിലെയും നിർദേശങ്ങൾക്ക് അനുസൃതമായി ഗതാഗത കമ്മീഷണർ പുതിയ സർക്കുലർ പുറപ്പെടുവിക്കണമെന്നും ഉത്തരവിൽ പറയുന്നു.

Also Read: കനത്ത മഴ : കരിപ്പൂരില്‍ നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.