ETV Bharat / bharat

നൂറിന്‍റെ നിറവില്‍ മന്‍ കി ബാത്ത്; കേരളം പ്രധാനമന്ത്രിക്ക് പ്രഭാഷണ വിഷയമായത് 12 തവണ

author img

By

Published : Apr 29, 2023, 11:01 PM IST

23 കോടി ജനങ്ങള്‍ കേള്‍ക്കുന്ന പ്രധാനമന്ത്രിയുടെ പ്രതിമാസ റോഡിയോ പ്രഭാഷണമായ മന്‍ കി ബാത്ത് ഏപ്രില്‍ 30നാണ് 100ാം എപ്പിസോഡ് തികയ്‌ക്കുക

നൂറിന്‍റെ നിറവില്‍ മന്‍കി ബാത്ത്  narendra modi Mann Ki Baat at hundred episode  narendra modi Mann Ki Baat
നൂറിന്‍റെ നിറവില്‍ മന്‍കി ബാത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ 'മൻകി ബാത്ത്' നൂറാം പതിപ്പിലെത്തിയിരിക്കുകയാണ്. നാളെയാണ് (ഏപ്രില്‍ 30) പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണം 'സെഞ്ച്വറി'യടിക്കുക. നൂറാം പതിപ്പ് ആഘോഷപരിപാടി ഉപരാഷ്‌ട്രപതി ജഗ്‍ദീപ് ധൻഖർ ഏപ്രില്‍ 26ന് ഉദ്ഘാടനം ചെയ്‌തിരുന്നു. വിവിധ മേഖലകളില്‍ ശ്രദ്ധേയമായ ആളുകളെ മോദി പ്രശംസിക്കുകയും സ്‌ത്രീശക്തി, പൈതൃകം, രാജ്യവികസനം തുടങ്ങിയ നിരവധി വിഷയങ്ങള്‍ പ്രധാനമന്ത്രിയുടെ പ്രഭാഷണങ്ങളില്‍ ഇടംപിടിച്ചു. ഇക്കൂട്ടത്തില്‍ 12 വട്ടമാണ് കേരളത്തിന്‍റെ പ്രതിഭകള്‍ പ്രധാനമന്ത്രിക്ക് പ്രസംഗ വിഷയമായത്.

2015 ഒക്‌ടോബര്‍ 25നാണ് കേരളം ആദ്യമായി ഈ പ്രഭാഷണ പരമ്പരയില്‍ ഇടംപിടിക്കുന്നത്. രാജ്യവികസനത്തിനുള്ള വിവിധ ഘടകങ്ങള്‍ ഉള്‍പ്പെടുത്തി കാസര്‍കോട് സ്വദേശിനി ശ്രദ്ധ തമ്പാന്‍ തയ്യാറാക്കിയ ഉപന്യാസത്തെക്കുറിച്ചായിരുന്നു ഈ പരാമര്‍ശം. ശ്രദ്ധ തമ്പാന്‍റെ ഈ പ്രവര്‍ത്തിയെ മോദി അഭിനന്ദിക്കുകയുമുണ്ടായി. ഇതേദിവസം തന്നെ കേരളം മന്‍കി ബാത്തിന് മറ്റൊരു വിഷയം കൂടി സമ്മാനിച്ചു. ചിറ്റൂരിലെ സെന്‍റ് മേരീസ് അപ്പര്‍ പ്രൈമറി സ്‌കൂളിലെ പെണ്‍കുട്ടികള്‍ സ്വന്തം വിരലടയാളംകൊണ്ട് തയ്യാറാക്കിയ ഭാരത മാതാവിന്‍റെ ചിത്രം അടങ്ങിയ കത്തിനെക്കുറിച്ചായിരുന്നു അത്. അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന് ഈ കുട്ടികള്‍ പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി മന്‍കി ബാത്തില്‍ പറഞ്ഞു.

ശബരിമലയില്‍ 'പുണ്യം പൂങ്കാവനം' ശുചിത്വ യജ്ഞം മാതൃകാപരമായ പ്രവര്‍ത്തിയാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. 2017 ഡിസംബര്‍ 31നാണ് ശബരിമലയെക്കുറിച്ചുള്ള മോദിയുടെ പരാമര്‍ശം. മലയാളി നാവികന്‍ അഭിലാഷ് ടോമിയും മന്‍കി ബാത്തില്‍ ഇടംപിടിച്ചു. ആളുകളെ വായനയിലേക്ക് നയിച്ച പിഎന്‍ പണിക്കരുടെ പേരിലുള്ള ഫൗണ്ടേഷനും മന്‍കി ബാത്തില്‍ ഇടംപിടിച്ചു. വായനാശീലം പ്രോത്സാഹിപ്പിക്കുന്നതില്‍ പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍റെ സംഭാവനകളെ പ്രധാനമന്ത്രി മന്‍കി ബാത്തില്‍ പ്രശംസിച്ചു. 2017 ജൂണ്‍ 25നായിരുന്നു ഈ പ്രശംസ.

മന്‍ കി ബാത്തില്‍ ലക്ഷ്‌മിക്കുട്ടിയമ്മയും: നാട്ടുവൈദ്യം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്‌മിക്കുട്ടിയമ്മ നല്‍കിയ സംഭാവനയും മോദി, 2019 ജനുവരി 28ലെ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രശംസ നേടിയ ലക്ഷ്‌മിക്കുട്ടിയമ്മ, തിരുവനന്തപും കല്ലാര്‍ വനമേഖല സ്വദേശിനിയാണ്. 2018 ഓഗസ്റ്റ് ഒന്‍പതിനാണ് അഭിലാഷ് ടോമിയെക്കുറിച്ച് മോദി പരാമര്‍ശിച്ചത്. പായ്‌വഞ്ചി കപ്പലോട്ടത്തില്‍ പരിക്കേറ്റ അഭിലാഷ് സ്വന്തം ഇച്ഛാശക്തിയുടെ ബലത്തില്‍ ജീവിതത്തിലേക്ക് തിരികെ എത്തിയത് യുവാക്കള്‍ക്ക് പ്രചോദനമെന്നായിരുന്നു അഭിനന്ദിച്ചുകൊണ്ട് മോദി തന്‍റെ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയത്.

കൊല്ലം സ്വദേശിനിയായ അക്ഷരമുത്തശ്ശി ഭാഗീരഥി അമ്മയെ മോദി പ്രശംസിച്ചത് 2020 ഫെബ്രുവരി 23നാണ്. 103-ാം വയസില്‍ നാലാം തരം തുല്യതാപരീക്ഷ എഴുതി പാസായാണ് ഭാഗീരഥി അമ്മ മിന്നും നേട്ടം സ്വന്തമാക്കിയത്. പിന്നാലെ കെനിയന്‍ മുന്‍ പ്രധാനമന്ത്രി റൈല ഒഡിംഗയുടെ മകള്‍ റോസ് മേരി, ആയുര്‍വേദത്തിലൂടെ കാഴ്‌ച വീണ്ടെടുത്ത വാര്‍ത്തയും മന്‍കിബാത്തില്‍ ഇടംപിടിച്ചു. വേമ്പനാട് കായലില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്ന ദിവംഗദനായ എന്‍എസ് രാജപ്പന്‍റെ ശുചിത്വത്തോടുള്ള പ്രതിബദ്ധത പ്രശംസനീയമാണെന്നും മോദി പറഞ്ഞു. 2021 ജനുവരി ഒന്നിനായിരുന്നു ഈ പ്രശംസ.

നാരായണന്‍റെ മണ്‍പാത്ര സേവനവും ഇടംപിടിച്ചു: പാഴ്‌വസ്‌തുക്കളില്‍ നിന്ന് കളിപ്പാട്ടങ്ങളും മറ്റും നിര്‍മിക്കുന്ന എറണാകുളം സെന്‍റ് തെരേസാസ് കോളജിലെ വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഈ പ്രഭാഷണത്തിന് വിഷയമായി. 2022 മാര്‍ച്ച് 27നാണ് മുപ്പത്തടം നാരായണനും ഞായറാഴ്‌ചകളിലെ പ്രത്യേക റോഡിയോ പരിപാടിയില്‍ ഇടംപിടിച്ചത്. വേനല്‍ക്കാലങ്ങളില്‍ പക്ഷിമൃഗാദികള്‍ക്ക് ദാഹജലം ലഭ്യമാക്കുന്നതിന് വീടുകളില്‍ മണ്‍പാത്രം വയ്‌ക്കുന്നതിന് ഒരു ലക്ഷം മണ്‍പാത്രങ്ങളാണ് നാരായണന്‍ നിര്‍മിച്ചുനല്‍കിയത്. നാരായണന്‍റെ പ്രകൃതി സ്നേഹം എല്ലാവര്‍ക്കും മാതൃകയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. പ്രസ്‌ ഇന്‍ഫര്‍മേഷന്‍ ബ്യൂറോയാണ്, കേരളം മന്‍ കി ബാത്തില്‍ ഇടംപിടിച്ചത് സംബന്ധിച്ച വിവരം നൂറാം എപ്പിസോഡ് വേളയില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.