ETV Bharat / bharat

Liquor Outlet| ലക്ഷദ്വീപില്‍ മദ്യവില്‍പനശാലകള്‍ക്ക് അനുമതി നല്‍കാന്‍ ഭരണകൂടം; എതിര്‍പ്പുമായി കോണ്‍ഗ്രസും എന്‍സിപിയും

author img

By

Published : Aug 8, 2023, 5:58 PM IST

Lakshadweep Authority  Liquor Outlet  Lakshadweep  Lakshadweep Authority Excise Regulation Bill  ലക്ഷദ്വീപില്‍ മദ്യവില്‍പനശാലകള്‍ക്ക് അനുമതി  മദ്യവില്‍പനശാല  ഭരണകൂടം  എതിര്‍പ്പുമായി കോണ്‍ഗ്രസും എന്‍സിപിയും  പൊതുജനാഭിപ്രായം തേടി  ലക്ഷദ്വീപ് ഭരണകൂടം  കവരത്തി  എക്‌സൈസ് റഗുലേഷന്‍ ബില്ലിന്‍റെ കരട്  മദ്യ മാഫിയ
ലക്ഷദ്വീപില്‍ മദ്യവില്‍പനശാലകള്‍ക്ക് അനുമതി നല്‍കാന്‍ ഭരണകൂടം; എതിര്‍പ്പുമായി കോണ്‍ഗ്രസും എന്‍സിപിയും

ഇതിനായി ബില്ലിന്‍റെ കരട് പ്രസിദ്ധീകരിച്ച് പൊതുജനാഭിപ്രായം തേടിയിരിക്കുകയാണ് ലക്ഷദ്വീപ് ഭരണകൂടം

കവരത്തി (ലക്ഷദ്വീപ്): ദ്വീപില്‍ മദ്യവില്‍പനശാലകള്‍ക്ക് അനുമതി നല്‍കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ നീക്കത്തെ എതിര്‍ത്ത് കോണ്‍ഗ്രസും നാഷണലിസ്‌റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയും. എക്‌സൈസ് റഗുലേഷന്‍ ബില്ലിന്‍റെ കരട് ഓഗസ്‌റ്റ് മൂന്നിന് പ്രസിദ്ധീകരിച്ച് പൊതുജനാഭിപ്രായം തേടിയതോടെയാണ് കോണ്‍ഗ്രസും എന്‍സിപിയും രംഗത്തെത്തിയത്. 30 ദിവസത്തിനകം ഇതില്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാനാണ് ഭരണകൂടം ആവശ്യപ്പെട്ടിട്ടുള്ളത്. അതേസമയം ദ്വീപിൽ മദ്യവിൽപനയും ഉപഭോഗവും അനുവദിക്കുന്ന ബില്ലിനെതിരെ വിവിധ കോണുകളിൽ നിന്നും വ്യാപക വിമർശനം ഉയരുന്നുണ്ട്.

വിമര്‍ശനം കടുക്കുന്നു: മദ്യ ഉപയോഗത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള ഈ നീക്കം ലക്ഷദ്വീപില്‍ മദ്യ മാഫിയകള്‍ക്ക് വാതിലുകള്‍ തുറന്നുകൊടുക്കുമെന്ന് കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനയായ നാഷണല്‍ സ്‌റ്റുഡന്‍സ് യൂണിയന്‍ ഓഫ് ഇന്ത്യ (എന്‍എസ്‌യുഐ) ആരോപിച്ചു. ദ്വീപുകള്‍ മദ്യവിമുക്തമായി തുടരണമെന്നും ഇക്കാര്യത്തില്‍ പൊതുജനം ഇങ്ങനെ തന്നെ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കണമെന്നും എന്‍എസ്‌യുഐ ആവശ്യപ്പെട്ടു. ബില്ലിനെ രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്നും എൻസിപി എംപി പി.പി മുഹമ്മദ് ഫൈസൽ അറിയിച്ചു. ഭരണകൂടത്തിന്‍റെ ഈ നീക്കത്തെ ലക്ഷദ്വീപിലെ ജനങ്ങൾ ഒറ്റക്കെട്ടായി എതിർക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പുതിയ ബിൽ ദ്വീപസമൂഹത്തെ മദ്യമാഫിയയ്ക്കും വ്യാപാരികൾക്കും തുറന്നുകൊടുക്കുമെന്ന് ദ്വീപിൽ നിന്നുള്ള മുൻ എംപിയും കോൺഗ്രസ് നേതാവുമായ ഹംദുള്ള സയീദും കുറ്റപ്പെടുത്തി. കോൺഗ്രസ് ഭരണത്തിന് കീഴിൽ പതിറ്റാണ്ടുകളായി ദ്വീപ് മദ്യവിമുക്തമായിരുന്നുവെന്നും കുറ്റകൃത്യങ്ങളും അക്രമങ്ങളും കുറവായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ നടപടി ദ്വീപ് നിവാസികളുടെ സാധാരണ ജീവിതത്തെ ബാധിക്കുമെന്നും യുവാക്കളെ ആസക്തിയിലേക്ക് നയിക്കുമെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, കരട് നിയമം പിൻവലിക്കണമെന്നും ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

അതേസമയം, 1979 ലെ ലക്ഷദ്വീപ് നിരോധന നിയമപ്രകാരം, മദ്യം നിരോധിച്ചിട്ടുണ്ടെങ്കിലും രാജ്യാന്തര വിനോദസഞ്ചാരികൾക്കായി ജനവാസമില്ലാത്ത ബംഗാരം ദ്വീപുകളിലെ റിസോർട്ടുകളിൽ മദ്യം വിളമ്പാറുണ്ട്. എന്നാല്‍ കരട് ബില്ലിൽ പൊതുജനാഭിപ്രായം തേടിയുള്ള നോട്ടിസ് ഓഗസ്‌റ്റ് മൂന്നിനാണ് അഡിഷണൽ ജില്ല മജിസ്‌ട്രേറ്റ് ആർ.ഗിരി ശങ്കർ പുറപ്പെടുവിച്ചത്.

Also Read: ഐടി പാർക്കുകളില്‍ മദ്യം, ലൈസൻസ് ഫീ അടക്കം നിർണായക തീരുമാനങ്ങൾ: സംസ്ഥാന സർക്കാരിന്‍റെ പുതിയ മദ്യനയം ഇന്ന്

അടച്ചുപൂട്ടാനൊരുങ്ങി തമിഴ്‌നാട്: എന്നാല്‍ അടുത്തിടെ തമിഴ്‌നാട് സ്‌റ്റേറ്റ് മാർക്കറ്റിങ് കോർപറേഷൻ (TASMAC) തങ്ങള്‍ക്ക് കീഴിലുള്ള 500 റീട്ടെയില്‍ മദ്യ വില്‍പ്പനശാലകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചിരുന്നു. മുമ്പ് പുറത്തിറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് തമിഴ്‌നാട് സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള മദ്യത്തിന്‍റെ ചില്ലറ വിൽപ്പനക്കാരായ ടാസ്‌മാക്ക് 500 ചില്ലറ മദ്യവില്‍പ്പനശാലകള്‍ അടച്ചുപൂട്ടിയത്. ഈ മദ്യവില്‍പ്പനശാലകള്‍ ഇക്കഴിഞ്ഞ ജൂണ്‍ 22 മുതല്‍ തുറന്നുപ്രവര്‍ത്തിക്കില്ലെന്നും ടാസ്‌മാക് അന്ന് വ്യക്തമാക്കിയിരുന്നു.

മുന്‍ എക്സൈസ് ആൻഡ് പ്രൊഹിബിഷൻ മന്ത്രിയും അടുത്തിടെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യലിനിടെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്‌ത വി.സെന്തില്‍ ബാലാജി, 2023 ഏപ്രില്‍ 12 നാണ് ചില്ലറ മദ്യവില്‍പ്പനശാലകള്‍ അടച്ചുപൂട്ടുന്നത് സംബന്ധിച്ച് നിയമസഭയില്‍ പ്രഖ്യാപനം നടത്തിയത്. ഇതിന് പിന്നാലെ 2023 ഏപ്രില്‍ 20 ന് 500 ചില്ലറ മദ്യവില്‍പ്പനശാലകള്‍ അടച്ചുപൂട്ടുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ജൂണ്‍ 22 മുതല്‍ പ്രസ്‌തുത മദ്യവില്‍പ്പനശാലകള്‍ തുറന്നുപ്രവര്‍ത്തിക്കില്ലെന്ന് ടാസ്‌മാക് പ്രസ്‌താവനയിലൂടെ അറിയിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.