ETV Bharat / state

ഐടി പാർക്കുകളില്‍ മദ്യം, ലൈസൻസ് ഫീ അടക്കം നിർണായക തീരുമാനങ്ങൾ: സംസ്ഥാന സർക്കാരിന്‍റെ പുതിയ മദ്യനയം ഇന്ന്

author img

By

Published : May 24, 2023, 10:11 AM IST

Updated : May 24, 2023, 11:04 AM IST

പുതിയ മദ്യനയത്തിൽ ബാർ ലൈസൻസ് തുകയിൽ 5 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപയുടെ വർധനവ് വരെ ഉണ്ടാകാനാണ് സാധ്യത

The state governments new liquor policy  സംസ്ഥാന സർക്കാരിന്‍റെ പുതിയ മദ്യനയം ഇന്നറിയാം  ബാർ ലൈസൻസ് തുക വർധിപ്പിച്ചേക്കും  ഇന്നത്തെ മന്ത്രിസഭ യോഗം മദ്യനയം അറിയിക്കും  സാമ്പത്തിക സ്ഥിതി പരിഗണിച്ചാണ് ലൈസൻസ് ഫീസ്  ഐടി പാർക്കുകളിലെ മദ്യ വിതരണ കേന്ദ്രങ്ങൾ
സംസ്ഥാന സർക്കാരിന്‍റെ പുതിയ മദ്യനയം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ പുതിയ മദ്യനയം ഇന്ന്. ഇന്നത്തെ മന്ത്രിസഭ യോഗം ഇക്കാര്യം ചർച്ച ചെയ്യും. വലിയ മാറ്റങ്ങൾ ഇല്ലാതെയാകും പുതിയ നയം എത്തുകയെന്നാണ് വിവരം.

ബാർ ലൈസൻസ് തുക വർധിപ്പിക്കുന്ന കാര്യത്തില്‍ യോഗത്തിൽ തീരുമാനമുണ്ടാകും. സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് ബാർ ലൈസൻസ് തുക വർധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും. ലൈസൻസ് തുകയിൽ 5 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപയുടെ വർധനവ് വരെ ഉണ്ടാകാനാണ് സാധ്യത.

സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി പരിഗണിച്ചാണ് ലൈസൻസ് ഫീസ് വർധിപ്പിക്കുന്നത്. ഇക്കാര്യം ധനവകുപ്പ് പ്രത്യേകം സർക്കാരിനോട് ശുപാർശ ചെയ്‌തിരുന്നു. ഇത് അംഗീകരിച്ചാണ് ഫീസ് വർധിപ്പിക്കാനുള്ള തീരുമാനം എടുത്തതെന്നാണ് വിവരം. തെരഞ്ഞെടുത്ത ഐ ടി പാർക്കുകളിൽ മദ്യം വിതരണം ചെയ്യുന്നതിനുള്ള നിർദേശങ്ങളും പുതിയ മദ്യനയത്തിലുണ്ടാകും. ഇക്കാര്യത്തിൽ സർക്കാർ നേരത്തെ തന്നെ നയപരമായ തീരുമാനം എടുത്തിരുന്നു.

എന്നാൽ, ഇത്തരത്തിൽ മദ്യവിതരണത്തിന് ഐ ടി പാർക്കുകളിൽ അനുമതി നൽകുമ്പോൾ ഈടാക്കേണ്ട ഫീസ് നടത്തിപ്പ് രീതി എന്നിവ സംബന്ധിച്ച തീരുമാനമെടുക്കാത്തതിനാലാണ് അംഗീകാരം നൽകാൻ വൈകിയത്. ഐടി പാർക്കുകളിലെ മദ്യ വിതരണ കേന്ദ്രങ്ങൾക്ക് ക്ലബ്ബുകളുടെ മാതൃകയിൽ ഫീസ് ഈടാക്കാനാണ് നിലവിലെ ധാരണ. ഇക്കാര്യം മന്ത്രിസഭായോഗം ചർച്ച ചെയ്‌ത് തീരുമാനിക്കും. പ്രധാന ഐടി കമ്പനികളുടെ സ്ഥലങ്ങളിൽ ആയിരിക്കും മദ്യവിതരണത്തിനുള്ള അനുമതി നൽകുക. ഉത്തരവാദിത്തം അതത് ഐടി കമ്പനികൾക്കായിരിക്കും.

Also Read: ട്രെയിൻ യാത്രയ്ക്കിടെ വനിത ഡോക്‌ടർക്ക് നേരെ ലൈംഗികാതിക്രമം: തൃശൂർ സ്വദേശി പിടിയിൽ

കള്ളുഷാപ്പുകൾക്ക് ബാറുകളുടെ പോലെ സ്റ്റാർ പദവി നിശ്ചയിക്കുന്നത് സംബന്ധിച്ച നിർദേശവും മദ്യനയത്തിലുണ്ട്. എന്നാൽ നിലവില്‍ തുടരുന്ന ഒന്നാം തീയതി അവധി ഒഴിവാക്കില്ല. ഇത്തരം ഒരു നിർദേശം സർക്കാരിന്‍റെ മുന്നിൽ ഉണ്ടായിരുന്നെങ്കിലും അവധി ഒഴിവാക്കുന്നതിലെ തൊഴിലാളികളുടെ സംഘടന രംഗത്ത് എത്തിയതോടെയാണ് ഇത് ഒഴിവാക്കിയത്. ഡ്രൈ ഡേയുടെ മുൻപുള്ള ദിവസങ്ങളിൽ മദ്യ വിൽപ്പന വർധിക്കുന്നതിനാൽ സർക്കാരിന് കാര്യമായ വരുമാന നഷ്‌ടമുണ്ടാവില്ലെന്നാണ് നിലവിലെ വിലയിരുത്തൽ.

സാധാരണ ഏപ്രിൽ മാസത്തിൽ ആയിരുന്നു മദ്യനയം പ്രഖ്യാപിക്കേണ്ടിയിരുന്നത്. എന്നാൽ എക്സൈസ് മന്ത്രിസ്ഥാനത്ത് നിന്നും എംവി ഗോവിന്ദൻ രാജിവയ്ക്കുകയും എം ബി രാജേഷ് ആ സ്ഥാനത്ത് എത്തുകയും ചെയ്‌തതോടെയാണ് മദ്യനയം പ്രഖ്യാപനം നീണ്ടത്. ഉന്നത തലത്തിലുള്ള ചർച്ചകൾക്ക് ശേഷം ഇടതുമുന്നണിയും അംഗീകാരം നൽകിയ ശേഷമാണ് മദ്യനയം മന്ത്രിസഭ യോഗത്തിന് പരിഗണനയ്ക്ക് വരുന്നത്. മന്ത്രിസഭ യോഗം അംഗീകാരം നൽകിയാൽ രണ്ട് ദിവസത്തിനുള്ളിൽ തന്നെ പുതിയ മദ്യനയം ഉത്തരവായി പുറത്തിറങ്ങും.

ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഐടി പാർക്കുകളിൽ മദ്യം വിതരണം ചെയ്യാനുള്ള തീരുമാനമാകുന്നതിനെതിരെ വ്യാപക പ്രതിഷേധങ്ങളും നിലവിലുണ്ട്. വ്യാപകമായി ഐടി പാർക്കുകളിൽ മദ്യം ലഭിച്ചാൽ ഉണ്ടാവുന്ന പ്രത്യാഘാതങ്ങൾ സർക്കാർ വിലയിരുത്തുന്നില്ല എന്നാണ് വിമർശനം.

Also Read: ആദ്യ ശ്രമത്തിൽ തന്നെ റാങ്ക്; സിവിൽ സർവീസിൽ 910-ാം റാങ്ക് നേടിയ കാജലിന് ഇത് സ്വപ്‌ന സാക്ഷാത്‌കാരം

Last Updated : May 24, 2023, 11:04 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.