ETV Bharat / bharat

രാജസ്ഥാൻ കോൺഗ്രസില്‍ കലാപത്തീ: 'ഗെലോട്ടിന്‍റെ നേതാവ് സോണിയയല്ല, വസുന്ധര': യുദ്ധം പ്രഖ്യാപിച്ച് സച്ചിൻ പൈലറ്റ്

author img

By

Published : May 9, 2023, 1:57 PM IST

നിയമസഭ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ രാജസ്ഥാൻ കോൺഗ്രസിലെ ഏറ്റവും മുതിർന്ന രണ്ട് നേതാക്കൾ പരസ്യമായ പോരിലേക്ക് നീങ്ങുന്നത് കോൺഗ്രസ് ഹൈക്കമാൻഡിനും വലിയ തലവേദയാണ് സൃഷ്‌ടിക്കുന്നത്.

Power struggle between Rajasthan CM and Pilot
രാജസ്ഥാൻ കോൺഗ്രസില്‍ കലാപത്തീ

ജയ്‌പൂർ: ഈ വർഷം അവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജസ്ഥാൻ കോൺഗ്രസില്‍ പരസ്യയുദ്ധം പ്രഖ്യാപിച്ച് സച്ചിൻ പൈലറ്റും മുഖ്യമന്ത്രി അശോക് ഗെലോട്ടും. കഴിഞ്ഞ ദിവസം അശോക് ഗെലോട്ട് നടത്തിയ വിമർശനങ്ങൾക്ക് ഇന്ന് മറുപടി പറഞ്ഞ സച്ചിൻ പൈലറ്റ് രൂക്ഷമായ ഭാഷയിലാണ് രാജസ്ഥാൻ മുഖ്യമന്ത്രിക്ക് എതിരെ വിമർശനം ഉന്നയിച്ചത്. സോണിയ ഗാന്ധിയല്ല, ബിജെപി നേതാവ് വസുന്ധര രാജെയാണ് അശോക് ഗെലോട്ടിന്‍റെ നേതാവെന്ന് പറഞ്ഞ പൈലറ്റ് വസുന്ധരയും ഗെലോട്ടും തമ്മിലുള്ള അന്തർധാര സജീവമാണെന്നും ആരോപിച്ചു.' 2020ല്‍ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ സച്ചിൻ പൈലറ്റ് ശ്രമിച്ചപ്പോൾ വസുന്ധര രാജെയാണ് സഹായിച്ചതെന്ന് അശോക് ഗെലോട്ട് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു'. ഇതിന് പിന്നാലെയാണ് സച്ചിന്‍റെ ആരോപണം.

'അമിത് ഷായില്‍ നിന്ന് വാങ്ങിയ പണം തിരിച്ചു കൊടുത്തേക്കൂ എന്ന് കഴിഞ്ഞ ദിവസം സച്ചിൻ പൈലറ്റിനെ അശോക് ഗെഹ്‌ലോട്ട് പരിഹസിച്ചിരുന്നു. സച്ചിൻ പൈലറ്റിന്‍റെ നേതൃത്വത്തില്‍ 2020ല്‍ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിന് എതിരെ നടത്തിയ അട്ടിമറി നീക്കം പരാമർശിച്ചായിരുന്നു ഗെലോട്ടിന്‍റെ പരിഹാസം. കോൺഗ്രസ് സർക്കാരിന് എതിരെ നടത്തിയ അട്ടിമറി നീക്കം തടയാൻ സഹായിച്ചത് ബിജെപി നേതാവ് വസുന്ധരെ രാജെയാണെന്നും സച്ചിൻ പൈലറ്റും 18 എംഎല്‍എമാരും ചേർന്ന് കോൺഗ്രസ് സർക്കാരിനെ വീഴ്‌ത്താൻ ശ്രമിച്ചപ്പോൾ വസുന്ധരെയും രണ്ട് ബിജെപി നേതാക്കളും ചേർന്നാണ് അതിനെ എതിർത്തതെന്നുമാണ് ഗെലോട്ട് പറഞ്ഞത്. സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി കേന്ദ്ര നേതാക്കൾ കോടികൾ നല്‍കി. ആ പണം അവർ തിരികെ ചോദിക്കാത്തത് എന്നെ അത്‌ഭുതപ്പെടുത്തുന്നു. ബിജെപിയില്‍ നിന്ന് വാങ്ങിയ പണം തിരികെ കൊടുക്കാനും ഗെലോട്ട് സച്ചിൻ പൈലറ്റിനോടും എംഎല്‍എമാരോടും വാർത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു.

പോർമുഖം തുറന്നു: സംസ്ഥാനത്തെ അഴിമതിക്കെതിരെ മെയ് 11 മുതല്‍ ജൻ സംഘർഷ് യാത്ര നടത്തുമെന്നും സച്ചിൻ പൈലറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. അജ്‌മീറില്‍ നിന്ന് ജയ്‌പൂരിലേക്കാണ് മാർച്ച് നടത്തുക. നിലവില്‍ എംഎല്‍എയും കോൺഗ്രസ് ദേശീയ നേതാവുമായ സച്ചിൻ പൈലറ്റ് അഴിമതി വിരുദ്ധ യാത്ര രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ ഏത് തരത്തില്‍ ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. യുവാക്കൾ നേരിടുന്ന പ്രശ്നങ്ങൾ യാത്രയില്‍ ഉയർത്തുമെന്നും അഴിമതിക്ക് എതിരെ ഗെലോട്ട് സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും സച്ചിൻ പൈലറ്റ് വാർത്ത സമ്മേളനത്തില്‍ പറഞ്ഞു.

രാജസ്ഥാനിൽ അശോക്‌ ഗെലോട്ട്‌ സർക്കാർ അഴിമതിയോട്‌ സന്ധിചെയ്‌തുവെന്ന ആരോപണവുമായി കഴിഞ്ഞ മാസം സച്ചിൻ പൈലറ്റ് ഉപവാസ സമരം നടത്തിയിരുന്നു. ഹൈക്കമാൻഡിന്റെ വിലക്ക്‌ ലംഘിച്ചാണ് പൈലറ്റ് ഉപവാസസമരം നടത്തിയത്. നിയമസഭ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ രാജസ്ഥാൻ കോൺഗ്രസിലെ ഏറ്റവും മുതിർന്ന രണ്ട് നേതാക്കൾ പരസ്യമായ പോരിലേക്ക് നീങ്ങുന്നത് കോൺഗ്രസ് ഹൈക്കമാൻഡിനും വലിയ തലവേദയാണ് സൃഷ്‌ടിക്കുന്നത്. കോൺഗ്രസിന്റെ പ്രതിച്ഛായ തകർത്ത സച്ചിനെതിരെ നടപടി വേണമെന്ന ആവശ്യവുമായി ഗെലോട്ട്‌ പക്ഷം രംഗത്തെത്തി. നടപടി ഉണ്ടായാൽ കോൺഗ്രസ്‌ വിടാൻ മടിക്കില്ലെന്ന നിലപാടിലാണ്‌ സച്ചിൻ പൈലറ്റ്‌ പക്ഷം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.