ETV Bharat / bharat

Independence Day| 'മേരേ പ്യാരേ ദേശ്‌വാസിയോം' അല്ല പകരം 'മേരെ പരിവാര്‍ ജനോം'; പ്രസംഗ ശൈലിയില്‍ മാറ്റം, തലപ്പാവില്‍ മാറ്റമില്ലാതെ മോദി

author img

By

Published : Aug 15, 2023, 9:35 AM IST

Updated : Aug 15, 2023, 1:56 PM IST

ഇന്ത്യയുടെ എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ ചെങ്കോട്ടയില്‍ ഉദ്‌ഘാടനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Independence Day  77th Independence Day  PM Modi New Speech Style  77th Independence Day PM Modi New Speech  നരേന്ദ്ര മോദി  പ്രധാനമന്ത്രി  പ്രധാനമന്ത്രി പ്രസംഗം  പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗ ശൈലി
Independence Day

പ്രധാനമന്ത്രി സംസാരിക്കുന്നു

ന്യൂഡല്‍ഹി: 'ഭായിയോം ഓര്‍ ബഹനോം' (സഹോദരീ സഹോദരന്മാരെ), 'മേരേ പ്യാരേ ദേശ്‌വാസിയോം' (എന്‍റെ പ്രിയപ്പെട്ട നാട്ടുകാരെ) തുടങ്ങിയ പതിവ് പ്രയോഗങ്ങള്‍ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ നിന്നും മാറ്റിപ്പിടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ചെങ്കോട്ടയില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍ സദസിലെത്തിയ പ്രധാന മന്ത്രി 'മേരെ പരിവാര്‍ ജനോം...' (എന്‍റെ കുടുംബാംഗങ്ങളെ..) എന്നായിരുന്നു അഭിസംബോധന ചെയ്‌തത്. ഉടനീളം ഇക്കാര്യം ശ്രദ്ധിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

2014-ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്ത നരേന്ദ്ര മോദിയുടെ ഇത് തുടര്‍ച്ചയായ പത്താം വര്‍ഷമാണ് സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

ഈ വര്‍ഷം അവസാനം രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ രാജസ്ഥാന്‍ ശൈലിയിലുള്ള തലപ്പാവ് ധരിച്ചായിരുന്നു മോദി ചെങ്കോട്ടയിലെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.

ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിക്കൊണ്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്‍റെ 77-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇന്ന് രാജ്‌ഘട്ടിലെത്തി പുഷ്‌പാര്‍ച്ചന നടത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രി ചെങ്കോട്ടയിലേക്ക് വന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളികളായ ധീരഹൃദയര്‍ക്ക് ആദരാഞ്ജലി നേര്‍ന്നുകൊണ്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി തന്‍റെ സ്വാതന്ത്ര്യ ദിന പ്രസംഗം ആരംഭിച്ചത്.

പ്രസംഗത്തിനിടെ മണിപ്പൂരിനെയും പ്രധാനമന്ത്രി പരാമര്‍ശിച്ചിരുന്നു. കലാപരൂക്ഷിതമായ മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മോദി വ്യക്തമാക്കി. 'മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പമാണ് രാജ്യം. ഹിംസാത്മക പ്രവര്‍ത്തനങ്ങളാണ് അവിടെയുണ്ടായത്.

സാവധാനം അവിടെ സമാധാനം പുനഃസ്ഥാപിക്കുകയാണ്. മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമങ്ങള്‍ തുടരുമെന്നും മോദി വ്യക്തമാക്കി.

Read More : 'രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പം, സമാധാനം പുനഃസ്ഥാപിക്കും'; ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്‌ത് നരേന്ദ്ര മോദി

മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും: വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്നും സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ശക്തമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുത്തതിലൂടെ ഇന്ത്യ ഇന്ന് ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറി. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വീണ്ടും രാജ്യത്തിന് മുന്നേറ്റമുണ്ടാകും. അത് തന്‍റെ ഉറപ്പാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആദ്യം രാജ്യം എന്ന മനോഭാവത്തോട് കൂടിയാണ് സര്‍ക്കാരും പൗരന്മാരും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More : അഞ്ച് വർഷത്തിനുള്ളിൽ മൂന്നാമത്തെ സാമ്പത്തിക ശക്തി; ചെങ്കോട്ടയില്‍ വമ്പൻ പ്രഖ്യാപനങ്ങളുമായി നരേന്ദ്ര മോദി

കനത്ത സുരക്ഷയില്‍ ഡല്‍ഹി : സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷയ്‌ക്കായി ചെങ്കോട്ടയിലും പരിസര പ്രദേശങ്ങളിലും പതിനായിരത്തിലധികം ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആയിരത്തിലധികം കാമറകളും സുരക്ഷ നടപടികളുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്. രാജ്‌ഘട്ട്, ഐടിഒ, ചെങ്കോട്ട എന്നിവിടങ്ങളില്‍ സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം കഴിഞ്ഞ വ്യാഴാഴ്‌ച മുതല്‍ തന്നെ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

Last Updated : Aug 15, 2023, 1:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.