ETV Bharat / bharat

'രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പം, സമാധാനം പുനഃസ്ഥാപിക്കും'; ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്‌ത് നരേന്ദ്ര മോദി

author img

By

Published : Aug 15, 2023, 8:01 AM IST

Updated : Aug 15, 2023, 10:07 AM IST

Narendra Modi  Independence Day 2023  Independence Day  സ്വാതന്ത്ര്യ ദിനം  നരേന്ദ്ര മോദി
നരേന്ദ്ര മോദി

മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രമം തുടരുകയാണെന്നും മോദി

ചെങ്കോട്ടയിലെത്തി നരേന്ദ്ര മോദി

ന്യൂഡൽഹി : 77-ാമത് സ്വാതന്ത്ര്യ ദിനാഘോഷം ഉത്ഘാടനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിക്കൊണ്ടാണ് സ്വതന്ത്ര്യ ദിനാഘോഷങ്ങൾക്ക് പ്രധാന മന്ത്രി തുടക്കം കുറിച്ചത്. രാജ്‌ഘട്ടിൽ പുഷ്‌പാർച്ചന നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലേക്കെത്തിയത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ധീരഹൃദയർക്ക് ആദരാഞ്ജലികൾ നേർന്നുകൊണ്ടാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗം ആരംഭിച്ചത്.

അതേസമയം സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ മോദി മണിപ്പൂരിനേയും പരാമർശിച്ചു. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുമെന്ന് മോദി വ്യക്‌തമാക്കി. 'രാജ്യം മണിപ്പൂരിലെ ജനങ്ങൾക്കൊപ്പമാണ്. മണിപ്പൂരിലുണ്ടായത് ഹിംസാത്മക പ്രവർത്തനങ്ങളാണ്. നിരവധി പേർക്ക് ജീവൻ നഷ്‌ടപ്പെട്ടു. സംസ്ഥാനത്ത് സാവധാനം സമാധാനം പുനഃസ്ഥാപിക്കുകയാണ്. സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രമം തുടരും.' മോദി പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും ഇപ്പോൾ ജനസംഖ്യയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യവുമാണ് ഇന്ത്യ. ഇത്രയും വലിയ രാജ്യം, എന്‍റെ കുടുംബത്തിലെ 140 കോടി അംഗങ്ങൾ ഇന്ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്, പ്രതിരോധ സെക്രട്ടറി ഗിരിധർ അരമന എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. തുടർന്ന് പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. കരസേന, വ്യോമസേന, നാവിക സേന, ഡൽഹി പൊലീസ് എന്നീ സേനകളിലെ 25 വീതം ഉദ്യോഗസ്ഥരാണ് ഗാർഡ് ഓഫ് ഓണർ സംഘത്തിൽ അണിനിരന്നത്.

2021 മാർച്ച് 12-ന് ഗുജറാത്തിലെ അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ നിന്ന് പ്രധാനമന്ത്രി ആരംഭിച്ച 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷങ്ങളുടെ സമാപനം കൂടിയാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനം. പരിപാടിയിൽ പങ്കെടുക്കാൻ രാജ്യത്തുടനീളമുള്ള 1800 ഓളം വിശിഷ്‌ടാതിഥികളെ സർക്കാർ ക്ഷണിച്ചിട്ടുണ്ട്.

തെരഞ്ഞെടുത്ത സർപഞ്ചുമാർ, നഴ്‌സുമാർ, മത്സ്യത്തൊഴിലാളികൾ, സെൻട്രൽ വിസ്‌ത പദ്ധതിയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ എന്നിവരും പ്രത്യേക ക്ഷണിതാക്കളിൽ ഉൾപ്പെടുന്നു. ഓരോ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള എഴുപത്തിയഞ്ച് ദമ്പതികളെ അവരുടെ പരമ്പരാഗത വസ്‌ത്രത്തിൽ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ക്ഷണിച്ചിട്ടുണ്ട്.

ഡൽഹിയിൽ കനത്ത സുരക്ഷ : അതേസമയം ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ചെങ്കോട്ടയിലും പരിസരത്തും പതിനായിരത്തിലധികം സുരക്ഷ ഉദ്യോഗസ്ഥരെയാണ് നിയമിച്ചിട്ടുള്ളത്. സുരക്ഷ ഉറപ്പാക്കുന്നതിനും വിവിഐപി നീക്കങ്ങൾ നിരീക്ഷിക്കുന്നതിനുമായി നൂതന സാങ്കേതിക വിദ്യകളുള്ള ആയിരത്തോളം കാമറകളും സ്ഥാപിച്ചിട്ടുണ്ട്.

സിആർപിസി സെക്ഷൻ 144 പ്രകാരം രാജ്ഘട്ട്, ഐടിഒ, ചെങ്കോട്ട എന്നീ പ്രദേശങ്ങളിൽ പൊലീസ് വ്യാഴാഴ്‌ച മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ചെങ്കോട്ടയിലും പരിസരത്തും വ്യോമ പ്രതിരോധ ആയുധങ്ങൾ സ്ഥാപിക്കുന്നതുൾപ്പെടെ എല്ലാ ഭീകരവിരുദ്ധ നടപടികളും സജ്ജമാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രിയുടെയും മറ്റ് വിവിഐപി അതിഥികളുടെയും സുരക്ഷയ്ക്കായി സ്‌നൈപ്പർമാർ, കമാൻഡോകൾ, ഷാർപ്പ് ഷൂട്ടർമാർ എന്നിവരെ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ നിയോഗിച്ചിട്ടുണ്ട്. അനിഷ്‌ട സംഭവങ്ങൾ തടയാൻ സൈന്യം അതീവ ജാഗ്രത തുടരുകയാണ്. രാജ്യത്തിന്‍റെ അതിർത്തികളിലും സൈന്യം സമഗ്രമായ പരിശോധന നടത്തുന്നുണ്ട്.

Last Updated :Aug 15, 2023, 10:07 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.